VISHU SPECIAL |ഇന്ന് വിഷു; കാർഷിക സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ നാളുകളുടെ പ്രതീക്ഷയോടെ മലയാളികൾ പുതുവർഷം ആഘോഷിക്കുന്നു; എല്ലാ വായനക്കാർക്കും വിഷുദിനാശംസകൾ

ഇന്ന് മേടവിഷു. വിഷു എന്നുപറയുന്നത് തന്നെ മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. അതുകൊണ്ടുതന്നെയാണ് പുതുവർഷത്തിന്റെ ഐശ്വര്യത്തിനായി പുലർച്ചെ കണി കാണുന്നതും കൈനീട്ടം നൽകുന്നതും. ഓണം കഴിഞ്ഞാൽ മലയാളിക്ക് ഏറ്റവും വലിതും പ്രധാനവുമായ ആഘോഷം. കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ്. പുതുവർഷപ്പിറവി എന്ന പോലെ തന്നെ നിരവധി ഐതിഹങ്ങളുണ്ട് വിഷുവിന്.
നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. അതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.
വിഷുവിന് ആചാരങ്ങൾ ഏറെയുണ്ടങ്കിലും വിഷുക്കണിയാണ് വിഷു ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നുമാണ വിശ്വാസവും. കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കാറുള്ളത്.കണ്ണുകളടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. വിഷുക്കണി എന്ന് പറയുന്നത് പ്രകൃതിയുടെ ഒരു കൊച്ചുരൂപം തന്നെയാണ്.
വിഷുക്കണിയുടെ പ്രാധാന്യം എന്നുപറയുന്നത് ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത് എന്നതാണ്. പ്രകൃതിയുടെ പ്രതീകമായ ഓട്ടുരുളിയിൽ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ശേഷം ആദ്യം സ്വർണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക.പിന്നീട് ചക്ക, നാളികേരം, മാങ്ങ, കദളിപ്പഴം,നാരങ്ങ, നെല്ലിക്ക എന്നിവ വയ്ക്കുക. ഗണപതിയുടെ ഇഷ്ടഭക്ഷണമാണ് ചക്കയും നാളികേരവും. അതുപോലെ മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ലക്ഷ്മി ദേവിയുടെ സങ്കൽപ്പത്തിനാണ് നാരങ്ങയും നെല്ലിക്കയും വയ്ക്കുന്നത്
ഭഗവതിയെ സങ്കൽപ്പിച്ച് ഓട്ടുരുളിയുടെ നടുക്ക് വാൽക്കണ്ണാടി വയ്ക്കുക. അതിൽ സ്വർണ്ണമാല വയ്ക്കുക. കാണികാണുമ്പോൾ സ്വന്തം മുഖം കൂടി കാണുന്നതിന് വേണ്ടിയാണിത്. ശേഷം കണിക്കൊന്നപ്പൂക്കൾ വയ്ക്കുക. സങ്കൽപ്പമനുസരിച്ച് കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും, കൊന്നപ്പൂക്കൾ കിരീടവും വാൽക്കണ്ണാടി മനസ്സുമാണെന്നുമാണ്.ഇതിന്റെ അടുത്ത് ഓട്ടുതാലത്തിൽ അലക്കിയ കസവ് വയ്ക്കണം. കൂടാതെ ഗ്രന്ഥം, കുങ്കുമച്ചെപ്പ്, വെറ്റിലയിൽ നാണയത്തുട്ടും പാക്കും, കണ്മഷി എന്നിവയും വയ്ക്കുക. ഒപ്പം നവദാന്യങ്ങളും വയ്ക്കണം, പച്ചക്കറികളുമാകാം.
പീഠത്തിൽ നിലവിളക്ക് വച്ച് അഞ്ചുതിരിയിട്ട് എണ്ണയൊഴിച്ചു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയിൽ ശുദ്ധജലം, പൂക്കൾ ,കൊടിവിളക്ക് എന്നിവയും തയ്യാറാക്കി വയ്ക്കണം. വിഷുദിനത്തിൽ നിലവിളക്കിന്റെ സ്വർണ്ണ വെളിച്ചത്തിൽ കണ്ണനെയും കണിയും കണ്ടുണരുമ്പോൾ ഐശ്വര്യപൂർണ്ണമായ പുതുവർഷമാണ് നമുക്ക് ലഭിക്കുന്നത്.
വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും സാമൂഹിക അകലം പാലിച്ചും സ്വയം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചും വിഷു ആഘോഷിക്കുക. എല്ലാവർക്കും വിഷു ദിനാശംസകൾ.