പശ്ചിമ ബംഗാൾ നഗരസഭകളിൽ തൃണമൂൽ പടയോട്ടം; ഇടതു മുന്നണി തിരിച്ചുവരവിന്റെ പാതയിൽ; തകർന്നടിഞ്ഞ് കോൺഗ്രസും ബിജെപിയും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയുമായി തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് നടന്ന 108 നഗരസഭകളിൽ 102 നഗരസഭകളിലും തൃണമൂൽ കോൺഗ്രസ് ഭരണം ഉറപ്പിച്ചു. ഒരു നഗരസഭയിൽ സിപിഎം അധികാരം പിടിച്ചെടുത്തപ്പോൾ ബിജെപിയും കോൺഗ്രസും തകർന്നടിഞ്ഞു. 31 നഗരസഭകളിൽ പ്രതിപക്ഷമില്ലാതെയാണ് തൃണമൂലിന്റെ ജയം.
നാദിയ ജില്ലയിലെ തഹ്റാപുർ നഗരസഭയിൽ ഇടതുപക്ഷം വിജയം ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് ഒരു നഗരസഭയിൽ പോലും ഭരണം നേടാനായില്ല. കോൺഗ്രസിനും ഒരു നഗരസഭയിലും ജയിക്കാനായില്ല. അതേ സമയം മൂന്നു മാസം മുമ്പ് മാത്രം പിറവിയെടുത്ത ഹമ്രോ പാർട്ടി ഡാർജലീങ് മുനിസിപ്പാലിറ്റി ഭരണം പിടിച്ചത് ശ്രദ്ധേയമായി. തന്റെ പാർട്ടിക്ക് തിളക്കമാർന്ന ജയം നൽകിയതിന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ജനങ്ങളോട് നന്ദി അറിയിച്ചു.
നാല് നഗരസഭകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. സുവേന്ദു അധികാരിയുടെ തട്ടകമായ കിഴക്കൻ മിഡ്നാപുർ ജില്ലയിലെ കോണ്ടായി നഗരസഭയിൽ അധികാരം നിലനിർത്താനായത് തൃണമൂലിന് ഇരട്ടിമധുരമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി നിലവിൽ ബംഗാളിലെ പ്രതിപക്ഷ നേതാവാണ്