
കോട്ടയം: കോട്ടയം കുറിച്ചിയിൽ വെച്ച് പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി. സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്. ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അദ്ദേഹം സംസാരിച്ചിരുന്നു. ഇട്ടാരത്തിലുന്ന ചില ചുരുക്കം രോഗികൾക്കെങ്കിലും വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യതയുള്ളതിനാൽ അദ്ദേഹത്തെ 24 മുതൽ 48 മണിക്കൂർ വരെ ഐസിയുവിൽ നിരീക്ഷണത്തിൽ വെയ്ക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പാമ്പുകടിയേറ്റശേഷവും അസാമാന്യ ആത്മധൈര്യം കാട്ടിയ വാവ സുരേഷ് ആ പാമ്പിനെ പിടികൂടി കുപ്പിയിൽ അടച്ചിരുന്നു. അതിന് ശേഷം ‘എത്രയും വേഗം അടുത്ത സർക്കാർ ആശുപത്രിയിലെത്തിക്കണം. ഇവൻ കുഴപ്പക്കാരനാണ്.’ വാവ സുരേഷ് പഞ്ചായത്തംഗം ബി.ആർ.മഞ്ജീഷിനോട് പറഞ്ഞത് ഇങ്ങനെയാണ്. കുറിച്ചിക്കാരുടെ രക്ഷകനെ അവർ അതിവേഗം ആശുപത്രിയിൽ എത്തിച്ചത്. വാവയുടെ ആ തിരിച്ചറിവ് തന്നെയാണ് അദ്ദേഹത്തിന് ജീവിതം തിരിച്ചു നൽകിയത്. അൽപ്പം വൈകിയിരുന്നുവെങ്കിൽ വാവയുടെ ജീവൻ അത്യന്തം അപകടത്തിലാകുമായിരുന്നു.
ബി.ആർ.മഞ്ജീഷിനൊപ്പമാണ് സുരേഷ് പാമ്പിനെ പിടിക്കാൻ വന്നത്. അതേ വാഹനത്തിൽ ആശുപത്രിയിലേക്ക് തിരിച്ചു. പാട്ടാശ്ശേരിയിൽനിന്ന് എം.സി.റോഡിലേക്കുള്ള യാത്രയിൽ വാഹനത്തിന് വേഗം കുറവെന്ന് സുരേഷിന് സംശയം തോന്നി. വാഹനം മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തിക്കടവ് പാലത്തിലെത്തിയപ്പോഴാണിത്. പ്രദേശവാസിയായ ജലധരന്റെ മകൻ നിജു ഓടിച്ചിരുന്ന കാറിലേക്ക് മാറിക്കയറി. പിന്നീട് അതിവേഗം ആശുപത്രിയിലേക്ക്. പള്ളത്ത് എത്തിയപ്പോൾ സുരേഷ് ആരോഗ്യസ്ഥിതി സ്വയം വിലയിരുത്തി. ‘സംഗതി വഷളാണ്. ഏറ്റവും വേഗം അടുത്തുള്ള ആശുപത്രിയിലെത്തണം.’-അദ്ദേഹം നിർദ്ദേശിച്ചു. അതിനിടയിൽ തൊണ്ടയിൽ കൈകടത്തി ഛർദിക്കാനുള്ള ശ്രമം നടത്തി. നെഞ്ചത്ത് കൈയിടിച്ച് ശ്വാസഗതി നേരേയാക്കാനും നോക്കുന്നുണ്ടായിരുന്നു.
തന്റെ കണ്ണിൽ ഇരുട്ടുകയറുന്നതായും ഇനി ഒട്ടും വൈകരുതെന്നും പറഞ്ഞതോടെ വാഹനം വഴി തിരിച്ച് കോട്ടയത്തെ ഭാരത് ആശുപത്രിയിലേക്ക് വിട്ടു. അതിനിടയിൽ തന്നെ മഞ്ജീഷ് വിവരം ആശുപത്രിയിലറിയിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമൊരുക്കി മെഡിക്കൽ സംഘം കാത്തുനിന്നിരുന്നു. ആന്റിവെനം കുത്തിവയ്പ് വാഹനത്തിൽനിന്ന് ഇറക്കുമ്പോൾ തന്നെ നൽകി. വെന്റിലേറ്ററും പിടിപ്പിച്ച് തീവ്രപരിചരണം. ശേഷം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി വൈകിയും വീട്ടുകാരും മഞ്ജീഷും കൂടെയുണ്ടായിരുന്നു. ഇപ്പോൾ ആ കുടുംബവും ആശ്വാസത്തിലാണ്. വാവ തിരിച്ചെത്തുകയാണ്.
അടുത്ത 48 മണിക്കൂർ കൂടി നിർണായകമാണെന്നും അതിനു ശേഷം സുരേഷിനെ വെന്റിലേറ്ററിൽ നിന്നു മാറ്റാൻ കഴിയുമെന്നും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. മൂർഖന്റെ കടിയേറ്റ് തിങ്കളാഴ്ചയാണ് സുരേഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചമായെങ്കിലും വൈകിട്ട് പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോയി. തലച്ചോറിന്റെ പ്രവർത്തനവും കുറഞ്ഞു.
പിന്നീട് ചികിത്സാരീതിയിൽ മാറ്റം വരുത്തി. മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയർത്തി. ഇതോടെ വീണ്ടും സുരേഷ് അർധബോധാവസ്ഥയിലേക്കു തിരിച്ചുവന്നു. കൈകളും കാലുകളും ഉയർത്തുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ കണ്ണുകൾ പൂർണമായും തുറന്നു. വെന്റിലേറ്ററിൽ നിന്നു മാറ്റിയാൽ മാത്രമേ തലച്ചോറിന്റെ പ്രവർത്തനം പൂർണതോതിൽ തിരിച്ചു കിട്ടിയോ എന്ന് അറിയാൻ കഴിയൂ എന്നു ഡോക്ടർമാർ അറിയിച്ചു.
വെന്റിലേറ്ററിൽ നിന്നു മാറ്റിയാലും ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിച്ചികിത്സ വേണ്ടിവരും. മൂർഖന്റെ കടിയേറ്റാൽ ഞരമ്പുകളുടെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. സുരേഷിന്റെ സഹോദരൻ സത്യദേവൻ, ഭാര്യ ജെസി വർഗീസ്, ബന്ധു സന്തോഷ് എന്നിവർ ആശുപത്രിയിലുണ്ട്.