Breaking NewsKERALANEWSTop News

മണിമലയാർ ഒഴുകിയത് ചരിത്രത്തിലെ ഏറ്റവും വലിയ ജലനിരപ്പോടെ; പരിസ്ഥിതി ലോലപ്രദേശത്തിന് തീവ്രമഴയെ താങ്ങാനുള്ള കരുത്തുണ്ടായില്ല; കോട്ടയത്ത് ജലബോംബ് പൊട്ടിയതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്

കോട്ടയം: എന്താണ് മലയോര ജില്ലയായ കോട്ടയത്ത് സംഭവിച്ചത് എന്ന ഞെട്ടലിലാണ് ജനങ്ങൾ. കണ്ണടച്ച് തുറക്കും മുമ്പ് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചരിത്രത്തിൽ ഇന്നുവരെ വെള്ളം കയറാത്ത പല പ്രദേശങ്ങളിലും മഴവെള്ളം വന്നു നിറഞ്ഞു. കോട്ടയത്തിന്റെ പല ഭാ​ഗങ്ങളും അക്ഷരാർത്ഥത്തിൽ ദുരന്തഭൂമിയായി മാറുകയായിരുന്നു. കോട്ടയത്തെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും പ്രളയ ദുരിതത്തിനും കാരണം കാലാവസ്ഥാ വ്യതിയാനം തന്നെയെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നാലു മാസത്തെ മൺസൂൺ കാരണം മണ്ണിന് ന്യൂനമർദ തീവ്രമഴയെ കൂടി താങ്ങാനുള്ള കരുത്തില്ലായിരുന്നു. സംഭരിച്ച ജലം പെയ്തുവീണ മഴയ്‌ക്കൊപ്പം ചേർന്നപ്പോൾ ഉരുളുകൾ ഒന്നിനു പിറകെ ഒന്നായി പൊട്ടിക്കൊണ്ടിരുന്നു. ഇതാണ് കാഞ്ഞിരപ്പള്ളിയിൽ അടക്കം ദുരന്തം എത്തിച്ചതെന്നാണ് വിലയിരുത്തൽ. കാഞ്ഞിരപ്പള്ളി മുതൽ പീരുമേട് വരെയുള്ള ഹൈറേഞ്ച് കവാടത്തിൽ ഏകദേശം ഇരുപതിലേറെ മൈക്രോ നീർത്തടങ്ങളിൽ (വാട്ടർ ഷെഡ്) അതിതീവ്രമഴ പെയ്തു. ഇത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമായി.

മണ്ണോ പാറയോ ഇളക്കിയ സ്ഥലത്തുകൂടി ഭൂഗർഭത്തിലേക്കു സംഭരിക്കപ്പെടുന്ന മഴ മറ്റൊരു ചെരിവിലൂടെയാവും ഉരുളായി പുറത്തേക്കു വരിക. ഇതാണ് മലയോരത്തെ പ്രതിസന്ധിയിലാക്കിയത്. കോട്ടയം ജില്ലയിലിലെ മണിമലയാറിലെ ജലനിരപ്പ് അഞ്ച് മണിക്കൂർ കൊണ്ട് ഉയർന്നത് ഏഴു മീറ്ററായിരുന്നു. മണിമലയാർ കടന്നു വരുന്ന പുല്ലകയാർ ജലമാപിനിയിൽ കേന്ദ്ര ജലകമ്മിഷൻ രേഖപ്പെടുത്തിയ കണക്കാണിത്. 1099 (1924) മുതൽ ഇതുവരെ രേഖപ്പെടുത്തിയ പരമാവധി ജലനിരപ്പിനും 3 മീറ്റർ മുകളിലൂടെ ചരിത്രത്തിലാദ്യമായി മണിമലയാർ ഒഴുകി.

പുല്ലകയാറിൽ കഴിഞ്ഞ ഓഗസ്റ്റിൽ 98 മീറ്റർ (സമുദ്രനിരപ്പ് ഉയരം) ജലനിരപ്പെത്തിയിരുന്നു. ഇത് 101 മീറ്ററായി. കല്ലൂപ്പാറയിൽ 2008ലെ പ്രളയത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ ഒരു മീറ്റർ മുകളിലൂടെ ഒഴുകിയപ്പോൾ മണിമലയാറ്റിലെ വെള്ളത്തിന്റെ ഉയരം 9 മീറ്റർ, ഏകദേശം ആറ് ആൾ പൊക്കം. മാണിക്കൽ മാപിനിയിൽ ജലനിരപ്പ് 78.94 മീറ്ററായി ഉയർന്നു. കഴിഞ്ഞ വർഷത്തെ 78.17 മീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോഡ്. അങ്ങനെ റിക്കോർഡ് വെള്ളപ്പൊക്കമാണ് ഈ മേഖലയിൽ ഉണ്ടായത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര അതിർത്തി കേന്ദ്രീകരിച്ച് ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 24 മണിക്കൂറിനുള്ളിൽ 300 മില്ലീമീറ്റർ (30 സെ.മീ). പീരുമേടിനു താഴെ കാഞ്ഞിരപ്പള്ളിയിൽ 270 മില്ലീമീറ്റർ. പൂഞ്ഞാറിലും ഇടുക്കിയിലും 160 മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 100 മില്ലിമീറ്ററിലും അധികം മഴ ഈ പ്രദേശത്തെ പല സ്വകാര്യ മഴ മാപിനികളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലും സീതത്തോട്ടിലും 100 മില്ലിമീറ്ററിലും അധികമാണ് മഴ.

പൂഞ്ഞാർ-കാഞ്ഞിരപ്പള്ളി-പീരുമേട്-ഇടുക്കി എന്നീ സ്ഥലങ്ങളിൽ ഏറെയും 15 മുതൽ 20 വരെ ഡിഗ്രി ചെരിവുള്ള മലയോരമാണ്. കനത്ത മഴ പെയ്തിറങ്ങിയാൽ ഈ പ്രദേശത്തെ മണ്ണ് ദുർബലമാകും. നിർമ്മാണത്തിനും ഖനനത്തിനും വെട്ടി നിരത്തിയ പ്രദേശമാണെങ്കിൽ ഇടിച്ചിൽ സാധ്യത ഏറെയാണ്. ഏകദേശം 100 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ശനിയാഴ്ച അതിതീവ്ര മഴ പെയ്തത്. ഇത് ‘ജലബോംബ്’ ആയി്. ഒന്നോ രണ്ടോ ഇടുക്കി ഡാം ചേരുന്നത്ര വെള്ളത്തെയാവണം ദുർബലമായ ഭൂമി ശനിയാഴ്ച താങ്ങേണ്ടി വന്നത് എന്നാണ് വിലയിരുത്തൽ.

വീണ്ടും ചർച്ചകളിൽ ​ഗാഡ്​ഗിൽ റിപ്പോർട്ട്

‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’ 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ആശങ്കയാണിത്. മലയാളി പ്രളയത്തെയും ഉരുൾപൊട്ടലുകളെയും നേരിട്ട് തുടങ്ങിയ 2018 മുതൽ ഈ വാക്കുകൾ വലിയ ചർച്ചയാകുമെങ്കിലും ഇതിന്റെ ആയുസ് മഴ തോരുന്നതോടെ അവസാനിക്കും.

ഇനിയും അങ്ങനെ തന്നെ മതിയോ എന്ന് ഓരോ മലയാളിയും ചിന്തിക്കേണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കും മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും നെതർലാൻഡ്സ് സന്ദർശനത്തിനും അപ്പുറം ഇനിയെങ്കിലും എന്തെങ്കിലും ചെയ്യാൻ നമ്മുടെ സർക്കാരിന് സാധിക്കണം. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി തുടർച്ചയായി കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.

2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സർക്കാരിനു മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. അതിന് ശേഷം കേരളത്തിൽ നടന്നത് വലിയ കോളിളക്കമായിരുന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലം, മറ്റൊരർഥത്തിൽ, പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതികത്തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ട് രൂപപ്പെടുന്നത്. തെക്ക് കന്യാകുമാരി മുതൽ വടക്ക് തപതീ തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. ഇതിൽ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു, തമിഴ്‌നാട്, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതിൽ വളരെ പ്രധാനപ്പെട്ട ഭാഗം കേരളത്തിലാണ് ഉള്ളത്.

ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്ബന്നമായ സ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ടു സ്ഥാനങ്ങൾ തിരഞ്ഞെടുത്തതിലൊന്ന് പശ്ചിമഘട്ടമാണ്.

പലതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ് ശാസ്ത്രലോകം ഇന്ന് പശ്ചിമഘട്ടത്തെ കാണുന്നത്. 1920-1990 കാലയളവിൽ മാത്രം ഈ പ്രദേശത്തെ 40 ശതമാനത്തോളം വനസമ്പത്ത് നാശോന്മുഖമായതായി പഠനങ്ങൾ കാണിക്കുന്നു. മറ്റൊന്ന്, വികസനപ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കൈയേറ്റങ്ങളാണ്. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെയൊക്കെ പേരിൽ നടന്നുവരുന്ന അതിരുവിട്ട കൈയേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. സഹ്യന്റെ ഈ പരിസ്ഥിതിത്തകർച്ച ഇന്ന് കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്തുതുടങ്ങിയിരിക്കുന്നു.

8000-ത്തിലധികം കർഷകരെ അവരുടെ 37,000 ഏക്കർ ഭൂമിയിൽനിന്ന് ഒരു നഷ്ടപരിഹാരവും നൽകാതെ ഇറക്കിവിടുന്നതാണ് ഇ.എഫ്.എൽ. നിയമമെന്നായിരുന്നു പ്രധാന ആരോപണം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരേ സാധാരണ ജനങ്ങളെ ഇളക്കിവിടാൻ ഈ നിയമത്തിലെ പരിസ്ഥിതി ദുർബലം എന്ന വാക്ക് റിപ്പോർട്ടിലെ ലോല എന്ന വാക്കിനോട് സമീകരിച്ചാണ് നിക്ഷിപ്ത താത്പര്യക്കാർ ഉപയോഗിച്ചതായി പിന്നീട് മാധവ് ഗാഡ്ഗിൽ തന്റെ ആത്മകഥയിൽ കുറ്റപ്പെടുത്തി.

ജനപങ്കാളിത്തത്തോടുകൂടിയ പ്രകൃതി സംരക്ഷണമാണ് മാധവ് ഗാഡ്ഗിൽ വിഭാവന ചെയ്തത്. പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റിനിർത്തുന്നതിലൂടെ നേട്ടംകൊയ്യുന്നത് നമ്മുടെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കുന്ന കോർപ്പറേറ്റ് കമ്പനികൾ, മലിനീകരണവ്യവസായങ്ങൾ, ഖനി-ക്വാറി മുതലാളിമാർ, റിയൽ എസ്റ്റേറ്റ് ലോബി, വനാധിഷ്ഠിത വ്യവസായങ്ങൾ, പിന്നെ ഇവരുടെ അന്യായമായ നേട്ടങ്ങളുടെ പങ്കുപറ്റുകാരായ രാഷ്ട്രീയനേതാക്കളും ഇടനിലക്കാരുമാണെന്നും ഗാഡ്ഗിൽ പറയുന്നു. ഓസ്ട്രേലിയയിലേയും സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലേയും പോലെ ജൈവവൈവിധ്യ സംരക്ഷണ നിയമം ജനങ്ങൾക്ക് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് സേവന വേതനം നൽകണമെന്ന് ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close