KERALANEWS

45 സാക്ഷികളും 20 തൊണ്ടികളും ,വിസ്മയകേസിൽ കുറ്റപത്രത്തിൻറെ നക്കൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് കൈമാറി

ശാസ്താംകോട്ട. കോളിളക്കം സൃഷ്ടിച്ച വിസ്മയകേസിൽ കുറ്റപത്രത്തിന്റെ നക്കൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് കൈമാറി. 45 സാക്ഷികളും 20 തൊണ്ടികളും അടക്കം പഴുതടച്ച കുറ്റപത്രമാണ് തയ്യാറാക്കിയത്. 12ന് കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. വിസ്മയ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതിനെതുടർന്ന് ആണ് ഭർത്താവ് കിരൺകുമാറിനെ പൊലീസ് അറസ്റ്റുചെയ്തത്.

മോട്ടോർ വാഹനവകുപ്പിൽ അസി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരണിനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് കിരണിന് കോവിഡ് ബാധിച്ച് ആശുപത്രിയിലായി. കിരണിനുവേണ്ടി പലതവണ ജാമ്യത്തിനായി നീക്കം നടത്തിയെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല എന്ന നിലയിൽ പ്രോസിക്യൂഷൻ എതിർത്തു. ജാമ്യഹർജി കോടതി തള്ളി. കിരണിനെ സർവീസിൽ നിന്നും സസ്‌പെൻഡു ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.

റിമാൻഡിലായി 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തില്ലെങ്കിൽ പ്രതി സ്വാഭാവിക ജാമ്യം നേടുമെന്നതിനാൽഅതിനുമുമ്പ് കുറ്റപത്രം കൊടുക്കാനായിരുന്നു അന്വേഷണത്തിന് പ്രത്യേക ചുമതലയുള്ള എഡിജിപി ഹർഷിത അട്ടല്ലൂരി അടക്കമുള്ള അന്വേഷണം സംഘം ശ്രമിച്ചത്. സെപ്റ്റംബർ 20ന് ആണ് 90ദിവസം പൂർത്തിയാകുന്നത്. ഇതിനിടെ അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി രാജ്കുമാറിന് സ്ഥലം മാറ്റമായിട്ടും അത് റദ്ദാക്കിയിരുന്നു.

ശക്തമായ കുറ്റപത്രമാണ് തയ്യാറായിരിക്കുന്നത്. വിസ്മയയെ കിരൺ മർദ്ദിക്കുന്നത് കണ്ട ബ്രോയ്‌ലർ കോഴിക്കച്ചവട വാനിലെ ഡ്രൈവർ തമിഴ്‌നാട് സ്വദേശി, മറ്റൊരവസരത്തിൽ വിസ്മയ മർദ്ദനമേറ്റ് കരഞ്ഞ് കാറിൽനിന്നും ഇറങ്ങി ഓടിക്കയറിയ വീട്ടിലെ സ്ത്രീയും ഇവരുടെ ഭർത്താവായ ഹോംഗാർഡും ഇങ്ങനെ വ്യത്യസ്തതലത്തിലുള്ള 45ഓളം സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. ഡിജിറ്റൽ രേഖകൾഅടക്കമുള്ള 20 തൊണ്ടികളുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close