Breaking NewsKERALANEWSTop News

കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് ജോസ് കെ മാണിക്ക് വോട്ട് ചെയ്യാതിരുന്നത് മനപൂർവമോ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അസാധുവായ ഒറ്റവോട്ടിൽ തട്ടി ഇടത് മുന്നണിയിൽ ഉലച്ചിൽ

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ അസാധുവായ ഒരു വോട്ട് സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നു. കോട്ടയം ജില്ലയിലെ ഒരു മുതിർന്ന സിപിഎം നേതാവും മന്ത്രിയുമായ ആളുടെ വോട്ടാണ് അസാധുവായതെന്ന തരത്തിലാണ് ചർച്ചകൾ. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിലേക്കാണ് എല്ലാ വിരലുകളും ചൂണ്ടുന്നത്. ജോസ് കെ മാണിയോടും കേരള കോൺ​ഗ്രസ് എമ്മിനോടും എന്നും അകൽച്ച പാലിച്ച നേതാവായിരുന്നു വി എൻ വാസവൻ. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്ത് കേരള കോൺ​ഗ്രസ് എമ്മിനും ജോസ് കെ മാണിക്കുമെതിരെ രൂക്ഷ വിമർശനങ്ങളായിരുന്നു വാസവൻ ഉയർത്തിയത്.

ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാനുള്ള എൽ ഡി എഫ് തീരുമാനം വന്നതിന് പിന്നാലെ തന്നെ വി എൻ വാസവന്റെ പഴയ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ജോസ് കെ മാണിക്ക് അധികാരത്തോട് ആർത്തിയെന്ന തലക്കെട്ടിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാസവന്റെ പ്രസ്താവന സാമൂഹിക മാധ്യമങ്ങൾ കുത്തിപ്പൊക്കിയിരുന്നു. വി എൻ വാസവൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു വി എൻ വാസവൻ ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ചത്. അന്ന് വി എൻ വാസവൻ ഇടത് മുന്നണി സ്ഥാനാർത്ഥിയും കേരള കോൺ​ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാ‍ടൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നു. ജോസ് കെ മാണിയോടുള്ള വൈരാ​ഗ്യം മാത്രമല്ല വാസവൻ പ്രകടിപ്പിച്ചത് എന്നാണ് സൂചന. കേരള കോൺ​ഗ്രസ് എമ്മിന്റെ പാർലമെന്റ് അം​ഗമായ തോമസ് ചാഴിക്കാടൻ ഇടത് മുന്നണി പരിപാടികളിലോ പൊതു പരിപാടികളിലോ സജീവമല്ലെന്നതും ഇടത് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്.

അന്ന് ലോക്​സഭാംഗത്വം രാജിവെച്ച്​ രാജ്യസഭയിലേക്കുപോയ ജോസ്​.കെ.മാണി എം.പിയുടെ നടപടി അധികാരത്തോടുള്ള ആർത്തിയും കച്ചവട രാഷ്​​ട്രീയത്തിൻറെ ഉദാഹരണവുമാണെന്നായിരുന്നു നിലവിൽ സഹകരണമന്ത്രിയായ വി.എൻ വാസവന്റെ അന്നത്തെ വാക്കുകൾ. സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കാൻ എന്തു നെറികേടും കാട്ടുന്ന ഇത്തരക്കാർ പൊതുപ്രവർത്തകർക്കാകെ അപമാനമാണ്​. ഇവർക്കെതിരെ പ്രതികാരത്തോടെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി മാറാനും വാസവൻ ആഹ്വാനം ചെയ്യുന്നു. കോട്ടയം ലോക്​ഭാ മണ്ഡലത്തെ അനാഥമാക്കിയ ജോസ്​.കെ മാണിക്കെതിരെ ഡി.വൈ.എഫ്​.ഐ സംഘടിപ്പിച്ച വിചാരണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു വി എൻ വാസവൻ.

യുഡിഎഫിൽ നിന്നും എൽഡിഎഫിലേയ്ക്ക് വന്നപ്പോൾ രാജ്യസഭാ അംഗത്വം രാജിവച്ച ജോസ് കെ മാണിക്ക് നിയമസഭാ സീറ്റ് നൽകിയത് കൂടാതെ ഒഴിവ് വന്ന രാജ്യസഭാ സീറ്റും താലത്തിൽ വച്ചുനീട്ടിയതിൽ സിപിഎമ്മിനുള്ളിൽ തന്നെ അരിശമുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്നലത്തെ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന സംശയവും സജീവമാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റാണെങ്കിലും പാർട്ടിക്ക് വിപ്പ് നൽകാം. ബാലറ്റ് പേപ്പർ പോളിങ്‌ ഏജന്റിനെ കാണിച്ച ശേഷമാണ് ബാലറ്റ് പെട്ടിയിൽ ഇടുന്നത്. അതുകൊണ്ട്തന്നെ ആർക്കാണ് അബദ്ധം സംഭവിച്ചതെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തമായി അറിയാം. കോട്ടയത്തെ രാഷ്ട്രീയത്തെ പേര് പുറത്തു വന്നാൽ സ്വാധീനം ചെലുത്തുമെന്നുള്ളതു കൊണ്ട് തന്നെ അബദ്ധം പറ്റിയ എംഎൽഎയുടെ പേര് പുറത്തു പറയില്ല. മാണി വികാരമുള്ള മണ്ഡലത്തിൽ നിന്ന് ജയിച്ച നേതാവിനാണ് അബദ്ധം പറ്റിയതെന്നാണ് സൂചന.

വോട്ടിങിന് ശേഷം വോട്ട് തെറ്റിച്ച കാര്യം മുതിർന്ന നേതാവ് ചില സഹപ്രവർത്തകരോട് പങ്ക് വച്ചിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ആ വോട്ട് അസാധുവായാലും ജോസിന് ജയിക്കാം. എന്നാൽ മുന്നണി തീരുമാനത്തിനെതിരെ വോട്ട് ചെയ്തത് ഗൗരവകരമായ അച്ചടക്കലംഘനമായാണ് സിപിഎം കണക്കാക്കുന്നത്. മാണി സി. കാപ്പന്റെ സിറ്റിങ് മണ്ഡലമായിരുന്ന പാല ജോസിന് നൽകാനുള്ള തീരുമാനത്തിലും ഈ നേതാവിന് വിരുദ്ധാഭിപ്രായമുണ്ടായിരുന്നു.

അസാധു വോട്ടിന്റെ പേരിൽ വോട്ടെണ്ണൽ വേളയിൽ കടുത്ത വാദപ്രതിവാദവുമുണ്ടായി. ബാലറ്റിൽ വോട്ടു ചെയ്യുന്നവരുടെ നേർക്ക് ‘1’ എന്നാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഒരു വോട്ടിൽ ‘1’ വ്യക്തമല്ലായിരുന്നു. ആദ്യം ടിക് ഇട്ട ശേഷം അത് ‘1’ ആയി മാറ്റിയ രീതിയിലായിരുന്നു ബാലറ്റ്. ഇതോടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരായ മാത്യു കുഴൽനാടനും എൻ.ഷംസുദ്ദീനും തർക്കം ഉന്നയിച്ചു.

ജോസ് കെ.മാണിക്കു വോട്ടു ചെയ്യാനുള്ള അംഗത്തിന്റെ ഉദ്ദേശ്യം ബാലറ്റിൽ വ്യക്തമാണെന്നും വോട്ട് സാധുവാണെന്നും ഭരണപക്ഷത്തെ പ്രതിനിധീകരിച്ച് കടകംപള്ളി സുരേന്ദ്രനും ആർ.രാജഗോപാലനും വാദിച്ചു. കേരള കോൺഗ്രസ് (എം) പോളിങ് ഏജന്റുമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും വോട്ട് അസാധുവാക്കാൻ പറ്റില്ലെന്നു ശഠിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങളും വ്യവസ്ഥകളും മാത്യു കുഴൽനാടൻ ഹാജരാക്കി. ഏതെങ്കിലും ഒരാളുടെ വോട്ട് തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണെന്നു വന്നാൽ അത് സാധുവല്ലെന്ന വ്യവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ട് അംഗീകരിക്കാനാണ് തീരുമാനമെങ്കിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് വരണാധികാരി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയിൽ നിയമ പ്രശ്നങ്ങൾക്ക് അതു കാരണമാകാമെന്നു വന്നതോടെ ആ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ 97 വോട്ട് ലഭിക്കേണ്ട ജോസിന് ലഭിച്ച വോട്ടുകളുടെ എണ്ണം 96 ആയി ചുരുങ്ങുകയായിരുന്നു. മൂന്ന് എൽഡിഎഫ് എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. അവർ മുൻകൂട്ടി അറിയിച്ചിരുന്നു. ജോസിനോടുള്ള അതൃപ്തി മുമ്പ് തന്നെ പാർട്ടിവേദികളിൽ പ്രകടിപ്പിച്ചിട്ടുള്ള നേതാവ് പരസ്യമായി പാർട്ടി തീരുമാനത്തിന് എതിരായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. അതിനാൽ നടപടി ഒഴിവാക്കണമെന്ന വാദവും സിപിഎമ്മിനുള്ളിൽ ശക്തമാണ്. എന്തായാലും കേരളാ കോൺഗ്രസുമായുള്ള ബാന്ധവം സിപിഎമ്മിലെ മുൻനിര നേതാക്കൾക്ക് പോലും ഇതുവരെയും പൂർണമായും ദഹിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായി ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close