
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ഏറ്റവും വിശ്വസ്തനായ വിരാട് വിരമിച്ചു. വിശ്വസ്തൻ മറ്റാരുമല്ല 19 വർഷമായി സേവനമനുഷ്ഠിക്കുന്ന കറുത്ത കുതിരയാണ്. 73-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു വിരാടിന്റെ വിടവാങ്ങല്‍.
പരേഡ് അവസാനിച്ചതിന് പിന്നാലെ പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ തലയില്‍ തലോടിയാണ് വിരാടിനെ യാത്രയാക്കിയത്. 2003 മുതൽ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 73–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തിരികെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ച ശേഷമായിരുന്നു വിരാടിന്റെ വിരമിക്കൽ.
ഹനോവേറിയന്‍ ഇനത്തിലുള്ള വിരാടിനെ 2003ലാണ് രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത്തവണത്തേത് ഉള്‍പ്പെടെ പതിമൂന്ന് റിപ്പബ്ലിക് ദിന പരേഡുകളുടെ ഭാഗമായ വിശ്വസ്തനായ കുതിരയായിരുന്നു വിരാട്. പ്രായമായതിനാലാണ് വിരാടിന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അസാധാരണമായ സേവനത്തിനും കഴിവുകള്‍ക്കും രാജ്യത്തിന്റെ ആദരം ലഭിക്കുന്ന ആദ്യത്തെ കുതിരയാണ് വിരാട്. കരസേനാ ദിനത്തിന്റെ ഭാഗമായി ജനുവരി 15ന് വിരാടിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ ബഹുമതി നല്കി രാജ്യം ആദരിച്ചിരുന്നു.