KERALANEWS

വിസ്മയ കേസ്; കിരണിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് ഇനി ജാമ്യം നൽകണമെന്നുമാണ് കിരൺ കുമാറിൻ്റെ ആവശ്യം. മോട്ടോർ വാഹന വകുപ്പിലെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും ഇനിയും കിരൺ കുമാറിന് ജാമ്യം നിഷേധിക്കേണ്ട കാര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കിരണിനെതിരെ മൊഴികളും രേഖാമൂലമുള്ള തെളിവുകളുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാദം.

മരിച്ച വിസ്മയ ടിക് ടോക്, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ സമൂഹമാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചതും, ഫോൺ വാങ്ങിച്ചുവച്ചതും വിസ്മയ പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് പ്രതിയുടെ വാദം.

സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് കുരുക്കായത് വാട്ട്സ്ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകളാണ്. പ്രതി കിരൺ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിൻറെ തെളിവുകള്ളായിരുന്നു വിസ്മയയുടെ ഫോണിലെ ചാറ്റുകൾ.

പ്രതി കിരണിൻറെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ജൂണിലാണ് പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിൻറെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close