
ഇക്കുറി സിവില്‍ സര്‍വീസ് കിട്ടിയ മലയാളികളിലേറെയും മലയാളം ഓപ്ഷനലായി എടുത്തവര്‍. മലയാളത്തില്‍ തന്നെ സിവല്‍ സര്‍വീസ് പരീക്ഷ മുഴുവന്‍ എഴുതുന്നവരുടെ എണ്ണം കൂടിവരുന്നതിനെപ്പറ്റി കോര്‍പറേറ്റ് /സിവില്‍ സര്‍വീസ് പരിശീലകനും അബ്സല്യൂട്ട് ഐഎഎസ് അക്കാദമി ഡയറക്ടറും പോസിറ്റിവിറ്റി ട്രെയ്നറുമായി ജോബിന് എസ് കൊട്ടാരം എഴുതുന്നു.
ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് വിജയം മലയാളിക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. വിജയികളില്‍ പതിനൊന്ന് പേരുടെയും ഐച്ഛിക വിഷയം മലയാളമായിരുന്നു. മുഴുവന്‍ പരീക്ഷയും മലയാളത്തില്‍ എഴുതി ഇന്റര്‍വ്യു വരെ എത്തിയവരില്‍ നാലു പേരുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് മലയാളത്തില്‍ എഴുതാന്‍ പറ്റുമെന്നും, മലയാളം ഓപ്ഷണലായി എടുത്ത് മികച്ച മാര്‍ക്ക് നേടാമെന്നും പലര്‍ക്കും അറിയില്ല. മലയാളത്തിന്റെ സാധ്യത ഉപയോഗിച്ച് ഭരണസിരാകേന്ദ്രത്തില്‍ എത്തുവാനുള്ള മികച്ച അവസരം ഇപ്പോഴുണ്ട്. വെയ്റ്ററും ഫര്‍മാനും ഒക്കെയായി ജോലി ചെയ്തിരുന്ന, ഈ വര്‍ഷ സിവില്‍ സര്‍വ്വീസ് കീഴടക്കിയ ആശിഷ് ദാസിന്റെ ഓപ്ഷണല്‍ മലയാളം ആയിരുന്നു.
ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും സ്വപ്നമാണ് ഒരു ഐ.എ.എസ്. ഓഫീസറായിത്തീരുകയെന്നുള്ളത്. ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള അസാമാന്യ വൈഭവം കൂടിയേ തീരൂ, ഉറക്കമിളച്ചിരുന്നുള്ള പഠനം അനിവാര്യം, ബുദ്ധി രാക്ഷസന്മാര്ക്കു മാത്രമേ ഈ പരീക്ഷ കീഴടക്കാനാവൂ എന്നിങ്ങനെ ഒട്ടേറെ അബദ്ധധാരണകള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയെക്കുറിച്ച് നിലവിലുണ്ട്. എന്നാല്‍ ഇതല്ല ശരിയെന്ന് സിവില്‍ സര്‍വ്വീസ് വിജയിച്ച വ്യക്തികളും, മെന്റര്‍മാരും ഒരേ സ്വരത്തില്‍ പറയും.
1964 മുതല്‍ ഇന്ത്യയിലെ മുഴുവന്‍ പ്രാദേശിക ഭാഷകളിലും ഐ.എ.എസ്., ഐ.എഫ്.എസ്., ഐ.പി.,എസ്. തുടങ്ങി ഇരുപതില്പരം സര്‍വ്വീസുകളിലേക്ക് നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുവാനുള്ള സൗകര്യമുണ്ട്. ഇതുപ്രകാരം മലയാളത്തിലും മുഴുവന്‍ പരീക്ഷയെഴുതാം. മാത്രമല്ല ഇന്റര്‍വ്യൂവും മലയാളത്തിലെടുക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ വേണ്ടത്ര പുസ്തകങ്ങളോ, പരിശീലനം നല്കുവാന് സ്ഥാപനങ്ങളോ ഇല്ലാതിരുന്നതിനാല്‍ പലരും ഈ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്.
എന്നാല്‍ ഈ രീതിക്ക് മാറ്റം വന്നത് ജോബിന് എസ്. കൊട്ടാരം എന്ന സിവില്‍ സര്‍വ്വീസ് പരിശീലകന് ഈ രംഗത്തേയ്ക്ക് കടന്നുവരുന്നതോടകൂടിയാണ്. അക്കഥയിലൂടെ…
ഇന്റര്‍വ്യൂവിലെ തോല്‍വി, മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി
2010 ലാണ് ജോബിന് എസ്. കൊട്ടാരം എന്ന സിവില്‍ സര്‍വ്വീസ് പരിശീലകന് സിവില്‍ സര്‍വ്വീസ ഇന്റര്‍വ്യൂ എന്ന കടമ്പ വരെയെത്തുന്നത്. 10 ലക്ഷം പേര് അപേക്ഷിക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഏകദേശം അഞ്ചു ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷയെഴുതുന്നത്. അതില്‍ പതിനയ്യായിരം പേര് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടും. അതില്‍ മൂവായിരം പേര് ഇന്റര്‍വ്യൂ അഥവാ പേഴ്സണാലിറ്റി ടെസ്റ്റിന് അര്‍ഹത നേടും. അതില്‍ ഏതാണ്ട് ആയിരത്തോളം പേരാണ് വിവിധ സിവില്‍ സര്‍വ്വീസുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതായത് പേഴ്സാണാലിറ്റി ടെസ്റ്റിന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേരില്‍ ഒരാള്‍ സിവില്‍ സര്വ്വീസിലെത്തിച്ചേരുമെന്ന് ചുരുക്കം.
അങ്ങനെ പത്തുലക്ഷം പേരില്‍ നിന്ന് അവസാനത്തെ മൂന്നു പേരിലൊരാളായി ചുരുങ്ങിയിട്ടും, കേവലം രണ്ടു മാര്‍ക്കിന് സിവില്‍ സര്‍വ്വീസ് നഷ്ടമായപ്പോഴാണ് ജോബിന് എസ്. കൊട്ടാരം സിവില്‍ സര്‍വ്വീസ് പരിശീലന രംഗത്തേക്ക് തിരിയുന്നത്.
മലയാളം ഓപ്ഷണല്‍ എത്തിക്സ്, കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളായിരുന്നു എടുത്തുകൊണ്ടിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നൂറ്റിഎട്ടോളം വിദ്യാര്‍ത്ഥികളെ സിവില്‍ സര്വ്വീസിലെത്തിക്കുവാന് ഇദ്ദേഹത്തിനു കഴിഞ്ഞു. അപ്പോഴാണ് മലയാളം മീഡിയത്തില്‍ പഠിച്ച സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ തടിയന് ഇംഗ്ലീഷ് പുസ്തകങ്ങള്‍ പഠിക്കുവാന്‍ പ്രയാസപ്പെടുന്നത് ജോബിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മാത്രമല്ല മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുവാനുള്ള അവരുടെ കഴിവും ഒരു അധ്യാപകനെന്ന നിലയില്‍ ബോധ്യപ്പെട്ടിരുന്നു.
അങ്ങനെയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ മുഴുവനും മലയാളത്തിലെഴുതുവാനുള്ള പുസ്തകങ്ങള്‍ തയ്യാറാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ജോബിന് എസ്. കൊട്ടാരം ഒറ്റയ്ക്ക് ഏറ്റെടുക്കുന്നത്. പഠനകാലയളവിലെ നോട്ട്സും, റഫറന്‍സ് മെറ്റീരിയലുകളും ആധാരമാക്കി സിവില്‍ സര്‍വ്വീസിനു വേണ്ട പതിനാറോളം പുസ്തകങ്ങള്‍ രചിച്ചു. ഒപ്പം സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സിവില്‍ സര്‍വ്വീസ് മലയാളത്തിലെഴുതുവാന് പരിശീലനം നല്കുന്ന അബ്സൊല്യൂട്ട് എന്ന അക്കാദമിയും ആരംഭിച്ചു.
മലയാളം തന്ന മധുരം
കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് മലയാളം ഓപ്ഷണല്‍ പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ എ.ബി.ശില്പയും, ഈ വര്‍ഷത്തെ റാങ്ക് ജേതാവ് ആശിഷ് ദാസുമൊക്കെ മലയാളം പഠിച്ചത് ജോബിന് എസ്. കൊട്ടാരത്തിന്റെ അടുത്തു നിന്നാണ്. ആശിഷ് ദാസും, ബി.ടെക് പശ്ചാത്തലമുള്ള എ.ബി.ശില്പയുമൊക്കെ മലയാളമെടുത്ത് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ ഭാഗമാകുമ്പോള്‍ അത് അഭിമാനം പകരുന്ന കാര്യമാണ്. 314 മാര്‍ക്കാണ് ശില്പയ്ക്ക് ലഭിച്ചത്.
മുഴുവന്‍ പരീക്ഷയും മലയാളത്തിലെഴുതിയവരുണ്ടോ?
നാഗാലാന്‍ഡില്‍ ജില്ലാ കളക്ടറായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് അലി ഷിഹാബ് ഐ.എ.എസ്., മുംബൈ ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, ഇന്ത്യന്‍ റയില്‍വേ സര്‍വ്വീസ് ഉദ്യോഗസ്ഥന് ലിപിന്‍രാജ്, ഇന്ത്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന് മിഥുന് തുടങ്ങിയ ആളുകള്‍ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുഴുവന്‍ പരീക്ഷയും മലയാളത്തിലെഴുതി സിവില്‍ സര്വ്വീസിലെത്തിയവരാണ്. ഇതില്‍ തന്നെ ഐ.എ.എസ്. ലഭിച്ച മുഹമ്മദ് അലി ഷിഹാബ് ഇന്റര്‍വ്യൂവും മലയാളത്തിലാണ് ചെയ്തത്.
മലയാളത്തിലെഴുതുന്നതിനെക്കുറിച്ച് അവര്‍ പറയുന്നത് കേള്‍ക്കൂ
”മലയാളത്തിലാകുമ്പോള്‍ ചിന്തകളും ആശയങ്ങളും ഒട്ടും ചോരാതെ എഴുതാം. ഒരു ശരാശരി മലയാളി ഇംഗ്ലീഷില്‍ പഠിച്ചാലും ചിന്തിക്കുന്നതും ആശയങ്ങള്‍ രൂപപ്പെടുത്തുന്നതും മലയാളത്തിലാണ്. ഇംഗ്ലീഷില്‍ പഠിച്ച് മലയാളത്തില്‍ ചിന്തിച്ച് ഇംഗ്ലീഷില്‍ എഴുതേണ്ടി വരുമ്പോള്‍ ആശയ ശോഷണം സംഭവിക്കാം. മലയാളത്തില്‍ പരീക്ഷയെഴുതുന്നത് വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കാണാതെ പഠിച്ച് എഴുതാവുന്ന ഒന്നല്ല സിവില്‍ സര്‍വ്വീസ് പരീക്ഷ. നമ്മുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളുമാണ് ഉത്തരങ്ങളാകേണ്ടത്. അതിനാല്‍ ചിന്തകള്‍ മാതൃഭാഷയിലാക്കി എഴുതുന്നത് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുന്നിലെത്താന്‍ മലയാളിയെ സഹായിക്കും.” ജ്യോതിസ് മോഹന്റെ വാക്കുകളാണിത്.
സിവില്‍ സര്‍വ്വീസ് ഏതു ഭാഷയില്‍ എഴുതുന്നു എന്നതല്ല. മറിച്ച് എത്രത്തോളം അറിവുണ്ട് എന്നതിലാണ് കാര്യമെന്ന് ലിപിന്‍ രാജ് പറയുന്നത്. മാത്രമല്ല കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥി ഇംഗ്ലീഷിലെഴുതി ജെ.എന്‍.യു.വിലെ, സെന്റ് സ്റ്റീഫന്സിലോ, ഐ.ഐ.റ്റി.യിലോ പഠിച്ച വിദ്യാര്‍ത്ഥിയോട് മത്സരിക്കുന്നതിലും നല്ലത്, മലയാളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മലയാളത്തില്‍ മുഴുവന്‍ പരീക്ഷയെഴുതി, ഇന്റര്‍വ്യൂവിനെയും നേരിട്ട മുഹമ്മദ് അലി ഷിഹാബ് ഐ.എ.എസ്. പറയുന്നത് ”ആശയങ്ങളെ പൂര്‍ണ്ണമായി എഴുതി ഫലിപ്പിക്കുവാന്‍ മലയാളം സഹായകരമായതിനാലാണ് താന്‍ മലയാളത്തില്‍ പരിക്ഷയെഴുതിയത്” എന്നാണ്.
എന്തായാലും മലയാളത്തില്‍ പരീക്ഷയെഴുതുന്നവരുടെയും, മലയാളം ഐച്ഛിക വിഷയമെടുക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്.
മലയാളത്തിനു വേണ്ടിയുള്ള ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജോബിന് എസ്. കൊട്ടാരത്തെപ്പോലെയുള്ള അധ്യാപകര്‍ സ്വപ്നം കാണുന്നത് അമ്മ മലയാളത്തിന്റെ സാന്ത്വനവുമായി നൂറുകണക്കിന് മലയാളികള്‍ സിവില്‍ സര്‍വ്വീസിന്റെ ഭാഗമാകുന്ന ദിനങ്ങളാണ്.