KERALANEWSTop News

ജീവനെടുക്കുന്ന ചികിത്സ സംവിധാനങ്ങൾ; മെഡിക്കൽ കോളേജ് എന്ന സ്വപ്നം യാഥാർഥ്യമാകാതെ വയനാട്; ഭരണകൂടത്തിന്റെ അനാസ്ഥയിൽ ദുരിതത്തിലായ് ജനങ്ങൾ

വയനാട്ടില്‍നിന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കുള്ള യാത്രയിൽ മരണമടഞ്ഞ രോഗികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. യാത്ര മദ്ധ്യേ സംഭവിക്കുന്ന അപകടങ്ങളല്ല മരണ കാരണം. മറിച്ച് വയനാട് നിന്നും കോഴിക്കോട് വരെ എത്തതാണെടുക്കുന്ന സമയമാണ് പല രോഗികളുടെയും ജീവന് ഭീഷണിയാകുന്നത്. ഗുരുതരമായ രോഗമോ അപകടമോ സംഭവിച്ചാല്‍ വായനാട്ടുക്കാരുടെ ഏക ആശ്രയം 100 കിലോമീറ്റര്‍ ദൂരെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജാണ്. വയനാട് ചുരം താണ്ടി ചികിത്സ തേടി കോഴിക്കോട്ടേക്ക് പോകുന്നത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഭയത്തോടെ അല്ലാതെ ഓര്‍ക്കാന്‍ സാധിക്കില്ല. അവിടെ എത്തുമ്പോഴേക്കും രോഗി ജീവിനോടെയുണ്ടാകുമോ എന്ന് യാതൊരു ഉറപ്പുമില്ല. വയനാട്ടിൽ മെഡിക്കല്‍ കോളജ് വരുന്നതോടെ ഈ പ്രതിസന്ധിക്ക് അവസാനമാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്തായോ എന്ന ആശങ്കയിലാണ് ഇപ്പോൾ വയനാട്ടുകാർ‌.

2012 ലാണ് വയനാട് മെഡിക്കല്‍ കോളജ് പ്രഖ്യാപനമുണ്ടായത്. കല്‍പറ്റ മടക്കിമലയില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് 50 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം പ്രശ്‌നം. നീണ്ട പരിശ്രമത്തിനു ശേഷം സ്ഥലം ഏറ്റെടുക്കുകയും റോഡ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. 2018 ലെ പ്രളയത്തിനു ശേഷം, ഈ സ്ഥലത്തു നിര്‍മാണം നടത്താന്‍ സാധിക്കില്ലെന്നു പഠന റിപ്പോര്‍ട്ട് വന്നു. ഇതോടെ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്താനായി നീക്കം. പലയിടത്തും സ്ഥലം കണ്ടെത്തിയെങ്കിലും അതൊന്നും ഏറ്റെടുത്തില്ല. ഇതിനിടെ വയനാട്ടിലെ ഏക സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആക്കി മാറ്റാമെന്ന് തീരുമാനമായി. അവസാന നിമിഷം സര്‍ക്കാര്‍ ഈ തീരുമാനത്തില്‍നിന്നു പിന്‍മാറി.

മെഡിക്കല്‍ കോളജ് ആരംഭിക്കാത്തത് ജില്ലയില്‍ വലിയ ചര്‍ച്ച ആയതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി പ്രഖ്യാപിച്ചു. അതോടെ ജില്ലാ ഭരണകൂടത്തിന് ആശുപത്രിയില്‍ അധികാരമില്ലാതായി. ഇതോടെ, തട്ടിയും മുട്ടിയും ഒരുവിധം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആശുപത്രിയുടെ നടത്തിപ്പ് അവതാളത്തിലായി. ജില്ലാ ആശുപത്രിയായിരുന്നപ്പോൾ ലഭിച്ചിരുന്ന ചികിത്സപോലും കിട്ടാതായിരിക്കുകയാണ്.

ഏറ്റവും ഒടുവില്‍ മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ സ്ഥലമാകട്ടെ വയനാട് ജില്ലയുടെ ഒരറ്റത്ത് കണ്ണൂര്‍ ജില്ലയുടെ അടുത്ത് വനത്തോട് ചേർന്നാണ്. മേപ്പാടി, വൈത്തിരി തുടങ്ങി ജില്ലയിലെ മറ്റു ഭാഗങ്ങളില്‍നിന്ന് ഇവിടേക്കുള്ള ദൂരവും കോഴിക്കോടേക്കുള്ള ദൂരവും ഏകദേശം തുല്യമാണ്. രണ്ടു മണിക്കൂര്‍ സഞ്ചരിക്കേണ്ടി വരും. ഇവിടെ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നോ എന്തിനുവേണ്ടിയാണെന്നോ ഉള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ല. ചുരുക്കിപ്പറഞ്ഞാല്‍, സർക്കാർ മേഖലയിൽ മികച്ച ചികിത്സാസംവിധാനം എന്ന വയനാട്ടുകാരുടെ സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close