KERALANEWS

അധികൃതരുടെ അനാസ്ഥ, വയനാട്ടില്‍ നശിക്കുന്നത്‌ കോടികളുടെ തടികള്‍, സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിസന്ധിയിലായത്‌ തൊഴിലാളികളടക്കം നിരവധി പേര്‍


കല്‍പറ്റ: വയനാട്ടില്‍ നിയമാനുസൃതം മുറിച്ച 200 കോടി രൂപ വില മതിക്കുന്ന മരങ്ങള്‍ നശിക്കുന്നു. മുറിച്ച മരങ്ങള്‍ നീക്കം ചെയ്യുന്നതിനു റവന്യൂ പട്ടയഭൂമിയിലെ വീട്ടി, തേക്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കാണ് ഇതിനു കാരണം. അടിയന്തരാവശ്യങ്ങള്‍ നിറവേറ്റുന്നതിനു മരങ്ങള്‍ വിറ്റ ചെറുകിട കര്‍ഷകരടക്കം ഭൂവുടമകളും വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സ് നല്‍കി വൃക്ഷങ്ങള്‍ വാങ്ങി മുറിച്ച തടി വ്യാപാരികളും ഗതികേടിലാണ്. ടിംബര്‍ മേഖലയെ ഉപജീവനത്തിനു നേരിട്ടു ആശ്രയിക്കുന്ന മരം വെട്ടുകാര്‍, തടിവലിക്കാര്‍, റൈറ്റര്‍മാര്‍, അളവുകാര്‍, കയറ്റിറക്ക് തൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, മരം ലോറികളുടെ ഉടമകള്‍-ജീവനക്കാര്‍, ഈര്‍ച്ചമില്‍ തൊഴിലാളികള്‍ തുടങ്ങിയവരും പ്രതിസന്ധിയിലാണ്.


2005ലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമം അനുസരിച്ചു ഒരു ഹെക്ടര്‍ വരെ(2.47 ഏക്കര്‍) വിസ്തൃതിയുള്ള സ്വകാര്യ ഭൂമിയിലെ ഏതാനും ഇനങ്ങള്‍ ഒഴികെ മരങ്ങള്‍ മുറിക്കുന്നതിനും കടത്തുന്നതിനും വനം, റവന്യൂ വകുപ്പുകളുടെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നിട്ടും മുറിച്ച മരങ്ങള്‍ നീക്കം ചെയ്യുന്നതിനു ജില്ലയില്‍ വ്യാപകമായി വനം ഉദ്യോഗസ്ഥര്‍ അനാവശ്യ തടസ്സം സൃഷ്ടിക്കുകയാണെന്നു കേരള സ്‌റ്റേറ്റ് ടിംബര്‍ മര്‍ച്ചന്റ്‌സ് ആന്‍ഡ് സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജയിംസ് ഇമ്മാനുവേല്‍, സെക്രട്ടറി കെ.സി.കെ.തങ്ങള്‍ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമാനുസൃതം മരങ്ങള്‍ കയറ്റി പോകുകയായിരുന്ന രണ്ടു ലോറികള്‍ വനപാലകര്‍ തടഞ്ഞു. തടിക്കച്ചവടക്കാരുടെ സംഘടനാഭാരവാഹികള്‍ നേരിട്ടു ഇടപെട്ടതിനുശേഷമാണ് ലോറികള്‍ വിട്ടത്. ലേലത്തില്‍ വാങ്ങിയ ഈട്ടി കയറ്റിപ്പോകുന്ന ലോറികളും ഉദ്യോഗസ്ഥര്‍ തടയുന്നുണ്ട്.


വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമപ്രകാരം ചന്ദനം, ഈട്ടി, തേക്ക്, ഇരുള്‍, തേമ്പാവ്, കമ്പകം, ചെമ്പകം, ചടച്ചി, ചന്ദനവേപ്പ്, ചീനി, വെള്ളകില്‍, എബണി എന്നിവ ഒഴികളെ മരങ്ങള്‍ മുറിക്കാനാണ് ചെറുകിട സ്വകാര്യ ഭൂവുടമകള്‍ക്കു അവകാശം. സ്വതന്ത്രമായി മുറിക്കാന്‍ അനുവാദമില്ലാത്ത ഇനങ്ങളില്‍ ഇരുള്‍ ജില്ലയില്‍ വിരളമാണ്. കമ്പകം, എബണി, വെള്ളകില്‍ എന്നീ ഇനങ്ങള്‍ ജില്ലയിലെ സ്വകാര്യ തോട്ടങ്ങളില്‍ പേരിനുപോലും ഇല്ല. സില്‍വര്‍ ഓക്ക്, പ്ലാവ്, മാവ്, വെണ്ടേക്ക്, വേങ്ങ, കാട്ടുവേപ്പ് തുടങ്ങിയ ഇനം വൃക്ഷങ്ങളാണ് സ്വകാര്യ തോട്ടങ്ങളില്‍ മുറിച്ചിട്ടതില്‍ അധികവും. തടികളുടെ ഗുണനിലവാരം വെയിലും മഴയും കീടാക്രണവും മൂലം ഗണ്യമായി കുറയുന്നതു കനത്ത നഷ്ടമാണ് കച്ചവടക്കാര്‍ക്കു വരുത്തിവെക്കുന്നത്. വയനാട് ടിംബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ 684 അംഗങ്ങളുണ്ട്. ഇതില്‍ 54 പേര്‍ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷനുള്ളവരാണ്.


വയനാട്‌ചില പരിസ്ഥിതി സംഘടനകളുടെ ദുഷ്‌ലാക്കോടെയുള്ള ഇടപെടലുകളും ടിംബര്‍ മേഖലയെ തളര്‍ത്തുകയാണെന്നു മരം വ്യാപാരികള്‍ പറയുന്നു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ സ്വകാര്യ തോട്ടത്തില്‍ നിയമവിധേയമായി നടന്ന മരംമുറി ഒരു പരിസ്ഥിതി സംഘടന വിവാദമാക്കിയതിന്റെ തിക്തഫലം ഭൂവുടമയും തടി വ്യാപാരിയും അനുഭവിക്കുകയാണ്. മരം മുറി നടന്ന തോട്ടം റവന്യൂ ഭൂമിയും ഉള്‍പ്പെടുന്നതാണെന്ന വാദമാണ് പരിസ്ഥിതി സംഘടന ഉയര്‍ത്തിയത്. ഇതോടെ ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് മരങ്ങള്‍ വെട്ടുന്നതും മുറിച്ച മരങ്ങള്‍ കടത്തുന്നതും തടഞ്ഞു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സര്‍വേ നടത്തിയപ്പോള്‍ തോട്ടത്തില്‍ റവന്യൂ ഭൂമി ഇല്ലെന്നു വ്യക്തമായി. സര്‍വേ റിപ്പോര്‍ട്ട് കുറ്റമറ്റതല്ലെന്നും ജില്ലയ്ക്കു പുറമേനിന്നുള്ള സര്‍വേ സംഘം തോട്ടം അളക്കണമെന്നുമാണ് പരിസ്ഥിതി സംഘടന ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തടികള്‍ കടത്താന്‍ കഴിയാത്തതിനാല്‍ തോട്ടത്തിലെ മരങ്ങള്‍ വാങ്ങിയ കച്ചവടക്കാരന്‍ നട്ടം തിരിയുകയാണ്. പലേടത്തുനിന്നും കടം വാങ്ങിയാണ് കച്ചവടക്കാരന്‍ തോട്ടം ഉടമയ്ക്കു അഡ്വാന്‍സും തൊഴിലാളികള്‍ക്കു കൂലിയും നല്‍കിയത്.


തടി വ്യാപാര മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും വനം, റവന്യൂ മന്ത്രിമാര്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കിയതായി ഭാരവാഹികളായ വി.ജെ.ജോസ്, ജാബിര്‍ കരണി, എം.ജെ.അലക്‌സാണ്ടര്‍, കെ.പി.ബെന്നി എന്നിവര്‍ പറഞ്ഞു. വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വനം ഉദ്യോഗസ്ഥരില്‍ പലരും തയാറാകുന്നില്ലെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചന്ദനം കൃഷി ചെയ്യാനും വിളവെടുക്കാനും ഭൂവുടമകളെ അനുവദിക്കണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close