
വിനയ് മൈനാഗപ്പള്ളി
മതരഹിത വിവാഹങ്ങളെ പരിപോഷിപ്പിക്കുമെന്ന ഡിവൈഎഫ്ഐ പ്രസ്താവന കേൾക്കാൻ കൊള്ളാം. ലൗ ജിഹാദ് എന്നത് ഒരു നിർമ്മിത കള്ളമെന്ന പ്രസ്താവനയും രോമാഞ്ചജനകം തന്നെ. ഡിഫി നേതാക്കളായ റഹീമും റിയാസും ഷെജിനും തങ്ങളുടെ മതമില്ലാത്ത ഹിന്ദു ഭാര്യമാരെ മതം മാറ്റാതെ തട്ടമിട്ട് തലമറയ്ക്കാതെ പൊതുവേദികളിൽ കൊണ്ടുനടക്കുന്ന ചിത്രങ്ങൾ കാട്ടുകടന്നൽകൂട്ടങ്ങൾ ആഘോഷിക്കുന്നുമുണ്ട്. മുസ്ലീം നേതാക്കൾ ഹിന്ദു യുവതികളെ മാത്രമേ വിവാഹം കഴിക്കുകയുള്ളോ എന്ന ചോദ്യത്തിന് കണ്ണേറ് കിട്ടാതിരിക്കാൻ എം ബി രാജേഷിന്റെയും ഭാര്യ മുസ്ലീമായ നിനിത കണിച്ചേരിയുടെയും ചിത്രവും അതിനൊപ്പം പ്രചരിക്കുന്നുണ്ട്. മുസ്ലീമായ നിനിത കണിച്ചേരി എന്ന് എടുത്ത് പറയേണ്ടതുണ്ടോ എന്ന ചോദ്യം ഉയരും. ഉണ്ട്. കാരണം അവർ ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് കയറിയത് മുസ്ലീം സംവരണം ഉപയോഗിച്ചാണ്!
രണ്ട് കാര്യങ്ങളാണുള്ളത്. അതിൽ ഒന്ന്, എം ബി രാജേഷ് വിവാഹം കഴിച്ച നിനിത മുസ്ലീം മതത്തിൽ തുടരുന്നു. റഹീമിന്റെയും റിയാസിന്റെയും ഭാര്യമാർ തങ്ങളുടെ മതത്തിൽ തുടരുന്നു. അവരെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ഇരുവരും തയ്യാറായില്ല എന്നത് അഭിനന്ദിക്കുകയാണ്. പക്ഷേ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് എന്ന് സിപിഎമ്മുകാർ ആവേശത്തോടെ പറയുന്ന എകെജി (എ കെ ഗോപാലൻ നമ്പ്യാർ) എന്ന നേതാവിന്റെ ചെറുമകളുടെ മതം എന്താണ് ഇപ്പോൾ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. എ കെ ഗോപാലൻ നമ്പ്യാർ എന്ന യുവാവ് കമ്മ്യൂണിസ്റ്റായത് ഒരുപക്ഷേ മതരഹിത സമൂഹം സ്വപ്നം കണ്ടാകണം. സുശീല ഗോപാലൻ എന്ന കമ്മ്യൂണിസ്റ്റുകാരിയെ വിവാഹം കഴിക്കുമ്പോഴും ഇരുവരുടെയും മകൾക്ക് ലൈല എന്ന് പേരിടുമ്പോഴും ആ പെൺകുട്ടിയെ പി കരുണാകരൻ എന്ന കമ്മ്യൂണിസ്റ്റിന് വിവാഹം കഴിച്ച് കൊടുക്കുമ്പോഴും മതരഹിതം എന്ന വാക്ക് കോൾമയിർ കൊണ്ടിരിക്കണം. പിന്നീട്, പി കരുണാകരൻ – ലൈല ദമ്പതികളുടെ മകളും മതമില്ലാതെ വളർന്നു. അവളെ മർസദ് സുഹൈൽ എന്ന ചെറുപ്പക്കാരൻ പ്രണയിച്ചു. വിവാഹം കഴിക്കണമെങ്കിൽ പെണ്ണ് ഇസ്ലാമായിരിക്കണം എന്ന് പള്ളിക്കമ്മിറ്റി പറഞ്ഞു. അങ്ങനെ, കേരളത്തിലെയും ഇന്ത്യയിലെയും സിപിഎമ്മിന്റെ ആസ്ഥാന മന്ദിരത്തിന്റെ പേരിന് കാരണഭൂതനായ നേതാവിന്റെ ചെറുമകൾ ഇസ്ലാമായി! കമ്മ്യൂണിസ്റ്റിൽ നിന്നും ഇസ്ലാമിലേക്കുള്ള ദൂരം വെറും മൂന്ന് തലമുറ മാത്രമായിരുന്നു.
എകെജിയുടെ കൊച്ചുമകൾ ദിയ മതംമാറി മുസ്ലീമായി എന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശവും അക്കാലത്ത് പ്രചരിച്ചിരുന്നു. ദിയയുടെയും മർസദ് സുഹൈലിന്റെയും വിവാഹത്തിന് കാർമ്മികത്വം വഹിച്ച ഷെരീഫ് ഫൈസിയുടെ ഓഡിയോ സന്ദേശം ഇപ്പോഴും ലഭ്യമാണ്. വയനാട് ജില്ലയിലെ പനമരത്തിനടുത്ത് നീരിട്ടാടി മഹല്ലിലെ ഖത്തീബാണ് ഷെരീഫ് ഫൈസി. എകെജിയുടെ ചെറുമകളും മർസദ് സുഹൈലുമായിട്ട് പ്രണയത്തിലായിട്ട് രണ്ടുവർഷം കഴിഞ്ഞെന്നും പെൺകുട്ടിയുടെ കുടുംബത്തിന്റെ പരിപൂർണ സമ്മതത്തോടും അറിവോടും കൂടി മതംമാറി എന്നാണ് ഷെരീഫ് ഫൈസിയുടെ ഓഡിയോ ക്ലിപ്പിൽ പറഞ്ഞിരുന്നത്. സമസ്തയുടെ അറിവോടെയാണ് പള്ളിയിൽവെച്ച് വിവാഹം നടന്നത്. അനിസ്ലാമികമായ വിവാഹമാണ് നടന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത് എന്നും വിവാഹത്തിന്റെ റിസപ്ഷനിൽ പെൺകുട്ടി ഹിജാബ് ധരിച്ചിരുന്നില്ലെന്നത് ശരിയാണെങ്കിലും, ഷഹാത്ത് ചൊല്ലി മുസ്ലീമായ പെൺകുട്ടിയാണ് ദിയ എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
ഇതിനെ ലൗ ജിഹാദ് എന്നോ സാംസ്കാരിക അധിനിവേശം എന്നോ വിളിക്കാം. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വീട് മൂന്ന് തലമുറ കൊണ്ട് ഇസ്ലാം മതത്തിലേക്ക് മാറിയെങ്കിൽ അത് എന്തൊരു കമ്മ്യൂണിസമാണ് സഖാവേ എന്ന് ചോദിക്കാൻ നാവ് പൊന്താത്തത് സാംസ്കാരിക അടിമത്തമാണ്. ഇത്തരം വിവാഹത്തിന്റെ പേരിൽ നടക്കുന്ന മതംമാറ്റങ്ങളെ സിപിഎം മതേതര വിവാഹം എന്ന് പറയുമ്പോൾ ഒരുവിഭാഗം ഇതിനെയണ് ലവ് ജിഹാദെന്ന് പറയുന്നത്. അതിന്റെ വിഷമം തിരിച്ചറിയണമെങ്കിൽ സ്വന്തം വീട്ടിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകണം. ( കോട്ടയത്തെ അശോകൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ മകൾ അഖില എങ്ങനെ ഹാദിയ ആയെന്നും നമുക്കറിയാം). എ കെ ഗോപാലൻ അടക്കം ഇത്തരം വിവാഹങ്ങൾക്ക് അനുവാദം നൽകുന്ന തറവാടുകളിൽ നിന്നും വിഷുവും ഓണവും തിരുവാതിരയുമെല്ലാം പടിയിറങ്ങി. പകരം റംസാനും വലിയ പെരുന്നാളും കുടിയേറി. ഒരു വീട്ടിൽ നിന്നും ഒരു ഗ്രാമത്തിലേക്കും അതിലും വലിയ ഭൂപ്രദേശത്തേക്കും ഇത് ബാധിക്കാനും ഈ മൂന്ന് തലമുറയുടെ അകലം മതി. നമ്മുടെ പേരും വേരും നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് എകെജിയുടെ വീട്ടിൽ നിന്നും കണ്ട് പഠിക്കണം.
ഇസ്ലാം ഒഴികെയുള്ള മതങ്ങളെ ഇല്ലാതാക്കുക എന്ന ആഹ്വാനമാണ് ജിഹാദ്. ബഹ്റൈൻ ഒഴികെയുള്ള എല്ലാ ഇസ്ലാമിക രാജ്യങ്ങളും സ്ഥാപിക്കപ്പെട്ടതും മതവ്യാപനത്തിനുള്ള യുദ്ധങ്ങളിലൂടെയാണ്. ബഹ്റൈനിലെ രാജാവിന് മുഹമ്മദ് നബി ഇക്കാര്യങ്ങൾ കാട്ടി ഒരു കത്ത് അയക്കുകയും യുദ്ധം ഒഴിവാക്കാൻ രാജാവും രാജ്യവും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയുമായിരുന്നു. (ബഹ്റൈനിൽ മാത്രമാണ് ഇപ്പോഴും ന്യൂനപക്ഷമെങ്കിലും യഹൂദർ പൗരന്മാരായുള്ളത്).
ഇനി ആധുനിക കാലത്തെ ഇസ്ലാമിക ചാവേറുകളെ കുറിച്ച് പറയാം. സ്വന്തം ജീവിതം അവസാനിച്ചാലും സത്യവിശ്വാസികളല്ലാത്തവരെ കൊല്ലുക എന്നത് സ്വർഗം കിട്ടാൻ കാരണമാകും എന്നവർ വിശ്വസിക്കുന്നു. അന്ത്യദിനത്തിൽ മതത്തിന് വേണ്ടി മരിച്ചവന് സാക്ഷ്യം പറയാൻ അവന്റെ പുണ്യപാപങ്ങളല്ല, മറിച്ച് രക്തസാക്ഷിത്വമാണത്രെ എത്തുക! മരിക്കുന്നതിന് മുമ്പ് ഒരു കാഫിറിനെ എങ്കിൽ ഒരു കാഫിറിനെ കൊന്നു എന്നത് സ്വർഗം ലഭിക്കാൻ കാരണമാകും എന്നാണ് വിശ്വാസം.
ഇതുതന്നെയല്ലേ സിപിഎം നേതാക്കളും ചെയ്യുന്നത്? ഹൈന്ദവ സംസ്കാരത്തിന്റെ ഒരു വേരെങ്കിലും വളർച്ച മുരടിപ്പിച്ച് നിർത്താൻ കഴിഞ്ഞാൽ അതും ജിഹാദിന്റെ പരിധിയിൽ വരുമല്ലോ? മുസ്ലീം ആയില്ലെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ അല്ലാതാകുന്നതും തങ്ങളുടെ മതം വളരാൻ കാരണമാകുന്നു എന്ന തിരിച്ചറിവാണ് ഇതിന്റെ അടിസ്ഥാനം. എല്ലാ പ്രണയങ്ങളും ലവ് ജിഹാദാണ് എന്ന് ഇതിനും അർത്ഥമില്ല. പക്ഷേ, സിപിഎം നേതാക്കളായവർ, അല്ലെങ്കിൽ ഇടതുപക്ഷത്തോട് അടുത്ത് നിൽക്കുന്ന പുരോഗമനവാദികളെന്ന് സ്വയം വിളിക്കുന്നവരെല്ലാം കണ്ണുവെക്കുന്നത് ഹിന്ദു – ക്രൈസ്തവ കുടുംബങ്ങളിലേക്കാണ്. ഇതും സാംസ്കാരിക അധിനിവേശത്തിന്റെ അജണ്ട തന്നെയാണ്.
തങ്ങളുടെ ഭാര്യമാർ മതചിഹ്നങ്ങളണിഞ്ഞ് നടക്കുന്നവരാകരുത് എന്ന് സിപിഎം നേതാക്കളായ മുസ്ലീം യുവാക്കൾ ആഗ്രഹിക്കുന്നു എങ്കിൽ മുസ്ലീം മതവിഭാഗത്തിൽ പെട്ട യുവതികളെ വിവാഹം കഴിച്ച് അവരെ മതരഹിത ജീവിതത്തിന്റെ ചക്രവാളങ്ങളിലേക്ക് പറത്തി വിടുകയല്ലേ ശരിക്കും ഹീറോയിസം? ഒരു മുസ്ലീം സിപിഎം നേതാവ് മുസ്ലീം യുവതിയെ വിവാഹം കഴിച്ചാൽ അവിടെ മതരഹിതവുമില്ല പുരോഗമനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഹിന്ദു യുവതിയേയോ ക്രിസ്ത്യൻ യുവതിയേയോ വിവാഹം കഴിച്ചാൽ മാത്രമാണ് മതരഹിത ജീവിതവും പുരോഗമനവും വർക്കൗട്ടാകുന്നുള്ളു. അപ്പോൾ മാത്രമാണ് മതരഹിത വിപ്ലവം പൂത്തുലയുന്നത്.