INDIANEWSTrending

യോഗ പരിശീലകൻ, അച്ചാർ വിൽപനക്കാരി, സ്റ്റേഷനറി ഷോപ്പ് ഉടമ; ബംഗാൾ പിടിക്കാൻ ഒരുങ്ങി വ്യത്യസ്ത മത്സരാർത്ഥികൾ; നിർണായകമായ തിരഞ്ഞെടുപ്പ് നേരിടാൻ തയാറായി മമത

വരാൻ പോകുന്ന പശ്ചിമബംഗാൾ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ, ഇന്ത്യൻ ജനത ഉറ്റുനോക്കുന്ന സീറ്റാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂർ മണ്ഡലം. നന്ദിഗ്രാമിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു. അവിടെ മുഖ്യമന്ത്രിയായി തുടരണമെങ്കിൽ മമതയ്ക്ക് ഒരു ഉപതിരഞ്ഞെടുപ്പ് വിജയിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വരാൻ പോകുന്ന തിരഞ്ഞെടുപ്പ് മമതയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. എന്നാൽ, മമതക്കെതിരെ പശ്ചിമ ബംഗാൾ കരസ്ഥമാക്കാൻ മത്സരിക്കുന്നവർ ഒരുപാടാണ്. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രേവാളും സിപിഐ (എം) സ്ഥാനാർത്ഥി ശ്രീജിത് ബിശ്വാസും മാത്രമല്ല, ഒരു സാമ്പത്തിക ഉപദേഷ്ടാവ്, യോഗ പരിശീലകൻ, ഒരു അച്ചാർ വിൽപനക്കാരി, ഒരു സ്റ്റേഷനറി ഷോപ്പ് ഉടമ, സ്വർണ്ണ മെഡൽ നേടിയ ഒരു ശാസ്ത്രീയ സംഗീതജ്ഞൻ, ഒരു സ്കൂൾ പ്രിൻസിപ്പൽ തുടങ്ങി സമൂഹത്തിന്റെ പല പല തട്ടുകളിൽ നിന്നുള്ളവരാണ് ഇവിടെ അംഗത്തിനിറങ്ങുന്നത്. ഇതോടെ വരാൻ പോകുന്ന തിരഞ്ഞെടുപ്പ് കൂടുതൽ കടുക്കുകയാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ആറുപേർ സ്വതന്ത്രരാണ്. അതേസമയം മമത ബാനർജി, ബിജെപിയുടെ പ്രിയങ്ക ടിബ്രേവാൾ, സിപിഐ എമ്മിലെ ശ്രീജിത് ബിശ്വാസ് എന്നിവർ മറ്റ് ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്നു. മത്സരത്തെ കൂടുതൽ രസകരമാക്കുന്നത് എതിർസ്ഥാനാർഥികളുടെ പട്ടിക തന്നെയാണ്. ചിലർ വെറും തമാശക്ക് വേണ്ടി മത്സരിക്കുന്നു എന്ന് പറയുമ്പോൾ, മറ്റുള്ളവർ സമൂഹത്തിലൊരു മാറ്റം കൊണ്ടുവരാൻ പോരാടുകയാണെന്നാണ് അവകാശപ്പെടുന്നത്. കൂടാതെ, പാർട്ടി വൃത്തങ്ങൾ അനുസരിച്ച്, രണ്ട് ഡമ്മി സ്ഥാനാർത്ഥികളും ഉണ്ട്.

“എന്നെ കൂടുതൽ പേരറിയാനാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇത് സാമൂഹിക പ്രവർത്തനം തുടരാൻ എന്നെ സഹായിക്കും” അച്ചാറുകൾ വിൽക്കുകയും സ്വയംസഹായ സംഘം നടത്തുകയും ചെയ്യുന്ന റൂമ നന്ദൻ പറഞ്ഞു. യഥാക്രമം 60-കളിലും 50-കളിലും എത്തിനിൽക്കുന്ന സുബ്രത ബോസും, മലായ് ഗുഹ റോയിയും തങ്ങൾ തമാശയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത് എന്ന് പറയുന്നു. അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ, ഇരുവരും തൃണമൂൽ കോൺഗ്രസ്സിന്റെ സ്കീമുകളും പദ്ധതികളും ഷെയർ ചെയ്തതായി കണ്ടെത്തി. “ഞാൻ നന്ദിഗ്രാമിൽ മത്സരിക്കുകയും 77 വോട്ടുകൾ നേടുകയും ചെയ്തു. എന്നെ ആർക്കും അറിയാത്ത ഒരു സ്ഥലത്ത് പോലും എനിക്ക് ലഭിച്ച ജനപ്രീതി ഞാൻ ആസ്വദിച്ചിരുന്നു” എന്ന് സാമ്പത്തിക ഉപദേഷ്ടാവായ ബോസ് പറഞ്ഞു.

എന്നാൽ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് രണ്ട് സ്ഥാനാർത്ഥികളും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. “അഴിമതിക്കും തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തിനും എതിരെ പോരാടാനാണ് ഞാൻ ഇവിടെ വന്നത്” പരിസ്ഥിതി പഠനത്തിലും ശാസ്ത്രീയ സംഗീതത്തിലും സ്വർണ്ണ മെഡൽ ജേതാവായ ചന്ദ്രചൂർ ഗോസ്വാമിയുടെ വാക്കുകളാണിവ. മൂന്ന് വർഷം മുൻപ് സ്ഥാപിച്ച ഭാരതീയ ന്യായ അധികാർ രക്ഷാ പാർട്ടിയെ പ്രതിനിധീകരിക്കുന്ന യോഗ പരിശീലകയായ സ്വർണലത സർക്കാർ, ബഹുജൻ മഹാ പാർട്ടിയിലെ സ്റ്റേഷനറി ഷോപ്പ് ഉടമ മംഗൾ സർക്കാർ എന്നിവരും ഒരു മാറ്റം കൊണ്ടുവരാനുള്ള മത്സരത്തിലാണ്. കൊൽക്കത്തയിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ സതാദ്രു റോയിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. സെപ്റ്റംബർ 30 -നാണ് ഉപതിരഞ്ഞെടുപ്പ്, ഒക്ടോബർ 3 -ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഇന്ത്യൻ ജനതയുടെ കണ്ണുകൾ പശ്ചിമ ബംഗാളിലേക്ക് തിരിയുന്ന ദിനത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close