വിഷുവും മാമ്പഴപ്പുളിശ്ശേരിയും തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രവും

കോട്ടയം: പല ഭാഗങ്ങളിലും പ്രാദേശികമായും കാലികമായുമുള്ള മാറ്റങ്ങൾ വിഷു ആഘോഷത്തിന് വന്നിട്ടുണ്ടെങ്കിലും തിന്മയുടെ മേൽ നന്മ വിജയം വരിക്കുന്ന സന്ദേശമാണ് വിഷു നൽകുന്നത്. വിഷുവിന് കണിദർശനവും വിഷുക്കൈനീട്ടവുമാണ് ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങൾ. അതിരാവിലെ എണീറ്റ് കണികാണുകയും കൈനീട്ടം വാങ്ങുകയും ചെയ്യുന്നത് വർഷം മുഴുവൻ ഐശ്വര്യം വർഷിക്കുമെന്നാണ് വിശ്വാസം. കൈനീട്ടവും കണിയും പോലെത്തന്നെ വിഷുവിന് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് സദ്യയും.
മീനം, മേടം മാസങ്ങളിൽ കേരളത്തിൽ സുലഭമാകുന്ന ചക്കയും മാങ്ങയും മുരിങ്ങക്കയും തൊടിയിൽനിന്ന് ലഭിക്കുന്ന വിഭവങ്ങളുമുപയോഗിച്ചുള്ള കറികളാണ് വിഷുസദ്യയെ കേമമാക്കുന്നത്. മാമ്പഴ പുളിശേരിയും ചക്കപ്രഥമനും ചക്ക കൊണ്ടും മാങ്ങകൊണ്ടുമുള്ള വിഭവങ്ങളും പ്രധാനമാണ്.
വിഷുസദ്യയിലെ പ്രധാന വിഭവമായ മാമ്പഴപ്പുളിശ്ശേരി വഴിപാടായി തയ്യാറാക്കുന്ന ക്ഷേത്രമുണ്ട് കോട്ടയം ജില്ലയിൽ. തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രമാണ് അത്. വിഷുവിന് തലേന്ന് ഭക്തർ തന്നാലാകുംവിധം നാടൻ മാമ്പഴം ക്ഷേത്രത്തിൽ നടയ്ക്ക് വെയ്ക്കും. പിറ്റേന്ന് ചീട്ടാക്കി ഭക്തർക്ക് ഭഗവാന് മുന്നിൽ നേദിച്ച പുളിശേരി വഴിപാടായി നൽകും. ‘കഴിഞ്ഞ തവണ കോവിഡ്മൂലം ചടങ്ങ് പോലെയേ നടത്തിയുള്ളൂ. എന്നാൽ, വർഷങ്ങളായി മുടങ്ങാതെ നടത്തുന്ന ആചാരമാണിത് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ പറയുന്നു. ചങ്ങനാശ്ശേരിയിൽനിന്ന് 2.5 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രം പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ്. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വർഗീയ വാസസ്ഥലങ്ങളിലും ഒന്നുമാണിത്. പാണ്ഡവരിൽ ഇളയവനായ സഹദേവനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി ആരാധിച്ചെന്നാണ് വിശ്വാസം.
ശ്രീകൃഷ്ണന്റെ സ്വർഗാരോഹണ ശേഷം പാണ്ഡവർ ദ്രൗപദീസമേതരായി തീർത്ഥാടനത്തിന് പുറപ്പെട്ടു. തങ്ങളുടെ തേവാരമൂർത്തികളെ ഉചിത ക്ഷേത്രം പണിത് പ്രതിഷ്ഠിക്കുകയായിരുന്നു തീരുമാനം. അതനുസരിച്ച് മൂത്തവനായ യുധിഷ്ഠിരൻ ചെങ്ങന്നൂരിലെ തൃച്ചിറ്റാറ്റും രണ്ടാമനായ ഭീമസേനൻ തൃപ്പുലിയൂരും അർജുനൻ തിരുവാറന്മുളയിലും നാലാമനായ നകുലൻ തിരുവൻവണ്ടൂരിലും പ്രതിഷ്ഠ നടത്തി. എന്നാൽ, സഹദേവന് സ്വന്തമായി വിഗ്രഹമുണ്ടായിരുന്നില്ല. ഇതിൽ മനംനൊന്ത അദ്ദേഹം തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് അഗ്നിദേവൻ പ്രത്യക്ഷപ്പെട്ട് വിഷ്ണുവിഗ്രഹം സമ്മാനിച്ചു. തുടർന്ന് ജ്യേഷ്ഠന്മാരുടെ പ്രതിഷ്ഠകളിൽനിന്ന് അല്പം മാറി തൃക്കൊടിത്താനത്ത് അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നാണ് ഇതിന് പിന്നിലെ ഐതിഹ്യം.