KERALANEWSTop News

വയനാട് വൈത്തിരി സബ് ജയിലിൽ കോവിഡ് രോഗികൾക്കൊപ്പം മറ്റുള്ളവരും ഒരേ മുറിയിൽ; ഒരാൾക്ക് പോസിറ്റീവ് ആയാൽ പകരാൻ നിമിഷങ്ങൾ മാത്രം; കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

ബത്തേരി: വയനാട് വൈത്തിരി സബ് ജയിലിൽ കൊറോണ ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ച് താമസിപ്പിച്ചതായി പരാതി ഉയരുന്നു. ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത് എന്നാണ് ആരോപണം. ജയിലിൽ പകുതിയിലധികം പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്ക് മുഴുവൻ കൊറോണ ലക്ഷണവുമുണ്ടെന്നാണ് റിപ്പോർട്ട്.

ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിച്ച മുറികളാണ് പലതും. രണ്ടുപേർക്ക് മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടുപേരെ താമസിപ്പിച്ചിരിക്കുന്നത്. പരമാവധി 16 പേരെ താമസിപ്പിക്കേണ്ട ഇടത്ത് 43 തടവുകാരെയാണ് താമസിപ്പിച്ചിട്ടുള്ളത്. ഇതിൽ 26 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എല്ലാ മുറികളും അടുത്തടുത്തടുത്തായാണ് സ്ഥിതിചെയ്യുന്നത്.

ഒരാൾക്ക് പോസിറ്റീവായാൽ ബാക്കിയുള്ളവർക്ക് പകരാൻ നിമിഷ നേരം മതി. ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നതും കൊറോണ പോസിറ്റീവായ തടവുകാരാണ്. ജയിലിലെ അസൗകര്യങ്ങളും കൊറോണ കാലത്തെ പ്രതിസന്ധികളും തടവുകാരുടെ എണ്ണക്കൂടുതലും അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരുനടപടിയും ഉണ്ടായിട്ടില്ല.

മാനന്തവാടിയിലെ ജില്ലാ ജയിൽ ഇതിനേക്കാൾ വലുപ്പമുള്ളതും 200 പേരെ ഒരേ സമയം താമസിപ്പിക്കാൻ സൗകര്യമുള്ളതുമാണ്. എന്നാൽ, ഇപ്പോൾ അവിടെ 70 തടവുകാർ മാത്രമാണുള്ളത്. മാനന്തവാടിയിലെ വനിതാ സെൽ ഇപ്പോൾ കോഴിക്കോട്ടേക്ക് മാറ്റിയിട്ടുണ്ട്. പുതുതായി വരുന്നവരെ ഈ സെല്ലിലാണ് പ്രവേശിപ്പിക്കുന്നത്. മാനന്തവാടിയിൽ ഇത്രയധികം സൗകര്യവും ഒഴിവുകളുമുണ്ടെങ്കിലും രണ്ടിടത്തെയും സൂപ്രണ്ടുമാർ തമ്മിലുള്ള ഈഗോ പ്രശ്‌നം മൂലമാണ് തടവുകാരെ മാറ്റാത്തതെന്നാണ് റിപ്പോർട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close