വെളുത്ത സ്കർട്ടിൽ പടരുന്ന ആർത്തവ രക്തം ലോകം കാണുമോ? വിംബിൾഡൺ കോർട്ടിൽ ചർച്ചയാകുന്നത് വനിതകളുടെ ഡ്രസ് കോഡ്

വിംബിൾഡൺ ടെന്നീസ് താരങ്ങളുടെ ഡ്രസ് കോഡ് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. മത്സര നിയമപ്രകാരം വെളുത്ത വസ്ത്രങ്ങളാണ് മത്സരത്തിനിറങ്ങുമ്പോൾ കളിക്കാർ ധരിക്കേണ്ടത്. പീരിഡ്സ് ആയിരിക്കുന്ന വനിതാ താരങ്ങൾക്ക് ഇത് അപ്രായോഗിക വസ്ത്രമാണെന്നാണ് താരങ്ങൾ വെളിപ്പെടുത്തുന്നത്. ആർത്തവ സമയങ്ങളിലെ ശാരീരിക – മാനസിക വെല്ലുവിളികൾക്ക് പുറമേ ഇത്തരം വസ്ത്രങ്ങളിൽ ആർത്തവ രക്തം പടരുന്നത് ലോകം കാണുമോ എന്ന ആശങ്കയും ചേർന്ന് മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ കഴിയൂ എന്നാണ് താരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ചൈനീസ് താരം ക്യുൻവെൻ സാങാണ് ഈ ചർച്ചക്ക് തിരികൊളുത്തിയത്. ഫ്രഞ്ച് ഓപ്പണിൽ ഇഗാ സ്വിയാറ്റെകുമായുള്ള മത്സരത്തിന് ശേഷം തന്റെ പ്രകടനം മോശമാകാൻ കാരണം ആർത്തവസമയത്തെ വേദനയായിരുന്നെന്ന് ക്യുൻവെൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിംബിൾഡണിലെ വെള്ള വസ്ത്രവും ചർച്ചയായി.
വിംബിൾഡൺ കോർട്ടിലെ വെളുത്ത വസ്ത്രങ്ങൾക്കു പിന്നിൽ പാരമ്പര്യം മാത്രമാണ് കാരണമായിട്ടുള്ളത്. ഇതു പുരുഷൻമാരെ കൂടി ബാധിക്കുന്ന ഒരു പാരമ്പര്യമായിരുന്നെങ്കിൽ ഇപ്പോൾ അതു നിലനിൽക്കില്ലായിരുന്നെന്നും ടെന്നീസ് ബ്രോഡ്കാസ്റ്റർ കാതറീൻ വിറ്റാകർ പറയുന്നു. വനിതാ താരങ്ങൾക്ക് മത്സരത്തിനിടയിൽ ലഭിക്കുന്ന കുറഞ്ഞ ടോയ്ലറ്റ് ബ്രേക്ക് സമയത്തേയും വിറ്റാകർ ചോദ്യം ചെയ്തു.
റിയോ ഒളിമ്പിക് സ്വർണ മെഡൽ ജേത്രി മോണിക്ക പ്യുഗും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിംബിൾഡൺ സമയത്ത് പിരീഡ്സ് (ആർത്തവം) ആകരുതേ എന്ന് എല്ലാ വർഷവും പ്രാർഥിക്കാറുണ്ട് എന്നായിരുന്നു മോണിക്ക പ്യുഗിന്റെ പ്രസ്താവന.
ബ്രിട്ടന്റെ താരം ഹെതർ വാട്സൺ അതിലും സങ്കടകരമായ അവസ്ഥയാണ് ദി സൺഡേ ടൈംസിനോട് പങ്കുവെച്ചത്. ‘ഒരിക്കൽ എനിക്ക് ആർത്തവപ്രശ്നം കാരണം കളിക്കിടയിൽ കോർട്ട് വിടേണ്ടി വന്നു. എന്റെ വെളുത്ത വസ്ത്രത്തിൽ പതിഞ്ഞ രക്തക്കറകൾ ഫോട്ടോകളായി പുറത്തുവരുമോ എന്ന ഭയത്തിലൂടേയാണ് പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ കടന്നുപോയത്.’ ലോക്കർ റൂമിൽവെച്ച് വനിതാ താരങ്ങൾ പലപ്പോഴും ഇതിനെ കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും എക്സ്ട്രാ ലാർജ് ടാംപോൺസും എക്സ്ട്രാ പാഡുകളും ഉപയോഗിച്ചാണ് ആർത്തവത്തിലെ ആദ്യ ദിനങ്ങളെ മറികടക്കാറുള്ളതെന്നും ഓസ്ട്രേലിയൻ താരം റെന്നേ സ്റ്റബ്സ് പറയുന്നു.