KERALANEWSTop News

ഉത്രവധക്കേസ്; വിധി പന്ത്രണ്ട് മണിക്ക്; വിധി കേള്‍ക്കാൻ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ

കൊല്ലം: കേരളം നടുങ്ങിയ ഉത്രവധക്കേസില്‍ വിധി പന്ത്രണ്ട് മണിക്ക്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധിപറയുക കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ്. പ്രതി സൂരജിനെ 12 മണിക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി. 25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

സൂരജ് കുറ്റക്കാരൻ ആണോ അല്ലയോ എന്ന കാര്യത്തിൽ ആവും കോടതി ആദ്യം വിധി പറയുക. കുറ്റക്കാരനെന്ന് വിധിച്ചാൽ ശിക്ഷയെ കുറിച്ച് പ്രതി ഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം വീണ്ടും കേൾക്കും. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 40 തൊണ്ടിമുതലുകളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്‍റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്‍റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.

വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്‍റെ വാദങ്ങള്‍ പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍. അതുകൊണ്ടു തന്നെ പരമാവധി ശിക്ഷയെന്ന ആവശ്യം കോടതി അംഗീകരിക്കുമെന്നും പ്രോസിക്യൂഷനും അന്വേഷണ സംഘവും പ്രതീക്ഷിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close