Breaking NewsKERALANEWSTop News

കേരളത്തിൽ നിപയുടെ സമയത്ത് പെ​ഗാസസ് ചോർത്തിയത് പ്രമുഖ വൈറോളജിസ്റ്റിന്റെ ഫോൺ; മിഷൻ ആർക്കുവേണ്ടിയെന്ന് ഇനിയും അവ്യക്തം

ന്യൂഡൽഹി: കേരളത്തിൽ നിപ വൈറസ് ബാധയുണ്ടായ സമയത്ത് പ്രമുഖ വൈറോളജിസ്റ്റായ ഗഗൻദീപ് കാംഗിന്റെയും ആരോഗ്യ സന്നദ്ധസംഘടനാ പ്രവർത്തകരുടെയും ഫോണുകളും പെ​ഗാസസ് ചോർത്തി. പെഗാസസ് ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഇന്ത്യയിൽ ഫോൺ ചോർത്തപ്പെട്ടവരെക്കുറിച്ചുള്ള നാലാംഘട്ട വെളിപ്പെടുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവിൽത്തന്നെ നിപ വൈറസിനെക്കുറിച്ച് നിരീക്ഷണം നടത്തിയിരുന്ന മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഒരു വിദഗ്ധന്റെ ഫോണും ചോർത്തിയിട്ടുണ്ടെന്ന് പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

2018 മേയിൽ കോഴിക്കോട് ജില്ലയിൽ നിപ പൊട്ടിപ്പുറപ്പെട്ട സമയത്തായിരുന്നു ഗഗൻദീപ് കാംഗിന്റെയും ആരോഗ്യ സന്നദ്ധസംഘടനാ പ്രവർത്തകരുടെയും ഫോൺ വിവരങ്ങൾ ചോർത്തിയത്. യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (സി.ഡി.എസ്.) ഇന്ത്യക്കാരും വിദേശികളുമായ പ്രവർത്തകരുടെ ഫോൺ നമ്പറുകളും ഇക്കാലയളവിലെ ചോർത്തൽ പട്ടികയിലുണ്ട്. ഭാവിയിൽ രോഗബാധയുണ്ടാകാതിരിക്കാനായി രോഗം ഭേദമായ ചിലരുടെ രക്തസാംപിളുകൾ ന്യൂഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എൻജിനിയറിങ് ആൻഡ് ബയോടെക്‌നോളജി, ഫരീദാബാദിലെ ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി പങ്കുവെക്കാൻ ഗഗൻ കാംഗ് അന്ന് ഐ.സി.എം.ആറിനോട് അഭ്യർഥിച്ചിരുന്നു.

നോർവേ ആസ്ഥാനമായ സി.ഇ.പി.ഐ. എന്ന ഫൗണ്ടേഷന്റെ സഹായത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണിവ. എന്നാൽ, തന്റെ അന്നത്തെ അഭ്യർഥന ഐ.സി.എം.ആർ. അംഗീകരിച്ചില്ലെന്ന് സി.ഇ.പി.ഐ.യുടെ ബോർഡ് അംഗം കൂടിയായ ഗഗൻദീപ് പറഞ്ഞു. നിപ വൈറസുകൾക്ക് ആന്റിബോഡി തീർക്കാനുള്ള പ്രവർത്തനം നടത്താൻ ശേഷിയുള്ള ഇന്ത്യയിലെ രണ്ടു സ്ഥാപനങ്ങൾ ഇവ മാത്രമായതുകൊണ്ടാണ് താൻ ഈ അഭ്യർഥന മുന്നോട്ടുവെച്ചതെന്നും അവർ പറഞ്ഞു. എന്നാൽ, ഗഗൻദീപിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി ചോർത്തൽ സ്ഥിരീകരിച്ചിട്ടില്ല.

പൗരത്വ നിയമത്തിനെതിരേ അസമിൽ പ്രക്ഷോഭം നയിച്ച നേതാക്കളുടെ ഫോണുകൾ, മഹാരാഷ്ട്രയിൽ ജനിതകമാറ്റം വരുത്തിയ പരുത്തി വിത്തുകളുടെ വിൽപ്പന വിവാദത്തിൽ ഉൾപ്പെട്ട മൊൺസാന്റോയെന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഉദ്യോഗസ്ഥരുടെ ഫോണുകൾ എന്നിവയും പുതിയ പട്ടികയിൽപ്പെടുന്നു.

അതേസമയം, ആർക്കുവേണ്ടിയാണ് ഇന്ത്യയിൽ ഫോൺ ചോർത്തൽ നടത്തിയത് എന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ബിജെപിക്കുള്ളിലും അതൃപ്തി പുകയുകയാണ്. കേന്ദ്ര മന്ത്രിമാരുടെ ഫോൺ വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാടാണ് ബിജെപിയിലെ ഒരു വിഭാ​ഗത്തിനെ അസംതൃപ്തരാക്കുന്നത്. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് രം​ഗത്ത് വന്നത്. ഫോൺ ചോർത്തൽ സംബന്ധിച്ച് വലിയ ഒരു വാർത്ത പുറത്തുവരാൻ പോകുന്നുവെന്ന് സുബ്രഹ്‌മണ്യൻ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഞായറാഴ്ചയോടെയാണ് കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയെന്ന വിവരം പുറത്തു വന്നത്.

ഫോൺ ചോർത്തൽ വിവാദത്തിൽ ഒന്നും മറയ്ക്കാനില്ലെങ്കിൽ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങളുടെ യാഥാർഥ്യമെന്തെന്ന് ചോദിച്ചറിയണം-സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ആരാണ് പെഗാസസിന് പിന്നിലെന്നും ഇതിനായി പണം മുടക്കിയതാരാണെന്നും സുബ്രഹ്‌മണ്യൻ സ്വാമി ചോദിക്കുന്നു.

കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകളാണ് ചോർത്തിയത്. വിഷയം പാർലമെന്റിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന് വിഷയത്തിൽ യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

അതേസമയം, പെഗാസസ് പട്ടികയിലെ ലോക നേതാക്കളിൽ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോൺ നമ്പർ ഉണ്ടെന്നാണ് റിപ്പോർട്ട്. 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും എൻഎസ്ഒയും വിവരങ്ങൾ ചോർത്താനെന്ന് കരുതുന്ന പട്ടികയിൽ കണ്ടെത്തിയതായാണ് അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ നമ്പറും പെഗാസസ് പട്ടികയിലുണ്ട്.സൗത്ത് ആഫിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ഫോൺ നമ്പറും പട്ടികയിലുണ്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സൈനിക മേധാവികൾ മുതിർന്ന രാഷ്ട്രീയക്കാർ എന്നിവർ പെഗാസസ് നിരീക്ഷണ പട്ടികയിൽ എന്നാണ് വെളിപ്പെടുത്തൽ.

ഇമ്മാനുവൽ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ എന്ന് മാധ്യമ വെളിപ്പെടുത്തൽ പറയുന്നു. പെഗാസസ് പട്ടികയിലെ ലോക നേതാക്കളിൽ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോൺ നമ്പർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് സ്വതന്ത്ര്യ വാർത്ത സൈറ്റ് ഫോർബിഡൻ സ്റ്റോറീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ലോകത്തിലെ 20ഓളം മാധ്യമസ്ഥാപനങ്ങളും ഏജൻസികളും പെഗാസസ് വാർത്ത പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close