KERALANEWSTop News

`ഇത് എന്റെ രണ്ടാം ജന്മം; പാമ്പ് പിടുത്തം തുടരാന്‍ തന്നെയാണ് തീരുമാനം; വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്`; വാവ സുരേഷ് ആശുപത്രി വിട്ടു

കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു. തന്‍റെ രണ്ടാം ജന്മമാണിത്. കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നും വാവ സുരേഷ് പറഞ്ഞു. പാമ്പ് പിടുത്തം തുടരാന്‍ തന്നെയാണ് തീരുമാനം. തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. മരണം വരെ പാമ്പ് പിടുത്തത്തില്‍ നിന്ന് പിന്മാറില്ലെന്നും വാവാ സുരേഷ് പറഞ്ഞു.

വാവാ സുരേഷിന്‍റെ ആരോഗ്യനില പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മന്ത്രി വി എന്‍ വാസവനും വാവാ സുരേഷിനൊപ്പം ഉണ്ടായിരുന്നു. നിരവധി പേരാണ് വാവാ സുരേഷിനെ കാണാനായി ആശുപത്രിയില്‍ തടിച്ചുകൂടിയത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരിൽ വച്ച് വാവ സുരേഷിന് മൂർഖൻ പാമ്പിന്‍റെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ആറു ദിവസത്തിന് ശേഷമാണ് ആരോഗ്യവനായി വാവ സുരേഷ് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്ന് ദിവസത്തിലേറെയായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയെ മൂര്‍ഖനെ പിടികൂടാനായിരുന്നു ജനുവരി 31ന് വാവാ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. കടിയേറ്റിട്ടും സുരേഷ് കൈയ്യില്‍ നിന്നും പിടിവിട്ടു പോയ പാമ്പിനെ പിടിച്ച ശേഷമാണ് ആശുപത്രിയിലേക്ക് പോയത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20% മാത്രമായിരുന്നു. മന്ത്രി വി എന്‍ വാസവന്‍ ഇടപെട്ട് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോള്‍ നില അതീവ ഗുരുതരമായിരുന്നു. മരണത്തിന്റെ വക്കില്‍ നിന്നാണ് ഡോക്ടര്‍മാര്‍ വാവ സുരേഷിനെ ജീവിതത്തിന്റെ പുതിയ വഴിത്താരയിലേക്ക് കൈ പിടിച്ചു നടത്തുന്നത്. 6 ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സംഘമാണ് സുരേഷിനെ പരിചരിച്ചത്. വാവ സുരേഷിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ജനലക്ഷങ്ങള്‍ക്ക് ആശ്വാസത്തിന്റെ ദിനമാണ് ഇന്ന്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close