Breaking NewsKERALANEWSTop News

കിരണിനെ കൊലപ്പെടുത്താനായി വിളിച്ചു വരുത്തിയതോ? കാമുകി ഉൾപ്പെടെ നാലുപേരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാമുകിയെ കാണാനെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കാമുകി ഉൾപ്പെടെ നാലുപേർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു. കൊല്ലപ്പെട്ട കിരണിന്റെ കാമുകി, സഹോദരൻ, സഹോദരി ഭർത്താവ് എന്നിവർ ഉൾപ്പടെ 4 പ്രതികൾക്കാണ് തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് പ്രതികളുടെ സാന്നിധ്യത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കിരൺ യുവതിയുടെ വീട്ടിലെത്തിയ സാഹചര്യം ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. കൊലപ്പെടുത്താനായി വിളിച്ചു വരുത്തിയതാണോയെന്നതടക്കം പരിശോധിക്കണമെന്നം കോടതി പറഞ്ഞു. 2018 ൽ നടന്ന സംസ്ഥാനത്തെ നടുക്കിയ കെവിൻ കൊലക്കേസിന് ശേഷമുള്ള രണ്ടാമത്തെ ദുരഭിമാനക്കൊലയാണിത്. ആരോപിക്കുന്ന കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുക്കുമ്പോൾ മുൻകൂർ ജാമ്യത്തിന് പ്രതികൾ അർഹരല്ല. പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് പ്രതികളുടെ സാന്നിധ്യത്തിലുള്ള അന്വേഷണം ആവശ്യമുണ്ട്. അന്വേഷണം ശൈശവ ഘട്ടത്തിലെത്തി നിൽക്കുന്ന കേസിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്താനും മൊഴി തിരുത്തിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള അസാധാരണ വിവേചന അധികാര പരിധിയായ അറസ്റ്റിന് മുമ്പുള്ള മുൻകൂർ ജാമ്യത്തിന് ഈ കേസിലെ കാമുകിയായ യുവതിയടക്കമുള്ള പ്രതികൾ അർഹരല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കാമുകിയുടെ സഹോദരൻ വിഴിഞ്ഞം കോട്ടുകാൽ അഴിമല പുളിങ്കുടി ഹരിശ്രീ നഗറിൽ ഹരിയെന്ന സജിത് കുമാർ (35) , യുവതിയുടെ ജ്യേഷ്ഠത്തിയുടെ ഭർത്താവ് ആർ.എസ്. രാജേഷ് , സുഹൃത്ത് അരുൺ എന്ന ശശികുമാർ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികളാണ് തള്ളിയത്.

മൊട്ടമൂട് വള്ളോട്ടുകോണം ആർ.സി. പള്ളിക്ക് സമീപം മധു – മിനി ദമ്പതികളുടെ മകൻ കിരൺ (25) ആണ് ജൂലൈ 9 ന് പട്ടാപ്പകൽ കടലിൽ കൊല്ലപ്പെട്ടത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനെത്തിയതായിരുന്നു കിരൺ. സുഹൃത്തായ അനന്തുവിനും ബന്ധുവായ മെൽവിനുമൊപ്പമാണ് എത്തിയത്. യുവതിയുടെ വീടിന് മുന്നിലെത്തിയ ഇവരെ സഹോദരൻ ഹരിയും രാജേഷും മറ്റും ചേർന്ന് മർദ്ദിച്ചതിന് ശേഷം ആഴിമല ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയി.രാജേഷിന്റെ ബൈക്കിലിരുത്തിയാണ് കിരണിനെ അപഹരിച്ച് തട്ടിക്കൊണ്ടുപോയത്. വീഡിയോ ദൃശ്യങ്ങളിൽ കിരൺ ആരെയോ ഭയന്ന് തിരിഞ്ഞു നോക്കി ഓടുന്ന രംഗങ്ങളുണ്ട്.

ആഴിമല പാറപ്പുറത്ത് നിന്ന് കിരണിന്റെ ചെരിപ്പുകളിലൊന്ന് കിട്ടിയിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ ജൂലൈ 9 ന് കടലിൽ കാണാതായ കിരണിന്റെ ശവശരീരം പൊങ്ങിയത് നാലാം നാൾ 13 ന് കുളച്ചൽ ഇരയിമ്മൻ തുറ കടൽ തീരത്തായിരുന്നു. ഡിഎൻഎ പരിശോധനയിൽ കിരൺ തന്നെയെന്ന് തെളിയുകയായിരുന്നു.ആഴിമലയിൽ കടലിൽ കാണാതായ കിരണിന്റെ മൃതദേഹം വിട്ടുകിട്ടാൻ വിഴിഞ്ഞം പൊലീസ് ജൂലൈ 28 ന് തമിഴ്‌നാട് പൊലീസിനെ സമീപിച്ചു. തമിഴ്‌നാട്ടിലെ ഇരയിമ്മൻ തുറയിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റെ തന്നെയെന്ന് 27 ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചു.

പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടി കൊണ്ട് പോയി മർദ്ദിച്ചെന്നും, മർദ്ദനം ഭയന്ന് ഓടിയപ്പോൾ കാൽവഴുതി കടലിൽ വീണതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കേസിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ പൊലീസ് 27 ന് അറസ്റ്റ് ചെയ്തു. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. 28 ന് പെൺകുട്ടിയുടെ സഹോദരൻ സജിത്കുമാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

വിഴിഞ്ഞം പൊലീസ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകുകയായിരുന്നു. ആശാരിപ്പള്ളം മെഡിക്കൽ കോളേജിലാണ് കിരണിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്.കിരണിന്റെ മൃതശരീരം ബന്ധുക്കളെത്തി കുളച്ചൽ നിദ്രവിള’ പൊലീസ് സ്റ്റേഷൻ മുഖേന ജൂലൈ 28 ന് ഏറ്റുവാങ്ങി മൊട്ടമൂട് വീട്ടിലെത്തിച്ചു.തുടർന്ന് മാറനല്ലൂർ വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിച്ചു. തമിഴ്‌നാട് പൊലീസിൽ നിന്നു വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പൊലീസ് ശേഖരിക്കും. തിരുവനന്തപുരംരാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെയെന്ന് വ്യക്തമായത്.

നാഗർകോവിൽ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നേരത്തെ മൃതദേഹത്തിന്റെ കൈയിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛൻ വ്യക്തമാക്കിയിരുന്നു. കൂട്ടുകാരിയെ കാണാനെത്തിയതിന് തല്ലേണ്ടതില്ലായിരുന്നുവെന്നും അവർക്ക് ബുദ്ധിമുട്ടായെങ്കിൽ കിരണുൾപ്പെടെ 3 പേരെയും പൊലീസിൽ ഏൽപ്പിക്കാമായിരുന്നെന്നും അങ്ങനെയെങ്കിൽ തനിക്ക് മകനെ നഷ്ടപ്പെടില്ലായിരുന്നെന്നും പിതാവ് വ്യക്തമാക്കി.

കെവിൻ കൊലക്കേസിൽ നീനുവിന്റെ സഹോദരനും സുഹൃത്തുക്കളും കോട്ടയം സെഷൻസ് കോടതിയാൽ ശിക്ഷിക്കപ്പെട്ട് കഠിന തടവനുഭവിക്കുകയാണ്. നീനുവിന്റെ പിതാവിനെ കോടതി വെറുതെ വിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close