INDIANEWS

തൻറെ പേരിൽ രാഷ്ട്രീയം കളിക്കേണ്ട, മാതാപിതാക്കൾക്കെതിരെ വിജയ് കോടതിയിൽ

ചെന്നെ: തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് സൂപ്പർ താരം വിജയ് ഹൈക്കോടതിയെ സമീപിച്ചു. മാതാപിതാക്കളും ബന്ധുക്കളുമുൾപ്പെടെ തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ ഹർജി നൽകിയിരിക്കുന്നത്. അച്ഛൻ എസ് എ ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പർമാർ, എന്നിവരടക്കം 11 പേർക്കെതിരെയാണ് ഹർജി. കേസ് സെപ്റ്റംബർ 27ന് കോടതി പരിഗണിക്കും.

വിജയ്യുടെ പേരിൽ ‘ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റം’ എന്ന പുതിയ പാർട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭൻ പ്രഖ്യാപിച്ചിരുന്നു. വിജയ്യുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയുമായിരുന്നു പാർട്ടിയുടെ ട്രഷറർമാർ. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന വിജയ് തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് വിജയ് അനുമതി നൽകിയതായാണ് സൂചന. ഒക്ടോബർ ആറ്, ഒമ്പത് തീയതികളിലാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജയ് മക്കൾ ഇയക്കത്തിലെ അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. അതേസമയം തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ നടൻ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അംഗങ്ങൾ സ്വന്തം നിലയിൽ മത്സരിക്കണമെന്നാണ് നിർദ്ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close