
കൊല്ലം: ദിവസങ്ങൾക്ക് മുൻപ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര വല്ലം സ്വദേശി വിഷ്ണുലാലാണ് മരിച്ചത്. കൊട്ടാരക്കര വല്ലത്ത് റബർ തോട്ടത്തിനോട് ചേർന്നുളള പാറമടയിലെ കുളത്തിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടത്. ദിവസങ്ങൾക്കു മുൻപാണ് വിഷ്ണുലാൽ വീടു വിട്ടിറങ്ങിയത്. വിഷ്ണുലാലിനെതിരെ ഇവരുടെ ബന്ധുവായ സ്ത്രീ ഒരാഴ്ച മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിലെ മരുന്നും മറ്റും കാണുന്നില്ലെന്നായിരുന്നു പരാതി. ഇതിന്റെ പേരിൽ വിഷ്ണുവിന്റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിരുന്നു.
ബന്ധുക്കൾ തമ്മിലുളള വിരോധത്തിന്റെ പേരിലുളള പരാതിയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. തെറ്റായ പരാതിയുടെ പേരിൽ അച്ഛനെ പൊലീസ് ചോദ്യംചെയ്തത് വിഷ്ണുലാലിന് മനോവിഷമമുണ്ടാക്കി. മൊബൈൽ ഫോണും പണവുമൊക്കെ വീട്ടിൽ വച്ചിട്ടാണ് വിഷ്ണു വീട് വിട്ടിറങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന് മനസിലാക്കി പൊലീസിൽ അറിയിക്കുകയായിരുന്നു. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസം.