Breaking NewsKERALANEWSTop News

കോൺ​ഗ്രസിന് വൻ പ്രതിസന്ധി സൃഷ്ടിച്ച് വി എം സുധീരൻ; അണികളുടെ കൊഴിഞ്ഞുപോക്കിന് വേ​ഗം കൂടുമെന്ന പേടിയിൽ നേതാക്കൾ; അനുനയ നീക്കവും ശക്തം

തിരുവനന്തപുരം: വി എം സുധീരൻ എഐസിസി അം​ഗത്വം കൂടി രാജിവെച്ചതോടെ സംസ്ഥാനത്തെ കോൺ​ഗ്രസ് കൂടുതൽ പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വി എം സുധീരനെതിരെ രം​ഗത്തെത്തിയിരുന്നെങ്കിലും കടുത്ത നടപടികളിലേക്ക് അദ്ദേഹം പോകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ, എഐസിസി അം​ഗത്വം കൂടി സുധീരൻ രാജിവെച്ചതോടെ പാർട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്ക് ശക്തമാകുമെന്ന ആശങ്കയിലാണ് കോൺ​ഗ്രസ് നേതൃത്വം.

കോൺ​ഗ്രസ് ഹൈക്കമാൻഡിനെതിരെയും രൂക്ഷ വിമർശനമാണ് സുധീരൻ ഉയർത്തുന്നത്. കേരളത്തിലെ സംഘടനാ സംവിധാനത്തെ നിയന്ത്രിക്കാൻ ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. നേരത്തേ രണ്ട് ​ഗ്രൂപ്പുകളാണ് പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് നാലായി വർധിച്ചു. നേതാക്കളെ ഒത്തൊരുമയോടെ കൊണ്ടുപോകാൻ ഹൈക്കമാൻഡിന് കഴിയുന്നില്ലെന്നും സുധീരൻ ആരോപിക്കുന്നു.

സുധീരന്റെ രാജി പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുക എന്ന് നേതാക്കളും തിരിച്ചറിയുന്നു. കോൺ​ഗ്രസിലെ പുരോ​ഗമന മുഖങ്ങളിൽ ഒന്നാണ് വി എം സുധീരൻ. ​ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിക്കുള്ളിലും രാഷ്ട്രീയത്തിന് അതീതമായി പൊതു സമൂഹത്തിലും സുധീരന് അം​ഗീകാരമുണ്ട്. അത്തരം ഒരു നേതാവ് പാർട്ടിക്കുള്ളിൽ നിശബ്ദനാകുന്നത് നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നതാണ് സംസ്ഥാന – ദേശീയ നേതൃത്വങ്ങളെ അസ്വസ്ഥരാക്കുന്നത്.

കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ച വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമവും ഫലം കണ്ടിരുന്നില്ല. രാജി തീരുമാനത്തിൽ നിന്ന് സുധീരൻ പിന്നോട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ​ഗൗരീശപട്ടത്തുള്ള വീട്ടിലെത്തി സുധീരനെ കണ്ടെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് സുധീരൻ അറിയിക്കുകയായിരുന്നു. കൂടിയാലോചനയില്ലെന്നും, ചില നേതാക്കളെ മാത്രം ഉൾപ്പെടുത്തി ചർച്ച നടത്തുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് വിഎം സുധീരൻ രാജിവച്ചത്.

ഡിസിസി അദ്ധ്യക്ഷൻമാരെ നിയമിച്ചതു മുതൽ നേതൃത്വത്തിന് പറ്റിയ വീഴ്ചകൾ സുധീരൻ വിഡി സതീശനുമായി പങ്കുവച്ചു. രാഷ്ട്രീയ കാര്യസമിതി നിലനിൽക്കെ, ഈ സമിതിയെ നോക്കുകുത്തിയാക്കി ചില നേതാക്കളെ മാത്രം ഉൾപ്പെടുത്തി ചർച്ച നടത്തി. സെമി കേഡർ പ്രഖ്യാപനമടക്കമുള്ള സംഘടനാപരമായ മാറ്റങ്ങളൊന്നും നേതാക്കളെ അറിയിച്ചില്ല. മുതിർന്ന അം​ഗമായിട്ടും തനിക്ക് നേരിടേണ്ടി വന്ന അവ​ഗണനകൾ സുധീരൻ സതീശനെ അറിയിച്ചു. വീഴ്ചകൾ അം​ഗീകരിച്ച് സുധീരനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചിട്ടും സുധീരൻ വഴങ്ങിയില്ല. രാഷ്ട്രീയ കാര്യസമിതിയിൽ ഇനി പ്രവർത്തിക്കാനില്ലെന്നും സാധാരണ പ്രവർത്തകനായി തുടർന്നോളാമെന്നുമാണ് സുധീരന്റെ നിലപാട്.

പുതിയ നേതൃത്വവും ​​ഗ്രൂപ്പുകളുടെ അതേ പാതയിലാണെന്നാണ് സുധീരന്റെ പരാതി.​ ഗ്രൂപ്പിന് അതീതമായി നിലവിൽ വന്ന പുതിയ നേതൃത്വത്തെ ആദ്യം തന്നെ സ്വാ​ഗതം ചെയ്ത വ്യക്തിയാണ് താൻ. കൂടിയാലോചനകളില്ലാതെ ഡിസിസി അദ്ധ്യക്ഷൻമാരെ നിശ്ചയിച്ചപ്പോൾ താൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം വീഴ്ചകളുണ്ടാകില്ലെന്ന് കെ സുധാകരൻ നേരിട്ടെത്തി അറിയിച്ചു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് സുധീരന്റെ ആരോപണം.

ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തുന്നതിനോട് തനിക്ക് വിരേധമില്ലെന്നാണ് സുധീരന്റെ നിലപാട്. പക്ഷേ ഈ ചർച്ചയുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതാണ് സുധീരൻ ചൂണ്ടിക്കാട്ടുന്നത്. പിന്നെന്തിന് രാഷ്ട്രീയ കാര്യസമിതിയെന്നാണ് വിഎം സുധീരന്റെ ചോദ്യം. അടുത്തിടെ കെപിസിസി തീരുമാനങ്ങളെടുത്ത ശൈലിയിൽ സുധീരന് അതൃപ്തിയുണ്ട്. കെപിസിസി ഭാരവാഹികൾക്ക് മാനദണ്ഡം നിശ്ചയിച്ചതും പ്രവർത്തക മാർ​​​ഗരേഖ പ്രഖ്യാപിച്ചതുമെല്ലാം ചർച്ചയില്ലാതെയാണെന്നാണ് സുധീരൻ ചൂണ്ടിക്കാട്ടിയത്.

അതേസമയം, വി.എം. സുധീരനെതിരെ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ രം​ഗത്തെത്തിയിരുന്നു. നിലവിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അഭിപ്രായങ്ങൾ പറയാൻ അദ്ദേഹത്തിന് യഥേഷ്​ടം സമയം കൊടുത്തിരു​ന്നെന്നും അത്​​ വിനിയോഗിച്ചില്ലെന്നും സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുനഃസംഘടന വിഷയങ്ങൾ രാഷ്​ട്രീയകാര്യസമിതി തീരുമാനത്തിന് വിധേയമാകില്ല. ഭരണഘടന പ്രകാരം അതൊക്കെ കെ.പി.സി.സി പ്രസിഡൻറിെൻറ ഉത്തരവാദിത്തമാണ്. എന്നുകരുതി അടുക്കളപ്പുറത്തിരുന്ന് എടുത്ത തീരുമാനമല്ലെന്നുമായിരുന്നു സുധാകരന്റെ നിലപാട്.

എന്നാൽ, എഐസിസി അം​ഗത്വവും സുധീരൻ രാജിവെച്ചതോടെ അനുനയ നീക്കങ്ങൾ ശക്തമായെന്നാണ് റിപ്പോർട്ടുകൾ. സുധീരനെ അടിയന്തിരമായി സന്ദർശിച്ച് ചർച്ച നടത്താൻ താരീഖ് അൻവറിന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ശക്തമായ നിലപാടുകൾ എടുക്കുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന സുധീരന്റെ ഇപ്പോഴത്തെ നീക്കങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close