Breaking NewsCULTURALTop NewsTrending

VISHU SPECIAL |ഇന്ന് വിഷു; കാർഷിക സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ നാളുകളുടെ പ്രതീക്ഷയോടെ മലയാളികൾ പുതുവർഷം ആഘോഷിക്കുന്നു; എല്ലാ വായനക്കാർക്കും വിഷുദിനാശംസകൾ

ഇന്ന് മേടവിഷു. വിഷു എന്നുപറയുന്നത് തന്നെ മലയാളികള്‍ക്ക് പുതുവര്‍ഷപ്പിറവിയാണ്. അതുകൊണ്ടുതന്നെയാണ് പുതുവര്‍ഷത്തിന്റെ ഐശ്വര്യത്തിനായി പുലര്‍ച്ചെ കണി കാണുന്നതും കൈനീട്ടം നല്‍കുന്നതും. കൊല്ലവർഷത്തിലെ മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാര്‍ഷിക കലണ്ടർ പ്രകാരം മേടം ഒന്നാണ് വര്‍ഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാൽ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്.

ഓണം കഴിഞ്ഞാല്‍ മലയാളിക്ക് ഏറ്റവും വലിതും പ്രധാനവുമായ ആഘോഷം. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. എന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ്. പുതുവര്‍ഷപ്പിറവി എന്ന പോലെ തന്നെ നിരവധി ഐതിഹങ്ങളുണ്ട് വിഷുവിന്.

നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.

വിഷുവിന് ആചാരങ്ങള്‍ ഏറെയുണ്ടങ്കിലും വിഷുക്കണിയാണ് വിഷു ആചാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നുമാണ വിശ്വാസവും. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കാറുള്ളത്.കണ്ണുകളടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണല്‍. വിഷുക്കണി എന്ന് പറയുന്നത് പ്രകൃതിയുടെ ഒരു കൊച്ചുരൂപം തന്നെയാണ്.

വിഷുക്കണിയുടെ പ്രാധാന്യം എന്നുപറയുന്നത് ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത് എന്നതാണ്. പ്രകൃതിയുടെ പ്രതീകമായ ഓട്ടുരുളിയില്‍ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ശേഷം ആദ്യം സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക.പിന്നീട് ചക്ക, നാളികേരം, മാങ്ങ, കദളിപ്പഴം,നാരങ്ങ, നെല്ലിക്ക എന്നിവ വയ്ക്കുക. ഗണപതിയുടെ ഇഷ്ടഭക്ഷണമാണ് ചക്കയും നാളികേരവും. അതുപോലെ മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ലക്ഷ്മി ദേവിയുടെ സങ്കല്‍പ്പത്തിനാണ് നാരങ്ങയും നെല്ലിക്കയും വയ്ക്കുന്നത്

ഭഗവതിയെ സങ്കല്‍പ്പിച്ച് ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടി വയ്ക്കുക. അതില്‍ സ്വര്‍ണ്ണമാല വയ്ക്കുക. കാണികാണുമ്പോള്‍ സ്വന്തം മുഖം കൂടി കാണുന്നതിന് വേണ്ടിയാണിത്. ശേഷം കണിക്കൊന്നപ്പൂക്കള്‍ വയ്ക്കുക. സങ്കല്‍പ്പമനുസരിച്ച് കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും, കൊന്നപ്പൂക്കള്‍ കിരീടവും വാല്‍ക്കണ്ണാടി മനസ്സുമാണെന്നുമാണ്.ഇതിന്റെ അടുത്ത് ഓട്ടുതാലത്തില്‍ അലക്കിയ കസവ് വയ്ക്കണം. കൂടാതെ ഗ്രന്ഥം, കുങ്കുമച്ചെപ്പ്, വെറ്റിലയില്‍ നാണയത്തുട്ടും പാക്കും, കണ്മഷി എന്നിവയും വയ്ക്കുക. ഒപ്പം നവദാന്യങ്ങളും വയ്ക്കണം, പച്ചക്കറികളുമാകാം.

പീഠത്തില്‍ നിലവിളക്ക് വച്ച് അഞ്ചുതിരിയിട്ട് എണ്ണയൊഴിച്ചു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയില്‍ ശുദ്ധജലം, പൂക്കള്‍ ,കൊടിവിളക്ക് എന്നിവയും തയ്യാറാക്കി വയ്ക്കണം. വിഷുദിനത്തില്‍ നിലവിളക്കിന്റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണ്ണനെയും കണിയും കണ്ടുണരുമ്പോള്‍ ഐശ്വര്യപൂര്‍ണ്ണമായ പുതുവര്‍ഷമാണ് നമുക്ക് ലഭിക്കുന്നത്.

വിഷു കണിയെ ആശ്രയിച്ചാണ് ഒരുവര്‍ഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും സാമൂഹിക അകലം പാലിച്ചും സ്വയം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചും വിഷു ആഘോഷിക്കുക. എല്ലാവര്‍ക്കും വിഷു ദിനാശംസകള്‍.

https://mediamangalam.com/archives/49702
https://mediamangalam.com/archives/49597
https://mediamangalam.com/archives/49561
https://mediamangalam.com/archives/49568
https://mediamangalam.com/archives/49565
https://mediamangalam.com/archives/49563

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close