INDIANEWSTop News

370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ ജമ്മുകശ്മീരിൽ ജനാധിപത്യമുണ്ടായി; സാധാരണക്കാരന് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുന്നന്നത് സ്വപ്നം കാണാം; മുമ്പ് ജനാധിപത്യം ചില കുടുംബത്തിന്റെ മാത്രം കുത്തകയായിരുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ശ്രീനഗർ: 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴാണ് ജമ്മുകശ്മീരിൽ ജനാധിപത്യമെന്തെന്ന് സാധാരണക്കാരന് മനസ്സിലായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ജമ്മുകശ്മീരിലെത്തിയ അമിത് ഷാ യുവജനങ്ങൾക്കായി നടത്തിയ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 370-ാം വകുപ്പ് റദ്ദാക്കുന്നതിന് മുമ്പ് ജനാധിപത്യം ഏതാനും കുടുംബത്തിന്റെ മാത്രം കുത്തകയായിരുന്നുവെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

370-ാം വകുപ്പ് റദ്ദാക്കിയതോടെയാണ് ഏറ്റവും താഴെതട്ടിലേക്ക് ജനാധിപത്യം എത്തിയത്. അതുവരെ ചില കുടുംബങ്ങളുടെ മാത്രം കുത്തകയായിരുന്നു അത്. 2019 ആഗസ്റ്റ് 5 എന്ന തീയതി ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ എഴുതിച്ചേർക്കപ്പെട്ടുകഴിഞ്ഞു. ഇത് ജമ്മുകശ്മീരിന്റെ പുതുജന്മമാണ്. ഇന്ന് ജമ്മുകശ്മീരിൽ യുവജനങ്ങൾ വികസനത്തിൽ കൈക്കോർക്കുകയാണ്. സ്വജനപക്ഷപാതവും , അഴിമതിയും ഇവിടെ നിന്നും ഇല്ലാതായി. ഇനി നിങ്ങളുടെ നാടിന്റെ വികസനം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്നും അമിത്ഷാ പറഞ്ഞു.

ജമ്മുകശ്മീരിലെ ഒരു യുവാവിന് താൻ ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്ന് സ്വപ്‌നംകാണാൻ സാധിക്കുമായിരുന്നോ എന്ന് ചോദിച്ച അമിത്ഷാ, ഇന്ന് ഏത് സാധാരണക്കാരനും എം.എൽ.എയും എം.പിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാൻ കഴിയുമെന്നും പറഞ്ഞു. ഈ മാറ്റത്തിന് കാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴാണ് താഴേക്കിടയിലെ ജനങ്ങളിലേക്ക് ജനാധിപത്യം എത്തിയതെന്നും അമിത്ഷാ പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യമായിട്ടാണ് ജമ്മുകശ്മീർ സന്ദർശിക്കുന്നത്. കാശ്മീരിൽ ഭീകരപ്രവർത്തനം തടയാൻ സൈന്യം ശ്രമിച്ചുകൊണ്ടിരിക്കെയാണ് ആഭ്യന്തരമന്ത്രിയുടെ സന്ദർശനം. ഭീകരർക്ക് സഹായം നൽകിയ 700 പേർ നിലവിൽ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ്. അതേസമയം, ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ കേന്ദ്രഭരണപ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള ഇന്ന് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close