KERALANEWS

“ഞങ്ങൾക്ക് പോകാൻ മറ്റൊരിടമില്ല, ഇതാണ് ഞങ്ങളുടെ വീട്” ; ജൂതത്തെരുവിലെ കാശ്മീരി വ്യാപാരികൾ

കൊച്ചി : കോവിഡ് കാലഘട്ടം എല്ലാവരെയും സാമ്പത്തികമായി ഏറെ ബാധിച്ച കാലഘട്ടമായിരുന്നു. പലർക്കും ജോലി നഷ്ടമായി. വില്പനക്കാർക്ക് കച്ചവടം നഷ്ടമായി. ഇങ്ങനെ ഏവരെയും പലരീതിയിൽ കോവിഡ് ബാധിച്ചു. കോവിഡ് ഏറ്റവുമധികം ബാധിച്ചത് ടൂറിസം മേഖലയെയാണ്. യാത്രകൾ നിലച്ചതോടെ ടൂറിസം വ്യവസായത്തെയും അതിനെ ആശ്രയിച്ചു നിന്ന വ്യാപാരികളെയും ഇക്കാലം നഷ്ടത്തിലാക്കി. കൊച്ചി മട്ടാഞ്ചേരി ജൂതത്തെരുവിലെ കാശ്മീരി വ്യാപാരികളുടെ അവസ്ഥ ഇത്തരത്തിൽ പ്രതിസന്ധിയിലാണ്. കടയുടമകൾ മുഴുവൻ വാടക ചുമത്താൻ ആവശ്യപ്പെട്ടതിനാൽ കച്ചവടം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലാണ് പലരും.

“സിനഗോഗിലേക്ക് പോകുന്ന വഴിയുടെ ഇരുവശത്തുമായാണ് ഞങ്ങൾ കച്ചവടം ചെയ്യുന്നത്. പകർച്ചവ്യാധി സമയത്ത് ആയിരത്തി ഒരുനൂറോളം കാശ്മീരികൾ കേരളം വിട്ടു. അതിന് ശേഷം ഏകദേശം 16 കുടുംബങ്ങൾ തിരിച്ചെത്തി. ഇവിടെ നിന്ന് തിരികെ പോകാൻ ഞങ്ങൾക്ക് കഴിയില്ല. ഞങ്ങളുടെ കുട്ടികൾ ഇവിടുത്തെ സ്കൂളുകളിലാണ് പഠിക്കുന്നത്. ഞങ്ങളുടെ കടകൾ നശിപ്പിക്കപ്പെടും.” കാശ്മീരി ട്രേഡേഴ്സ് വെൽഫെയർ അസോസിയേഷൻ (KTWA) പ്രസിഡന്റ് സാജിദ് ഘട്ടായി പറഞ്ഞു.

പകർച്ചവ്യാധി ആരംഭിച്ച ശേഷം വാടകയുടെ അമ്പത് ശതമാനം നൽകിയാൽ മതിയെന്നായിരുന്നു നിയമം. എന്നാൽ, അധികം കാലം കഴിയാതെ ഉടമസ്ഥർ നിലപാട് മാറ്റി. ഇപ്പോൾ 2020 മുതലുള്ള കുടിശികയും അടുത്ത മാസം മുതൽ മുഴുവൻ വാടകയും നൽകണമെന്ന് അവർ ആവശ്യപെടുന്നു. ബിസിനസിൽ യാതൊരു മെച്ചവും ലഭിക്കാത്ത സാഹചര്യത്തിൽ ഈ തീരുമാനം വ്യാപാരികളെ പ്രതിസന്ധിയിലാക്കുകയാണ്. ഇതിനെ തുടർന്ന് ഒരു വ്യാപാരിക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകി എന്നും ഇവർ പറയുന്നു.

“സംസ്ഥാന സർക്കാർ ഹൗസ് ബോട്ട് ഉടമകളെയും ടൂറിസ്റ്റ് ഗൈഡുകളെയും ടൂറിസം വ്യവസായത്തില്ലേ മറ്റുള്ളവരെയും സഹായിക്കുമ്പോൾ ഞങ്ങളെക്കുറിച്ചു ആലോചിക്കുന്നില്ല. ഞങ്ങൾക്ക് പോകാൻ മറ്റൊരിടമില്ല. ഇതാണ് ഞങ്ങളുടെ വീട്.” സാജിദ് കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close