INDIAINSIGHTNEWSTrending

പ്രധാനമന്ത്രി കാർഷിക ബില്ലുകൾ പിൻവലിച്ചു; എന്താണ് ആ കാർഷിക നിയമം? അറിയാം കൂടുതൽ വിവരങ്ങൾ

കാർഷിക ബില്ലുകൾ പിൻവലിച്ചതായി പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചതോടെ വിജയം കൊയ്തത് പതിനാല് മാസമായി സമരം ചെയ്യുന്ന ഇന്ത്യൻ കർഷകർ. കൃഷിയുടെ സമസ്തമേഖലയിലും കോർപറേറ്റ്‌ ആധിപത്യം ഉറപ്പാക്കുന്ന മൂന്ന്‌ നിയമം പാർലമെന്ററി സംവിധാനങ്ങള്‍ അട്ടിമറിച്ചാണ് മോദി സർക്കാർ പാസാക്കിയത്‌. എന്നാൽ പലർക്കും ഇപ്പോഴും അറിയാത്ത ഒന്നുണ്ട്. എന്താണ് ആ കാർഷിക നിയമം എന്ന്.

മൂന്ന് കാർഷിക നിയമങ്ങൾ അടങ്ങിയതാണ് 2020 ലെ കാർഷിക ബില്ല്. 2020 സെപ്തംബറിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ല് ഒരാഴ്ചക്കകം രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. രാജ്യത്തെ കാർഷിക മേഖല സമ്പൂർണമായി ഉദാരവത്കരിക്കുന്നതാണ് ഈ നിയമങ്ങൾ.

  • കാർഷിക വിള വിപണന വാണിജ്യ നിയമം എന്ന പേരിലുള്ളതാണ് ആദ്യത്തേത്. ഈ നിയമപ്രകാരം കാർഷികോത്പന്നങ്ങൾ ഇന്ത്യക്കകത്തും സംസ്ഥാനങ്ങൾക്കുള്ളിലും നിയന്ത്രണങ്ങളില്ലാതെ കൈമാറ്റം ചെയ്യാനാകും. ഉത്പന്നങ്ങൾ പരിധിയില്ലാതെ എവിടെ നിന്നും സംഭരിക്കാം. ഇ-വിപണി വഴിയും സംഭരണവും കൈമാറ്റവും നടത്താം. സംസ്ഥാനങ്ങൾക്കാകട്ടെ ഫീസ് ഈടാക്കാൻ വകുപ്പുമില്ല.
  • കർഷക ശാക്തീകരണ സംരക്ഷണ നിയമമാണ് രണ്ടാമത്തേത്. വിളവിറക്കുന്നതിന് മുൻപേ കർഷകരുമായി വ്യാപാരികൾക്ക് കരാറുണ്ടാക്കാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.
  • അവശ്യവസ്തു നിയമഭേദതി നിയമാണ് മൂന്നാമത്തേത്. ഭക്ഷ്യസാധനങ്ങൾ, വളം, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും കമ്പനികൾക്കും ശേഖരിച്ചുവെക്കാൻ അധികാരം നൽകുന്നതാണ് ഈ ഈ നിയമം. കരിഞ്ചന്തക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനുള്ള അധികാരം ഈ നിയമം വെട്ടിക്കുറച്ചു. കാർഷിക, ഉത്പാദന, വിപണന മേഖല പൂർണമായി കുത്തകവത്കരിക്കുകയും കർഷകരെ കോർപറേറ്റുകളുടെ ദയയ്ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നുവെന്നതാണ് ഈ നിയമത്തിനെതിരായ വിമർശനം.

കഴിഞ്ഞവർഷം ജൂണിൽ മൂന്ന്‌ ഓർഡിനൻസ്‌ ഇറക്കിയപ്പോൾത്തന്നെ പഞ്ചാബില്‍ പ്രക്ഷോഭം തുടങ്ങി. 2020 സെപ്‌തംബർ 17ന്‌ ലോക്‌സഭ ബില്ലുകൾ പാസാക്കിയതോടെ കർഷകർ തെരുവിലിറങ്ങി. 20ന്‌ രാജ്യസഭ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കി. 24 മുതൽ മൂന്നു ദിവസം പഞ്ചാബിൽ കർഷകർ ട്രെയിനുകൾ തടഞ്ഞു. ഒക്ടോബർ ഒന്നുമുതൽ പഞ്ചാബിൽ അനിശ്ചിതകാല ട്രെയിൻ ഉപരോധം തുടങ്ങി. ചരക്ക്‌ ട്രെയിനുകൾ നിർത്തി കേന്ദ്രം പ്രതികാരംവീട്ടി.

ഒക്ടോബര്‍ 25ന്‌ സംയുക്ത കിസാൻമോർച്ച ഡൽഹി ചലോ മാർച്ച്‌ പ്രഖ്യാപിച്ചു. പഞ്ചാബ് കർഷകരെ അതിർത്തിയിൽ തടയാൻ ഹരിയാന പൊലീസ്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹരിയാന കർഷകരും മാർച്ചിൽ അണിചേർന്നു. പതിനായിരക്കണക്കിനു കർഷകരും നൂറുകണക്കിനു ട്രോളി– -ട്രാക്ടറുകളും ഡൽഹിയിലേക്ക്‌ നീങ്ങി. ഡൽഹി അതിർത്തിയായ സിന്‍ഘുവിൽ 26 മുതൽ ആയിരക്കണക്കിനു കർഷകർ താവളമടിച്ചു. ടിക്രി, ഗാസിപുർ അതിർത്തികളിലും സമരകേന്ദ്രങ്ങൾ തുടങ്ങി. രാജ്യമെമ്പാടുമുള്ള കർഷകർ സമരത്തിൽ പങ്കുചേർന്നു. ചർച്ച നടത്തിയെങ്കിലും കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറല്ല. നിയമങ്ങൾ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി നിയമങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട്‌ നൽകിയെങ്കിലും അത്‌ പുറത്തുവിട്ടിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം വേണ്ടി വന്നാല്‍ അതുവരെയും സമരം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബർ 26 നുള്ളിൽ വിവാദമായ കാർഷിക നിയമം കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായിത് പ്രഖ്യാപിച്ചിരുന്നു. ഡൽഹി അതിർത്തികളായ സിംഗു, ടിക്രി, ഗസിപൂർ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിന് നവംബർ 26ന് ഒരു വർഷം തികയും.

കർഷക കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ്( എസ് കെ എം) പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ തമ്പടിച്ചിരിക്കുന്ന ഭാരതീയ കിസാൻ യൂണിയനും എസ് കെ എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ കാ‌ർഷിക നിയമങ്ങൾക്കെതിരെ ആയിരത്തോളം കർഷകരാണ് നവംബർ 2020 മുതൽ ഡൽഹിയുടെ അതിർത്തികളിലായി സമരം ചെയ്തുവരുന്നത്. ഇതിനോടകം കർഷകരുമായി പതിനൊന്ന് പ്രാവശ്യം കേന്ദ്രം ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

പ്രധാനമന്ത്രി ഇന്ന് രാവിലെ ഒൻപത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിയ്ക്കുമ്പോഴായിരുന്നു സുപ്രധാന പ്രഖ്യാപനം. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ഈ നിയമങ്ങൾ സർക്കാർ ആത്മാർത്ഥമായാണ് കൊണ്ടുവന്നത്. എന്നാൽ നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് പിൻ വലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ വിഷമങ്ങൾ മനസ്സിലായി, അവരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നൽകുമെന്നും നരേന്ദ്രമോദി പറഞ്ഞു, ഗുരു നാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close