Breaking NewsINSIGHTNEWSTop News

ആയിരം ബിജെപി നേതാക്കൾക്ക് സമം അര പോപ്പുലർ ഫ്രണ്ടും ഒരു പി സി ജോർജ്ജും; മണ്ണും മനസും പരുവപ്പെട്ടിട്ടും മുന്നോട്ട് ഒരടി നീങ്ങാനാകാതെ കേരളത്തിലെ ബിജെപി നേതാക്കൾ

വിനയ് മൈനാ​ഗപ്പള്ളി

കേരളത്തിലെ ആയിരം ബിജെപി നേതാക്കൾക്ക് കഴിയാത്തതാണ് അര ടിക്കറ്റ് മാത്രം മതിയാകുന്ന ആ പോപ്പുലർ ഫ്രണ്ട് ബാലൻ ചെയ്തത്. കേരളത്തിലെ ക്രൈസ്തവരും ഹിന്ദുക്കളും മര്യാദക്ക് ജീവിച്ചാൽ ഈ നാട്ടിൽ ജീവിക്കാം എന്നും, അല്ലെങ്കിൽ മരണാനന്തര കർമ്മങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങി വെച്ചോളൂ എന്നുമായിരുന്നു ആ പത്തുവയസുകാരന്റെ മുദ്രാവാക്യം. വരുന്നുണ്ടെടാ നിങ്ങടെ കാലന്മാർ എന്ന് ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും മനസിലാകുന്ന ഭാഷയിൽ അവൻ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. കാലൻ എന്നത് ഹിന്ദുക്കളെ സംബന്ധിച്ച് മരണദേവനാണല്ലോ. കേരളത്തിലെ ക്രൈസ്തവർക്കും അത് നന്നായി അറിയാം.

പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിക്ക് പിന്നാലെ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലും ക്രൈസ്തവർക്കിടയിലും ഭയം നല്ലരീതിയിൽ ഉടലെടുത്തിട്ടുണ്ട്. അഭിമന്യൂ എന്ന എസ്എഫ്ഐക്കാരന്റെ ഇടനെഞ്ച് പിളർത്തിയ കത്തിയെ പേടിയുള്ള സഖാക്കൾ പോലും ആർ എസ് എസിനെയും കുറ്റം പറഞ്ഞ് ബാലൻസ് ചെയ്തെങ്കിലും പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കാൻ തയ്യാറായി മുന്നോട്ട് വന്നു. ഇതുവരെ കേരളത്തിലെ ലൗ ജിഹാദ് എന്ന ഭീഷണിയെ മാത്രം ഭയന്നിരുന്ന ഹിന്ദു – ക്രൈസ്തവ സമുദായത്തിന്റെ തലച്ചോറിലേക്ക് തങ്ങൾ യഥാർത്ഥ ജിഹാദിന് ഇരയാകാൻ പോകുന്നു എന്ന ഭീതി കടന്നുകൂടിയിരിക്കുന്നു. പക്ഷേ തങ്ങളെ സംരക്ഷിക്കാൻ ആരാണിവിടെയുള്ളത് എന്ന നിസഹായ ചോ​ദ്യം ആ മനസുകളിൽ നിറയുന്നുണ്ട്.

കേരളത്തിലെ ഭരണം നിശ്ചയിക്കുന്ന മുസ്ലീം സമുദായത്തെ പിണക്കുന്ന ഒരു വാക്കുപോലും പറയാൻ ഇടത് – വലത് മുന്നണികൾ തയ്യാറാകില്ല. പിന്നെ പറയേണ്ടത് കേരളത്തിലെ ബിജെപി നേതാക്കളാണ്. ജനപക്ഷം നേതാവായ പി സി ജോർജ്ജിനുള്ള ആർജ്ജവം പോലും കേരളത്തിലെ ബിജെപി നേതാക്കൾ കാണിക്കുന്നില്ല എന്നതാണ് കൊലവെറി പ്രസം​ഗത്തെക്കാൾ ഭീതിപ്പെടുത്തുന്നത്. കേരളത്തിലെ മതഭീകരതയെ ചെറുക്കാൻ ഹിന്ദു – ക്രൈസ്തവ മുന്നണി രൂപപ്പെടാനുള്ള സമയമായെന്ന് ഈ മതങ്ങളിലെ സാധാരണ ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. എന്നാൽ, അതിന് നേതൃപരമായ പങ്ക് വഹിക്കേണ്ട ബിജെപി ഇപ്പോഴും മൗനവ്രതത്തിലും ചക്കളത്തി പോരാട്ടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ് ഏറെ രസകരം. ബിജെപി സംസ്ഥാന നേതൃത്വം പോലും വേണ്ട രീതിയിൽ ഈ വിഷയത്തെ കൈകാര്യം ചെയ്തില്ല. ജനങ്ങൾ വിശ്വാസത്തിലെടുക്കുന്ന നേതാക്കളാകട്ടെ ഔദ്യോ​ഗിക നേതൃത്വത്തിന് നേട്ടമുണ്ടാകും എന്ന് കരുതി കുറ്റകരമായ മൗനം ഭജിച്ചു.

പി സി ജോർജ്ജിനെ പോലൊരു നേതാവ് കേരളത്തിൽ ബിജെപിക്ക് ഇല്ലാത്തതാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പതിറ്റാണ്ടുകളോളം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും സ്വന്തം ജീവനിൽ പോലും ഭയമില്ലാതെ നിലപാടെടുക്കയും ചെയ്യുന്ന പി സി ജോർജ്ജിനെയാണ് ബിജെപി നേതൃത്വം ഒപ്പം നിർത്തേണ്ടത്. മിസോറാമിലോ ഛത്തീസ്​ഗഡിലോ ​ഗവർണറാക്കാനല്ല പി സി ജോർജ്ജിനെ ഉപയോ​ഗിക്കേണ്ടത്. കേരളത്തിലെ സമാധാനപ്രിയരായ ജനങ്ങളുടെ നേതാവും പ്രതിനിധിയും ഭരണകർത്താവുമാകാനുള്ള ഉത്തരവാദിത്തമാണ് ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തിന് നൽകേണ്ടത്. കരിയർ തേടിയെത്തിയ അബ്ദുള്ളക്കുട്ടിയെക്കാളും അവസരം ഉപയോ​ഗിച്ച അൽഫോൺസ് കണ്ണന്താനത്തെക്കാളും എന്തുകൊണ്ടും കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനത്തിന് മുതൽക്കൂട്ടാകുക പി സി ജോർജ്ജ് തന്നെയാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close