KERALANEWSTop News

വഖഫ് നിയമന വിവാദം; സമസ്തയുടെ എതിര്‍പ്പ് വകവയ്ക്കാതെ പ്രക്ഷോഭവുമായി ലീഗ്; കോഴിക്കോട് ബീച്ചിൽ ഇന്ന് സമ്മേളനവും മഹാ റാലിയും

കോഴിക്കോട്∙ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിൽ സമസ്തയുടെ എതിര്‍പ്പ് വകവയ്ക്കാതെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ മുസ്‌ലിം ലീഗ്. ലീഗിന്റെ വഖഫ് സംരക്ഷണ റാലിയും സമ്മേളനവും ഇന്നു കോഴിക്കോട് കടപ്പുറത്തു നടക്കും. സമസ്തയൊഴികെയുള്ള മറ്റു സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധം വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ലീഗ്.

വൈകിട്ട് 4നു മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലീഗ് തമിഴ്നാട് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനുമായ എം.അബ്ദുറഹ്മാൻ മുഖ്യാതിഥിയായി പങ്കെടുക്കും.

അതേസമയം വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ് സിക്ക് വിട്ടതിനെ ചൊല്ലിയുള്ള ‘വഖഫ് സമര’ത്തിൽ നിന്നും പിന്മാറിയതായി സമസ്ത അറിയിച്ചു. സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ മലപ്പുറത്ത് പ്രതികരിച്ചു. സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളത്. എന്നാൽ വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വന്നതോടെ പ്രതിഷേധത്തിൽ നിന്നും പിന്മാറാമെന്ന തീരുമാനമാണ് സമസ്തക്കെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാന്യമായ സമീപനമാണ്. വഖഫ് നിയമനം പിൻവലിക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടർ നടപടികളൊന്നും നിലവിൽ എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് അടക്കം ഒരു രാഷ്ട്രീയ പാർട്ടിയുമായും അകലമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. പൊതു കോഡിനേഷൻ കമ്മിറ്റി സമസ്തയ്ക്കില്ല. തങ്ങൾമാർ വിളിച്ചു ചേർക്കുമ്പോഴാണ് കോഡിനേഷൻ കമ്മിറ്റി ഉണ്ടാവുക. അതേ സമയം സമസ്ത നിലപാട് വ്യക്തമാക്കിയതോടെ, മുസ്ലിം ലീഗ് പ്രതിരോധത്തിലായി. ലീഗ് നിലപാട് പിഎംഎ സലാം അറിയിക്കുമെന്ന് കെപിഎ മജീദ് പറഞ്ഞു.

വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയായിരുന്നു. നിയമനം പിഎസ് സി ക്ക് വിടും മുമ്പ് വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. സമസ്ത നേതാക്കളുമായുള്ള ചർച്ചയിലാണ് സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ‍ർക്കാരിൻറെ പിന്മാറ്റം. നിയമസഭ ബിൽ പാസാക്കി ഒരു മാസം തികയും മുൻപാണ് പിന്നോട്ട് പോകൽ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close