Breaking NewsKERALANEWSTop News

സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനായി ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് പിണറായി വിജയൻ; ​ഗവർണർ ഒരു സമരത്തിന്റെ ഭാ​ഗമാകുന്നത് ചരിത്രത്തിൽ ആദ്യം; നിലപാടുകളുടെ നേതാവെന്ന് രാജ്യം വാഴ്ത്തിയ രാഷ്ട്രീയക്കാരൻ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ​ഗവർണർ ഒരു സമരത്തിന്റെ ഭാ​ഗമായി ഉപവാസിക്കുന്നത്. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് ഭരണ നിർവഹണത്തിന്റെ തലവൻ തന്നെ സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനു വേണ്ടിയും ഉപവസിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസത്തിൽ പങ്കാളിയായതോടെ പ്രതിരോധത്തിലായത് സംസ്ഥാന സർക്കാരാണ്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമെന്ന് ​ഗവർണർ പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഇന്നത്തെ ഉപവാസമെന്ന നിലയിലാകും വരും ദിവസങ്ങളിൽ ഇതിനെ പ്രതിപക്ഷം ഉപയോ​ഗിക്കുക.

ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഉപവാസം. തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ-പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്താണ് ഗവർണർ ഉപവാസം അവസാനിപ്പിക്കുക. കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയൻ സംഘടനകൾ ജില്ലകൾതോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കും. കേരള ചരിത്രത്തിൽ ആദ്യമായാണു ഗവർണർ ഉപവാസം അനുഷ്ഠിക്കുന്നത്. നിലപാടുകളുടെ നേതാവ് എന്ന് ഇന്ത്യ വാഴ്ത്തിയ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുന്നതോടെ രണ്ടാം പിണറായി സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകുകയാണ്.

നിലപാടുകളുടെ നേതാവ്

സ്വന്തം നിലപാടുകൾ യാതൊരു ഭയവുമില്ലാതെ ഉറക്കെ പറയാൻ എന്നും കഴിഞ്ഞിരുന്ന വ്യക്തിയാണ് ​ഗവർണര്‌ ആരിഫ് മുഹമ്മദ് ഖാൻ. ചരൺ സിങ് രൂപീകരിച്ച ഭാരതീയ ക്രാന്തിദളിലൂടെയാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയം തുടങ്ങിയത്. മുത്തലാഖ് നിയമം പാസാക്കിയപ്പോൾ രാജീവ് ഗാന്ധിയുമായി ഉടക്കി കോൺഗ്രസ് വിട്ടു. വി പി സിംഗിന്റെ നേതൃത്വത്തിൽ ജനതാദൾ സർക്കാർ രൂപം കൊണ്ടപ്പോൾ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാൻ, ജനതപാർട്ടി വഴി ബിജെപിയിൽ എത്തി. പിന്നീട് ബിജെപി വിട്ട അദ്ദേഹം 2007ൽ തിരിച്ച് ബിജെപിക്കാരനാകുകയായിരുന്നു.

1986ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ ഊർജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകൾക്കുള്ള അവകാശങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ചു രാജിവച്ചതു വലിയ വാർത്തയായിരുന്നു. അന്ന് അദ്ദേഹം നിലപാടുകളുടെ നേതാവ് എന്നാണ് അറിയപ്പെട്ടത്. ഉത്തർപ്രദേശിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്‌നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തിയാക്കിയത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിങ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ അംഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.

1977-ൽ 26-ാം വയസ്സിൽ അദ്ദേഹം യുപി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിച്ചു. 1980-ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1980-ലും 84-ലും കാൻപൂരിൽ നിന്നും ബറൈച്ചിൽ നിന്നും അദ്ദേഹം ലോക്‌സഭയിലെത്തി. 1986ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ ഊർജമന്ത്രിയായിരിക്കേ, മുസ്ലിം സ്ത്രീകൾക്കുള്ള അവകാശങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ചു രാജിവച്ചതു വലിയ സംഭവമായിരുന്നു. സെഡ്.ആർ.അൻസാരിയടക്കം പല പ്രമുഖരും പ്രകീർത്തിച്ചപ്പോൾ ബില്ലുമായി മുന്നോട്ടുപോകുന്നതു കോൺഗ്രസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്നു പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയോടു ചൂണ്ടിക്കാട്ടാനും വഴങ്ങില്ലെന്നു കണ്ടപ്പോൾ മന്ത്രിപദം രാജിവയ്ക്കാനും ആരിഫ് മടിച്ചില്ല.

ആദർശപരമായ കാരണങ്ങളാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയും തിളക്കമാർന്ന മറ്റൊരു രാജിയില്ലെന്ന് അന്നു മാധ്യമങ്ങൾ ഒന്നടങ്കം ആരിഫിനെ പ്രകീർത്തിച്ചു. രാജീവ് ഗാന്ധിയുമായി ഉടക്കി രാജിവെച്ച ശേഷം ജനതാദളിൽ ചേർന്ന അദ്ദേഹം 1989-ൽ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്‌സഭയിലെത്തി. 89-ൽ ജനതാദൾ സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്രമന്ത്രിയായി. വി പി സിങ് സർക്കാറിലെ ശക്തനായ മന്ത്രിയായിരുന്നു അദ്ദേഹം.

1998-ൽ അദ്ദേഹം ജനതാദളും വിട്ടു. ബിഎസ്‌പിയിലെത്തി. ബറൈച്ചിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും ലോക്‌സഭയിലെത്തി. 2004-ൽ അദ്ദേഹം ബിഎസ്‌പി വിട്ട് ബിജെപിയിൽ ചേർന്നു. മത്സരിച്ചെങ്കിലും തോറ്റു. തുടർന്ന് അദ്ദേഹം 2007ൽ ബിജെപിയും വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും, പിന്നീട് മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബിജെപി നേതൃത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. നരേന്ദ്ര മോദി കാലഘട്ടത്തിന്റെ നേതാവാണെന്ന് പുകഴ്‌ത്തി സംസാരിച്ച ആരിഫ് മുഹമ്മദ് ഖാനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കേരളാ ഗവർണറാക്കാൻ മോദി സർക്കാർ തീരുമാനിച്ചത്. ആരിഫ് വ്യോമയാനം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ടെക്സ്റ്റ് ആൻഡ് കോണ്ടക്സ്റ്റ്, ഖുറാൻ ആൻഡ് കണ്ടംപററി ചലഞ്ചസ് തുടങ്ങിയവ ആരിഫിന്റെ രചനകളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close