INDIANEWSTop News

ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണം; എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്.

ഇന്ന് മുംബൈയിലെത്തുന്ന എൻസിബിയുടെ അഞ്ചം​ഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടുക. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് ഇന്നലെ ബോംബെ ഹൈക്കോടതിയിൽ ഉന്നയിച്ച കാരണങ്ങളിലൊന്നും സാക്ഷിയുടെ വെളിപ്പെടുത്തൽ തന്നെയായിരുന്നു. സാക്ഷികളെ ഷാരൂഖിന്‍റെ മാനേജ‌ർ സ്വാധീനിച്ചെന്നാണ് വാദം.

എന്നാൽ, ഇത് നിഷേധിച്ച ആര്യൻ സാക്ഷികളെ അറിയില്ലെന്ന് കോടതിയിൽ പറഞ്ഞു. ലഹരിമരുന്ന് ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെന്നും ഉപയോഗിച്ചതിനും ശാസ്ത്രീയ തെളിവില്ലെന്നും ആര്യനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. തെളിവായി ചൂണ്ടിക്കാണിക്കുന്ന വാട്‍സ് ആപ്പ് ചാറ്റുകൾ പോലും മൂന്ന് വർഷം പഴക്കമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡയ്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്.

സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി. നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടിരുന്നു.

കിരൺ ഗോസാവിയുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ.

എൻസിബി ഓഫീസിനകത്ത് വച്ച് കിരൺ ഗോസാവിയെന്ന തന്‍റെ ബോസ് വലിയ അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യൻഖാനെ കൊണ്ട് ഇയാൾ ആരെയൊക്കെയോ ഫോണിൽ വിളിപ്പിക്കുന്നതിന്‍റെ വീഡിയോ ആണിത്. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ ഈ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു.

25 കോടി ചോദിക്കാം, 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം എന്നതായിരുന്നു സംസാരം. പിന്നെയൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തു. എന്നാൽ തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായ ഗോവാസി ലുക്കൗട്ട് നോട്ടീസ് ഇറങ്ങിയതിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. പക്ഷെ സമീർ വാങ്കഡെയുടെ ഭീഷണി തനിക്കുണ്ടെന്നും പ്രഭാക‍ർ പറഞ്ഞു. എന്നാൽ ആരോപണങ്ങളെല്ലാം തള്ളുകയാണ് എൻസിബി.

ആര്യൻ ഖാനെതിരായ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കത്ത്. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close