INSIGHTNEWSTop NewsWORLD

‘ജനാധിപത്യ സംരക്ഷണത്തിനായി നിലകൊണ്ട മാധ്യമപ്രവർത്തകർ’ ; ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ശക്തമായ സന്ദേശമാകുമ്പോൾ

കഴിഞ്ഞ ദിവസം സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. രണ്ട് മാധ്യമപ്രവർത്തകർക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള പുരസ്‌കാരം. ഫിലിപ്പൈൻസിൽ നിന്നുള്ള മരിയ റെസ്സയും റഷ്യയിൽ നിന്നുള്ള ദിമിത്രി മുരാറ്റോവും ആണ് പുരസ്‌കാര ജേതാക്കൾ. അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള ധീരമായ പോരാട്ടത്തിനാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്. ആരാണിവർ? ജനാധിപത്യത്തിനും പത്രസ്വാതന്ത്ര്യത്തിനും പ്രതിസന്ധികൾ ഏറി വരുന്ന ലോകത്തിൽ അതിന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന എല്ലാ പത്രപ്രവർത്തകരുടെയും പ്രതിനിധികളാണ് ഇരുവരും എന്നാണ് നൊബേൽ കമ്മിറ്റി അഭിപ്രായപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യവും വിവര സ്വാതന്ത്ര്യവുമാണ് ബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുന്നത്. ഈ അവകാശങ്ങളാണ് ജനാധിപത്യത്തെ പുലർത്തുന്നത്. ഇത് യുദ്ധത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നു. മരിയ റെസ്സയ്ക്കും ദിമിത്രി മുരാറ്റോവിനും സമാധാനത്തിനുള്ള നൊബേൽ നൽകുന്നതിലൂടെ ഈ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു. നൊബേൽ കമ്മിറ്റി പറഞ്ഞു. മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള ഇരുവരുടെയും പോരാട്ടം എന്തായിരുന്നുവെന്ന് നോക്കാം.

മരിയ റെസ്സ

1963 ഒക്ടോബർ 2 ന് ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലാണ് മരിയ ജനിച്ചത്. രാജ്യത്തെ അധികാര ദുർവിനിയോഗത്തെയും വളർന്നുവരുന്ന ഏകാധിപത്യത്തെയും പ്രതിരോധിക്കാൻ ഇവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായ റെസ്സ 2012 ൽ ‘റാപ്പ്ളർ’ എന്ന ഡിജിറ്റൽ മാധ്യമം സ്ഥാപിച്ചു. ഇപ്പോഴും അതിന്റെ ഹെഡായി തുടരുന്നത് മരിയയാണ്. ഭരണകൂടത്തിന്റെ വിവാദപരമായ മയക്കു മരുന്ന് വിരുദ്ധ ക്യാമ്പെയ്‌നിലെ ക്രമക്കേടുകൾ ഇവർ തുറന്ന് കാണിച്ചു. ഭരണകൂടം നടത്തിയ നിയമവിരുദ്ധ കൊലകൾക്കെതിരെ സംസാരിച്ചു. വ്യാജവാർത്ത പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് തെളിവുകൾ നിരത്തി ഇവർ വ്യക്തമാക്കി. ഇതെല്ലം ഭരണകൂടത്തിന് വെറുക്കപെട്ടവളാക്കി അവളെ മാറ്റി. 2020 ജൂണിൽ അപകീര്‍ത്തികരമായ വിവരങ്ങള്‍ ഡിജിറ്റലായി പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി അവളെ അറസ്റ്റ് ചെയ്ത് തടവിലാക്കി. നീതിയുടെയും ജനാധിപത്യത്തിന്റെയും പരാജയമെന്ന് റാപ്പ്ളർ ആ വിധിയെ വിശേഷിപ്പിച്ചു. ചമയത്തിലിറങ്ങിയ മരിയ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്.

റാപ്പ്ളർ സ്ഥാപിക്കും മുമ്പ് സി.എൻ.എന്നിന്റെ മനില, ജക്കാർത്ത ബ്യുറോകളിൽ മരിയ പ്രവർത്തിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ഭീകരവാദമായിരുന്നു അന്ന് മരിയ ശ്രദ്ധിച്ചിരുന്ന മേഖല. From Bin Laden to Facebook: 10 Days of Abduction, 10 Years of Terrorism, Seeds of Terror: An Eyewitness Account of Al-Qaeda’s Newest Center എന്നിവ മരിയ രചിച്ച പുസ്‌തകങ്ങളാണ്. ഇപ്പോൾ നൊബേൽ പുരസ്‌കാരം സ്വന്തമാക്കുമ്പോൾ ഫിലിപൈൻസിലെ ആദ്യ നൊബേൽ ജേതാവ് കൂടിയാവുകയാണ് മരിയ.

ദിമിത്രി മുരാറ്റോവ്

1961 ഒക്ടോബർ 30 ന് സോവിയറ്റ് യൂണിയനിലെ കുയ്‌ബിഷെവിലാണ് ദിമിത്രിയുടെ ജനനം. റഷ്യൻ സർക്കാരിന്റെ അഴിമതികൾക്കെതിരെ കൃത്യമായും വ്യക്തമായും ഇദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനം ഉറപ്പാക്കാൻ കഴിഞ്ഞ മുപ്പത് വർഷമായി ഇദ്ദേഹം പോരാടുന്നു. 1993 ൽ ‘നൊവായ ഗസറ്റ’ എന്ന പത്രം സ്ഥാപിച്ചു. പുടിൻ സർക്കാരിനെ കൃത്യമായി വിമർശനാത്മകമായി മാധ്യമപ്രവർത്തനം നടത്തുന്ന ഒരേയൊരു പത്രം കൂടിയാണിത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരേയും അധികാര ദുര്‍വിനിയോഗത്തിനെതിരേയും ഇദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചു. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന് ദിമിത്രി പുതിയൊരു മാനം നൽകി. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് അത്രയേറെ മുന്‍ഗണന നല്‍കിയ നൊവായ ഗസറ്റയിലെ ആറ് മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം കൊല്ലപ്പെടുകയുമുണ്ടായി. നിരവധി വധഭീഷണികളുണ്ടായിട്ടും പത്രത്തിന്റെ നിഷ്പക്ഷ നയത്തിൽ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. അടിയുറച്ച ആ തീരുമാനം അദ്ദേഹത്തെ നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കി.

1990 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവായ മിഖായേൽ ഗോർബച്ചേവിന് ലഭിച്ച പുരസ്കാരത്തുക ഉപയോഗിച്ചാണ് നൊവായ ഗസറ്റ ആരംഭിച്ചതെന്നത് മറ്റൊരു യാദൃശ്ചികതയാണ്. അന്നുമുതൽ ഇന്നുവരെ അഴിമതിക്കെതിരെ ഉറച്ച നിലപാടുകളുമായി ദിമിത്രിയും സംഘവും മുന്നോട്ട് പോകുന്നു.

വ്യാജ വാർത്തകളുടെയും വിദ്വേഷ പ്രചാരണങ്ങളിലൂടെയും ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന ഒരു കാലത്ത് ഇത് ശക്തമായ സന്ദേശമായാണ് റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് (ആർ.എസ്.എഫ്.) ജനറൽ സെക്രട്ടറി പുരസ്കാരത്തെ നോക്കി കാണുന്നത്. മാധ്യമങ്ങൾ അജണ്ടകൾക്കായി ഉപയോഗിക്കുന്ന കാലത്ത് ലോകമെമ്പാടുമുള്ള മനുഷ്യർക്കുള്ള സന്ദേശം തന്നെയാകുന്നു ഈ പുരസ്‌കാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close