KERALANEWSTop News

`ഭർത്താവ് വിലക്കിയിട്ടും ഭാര്യ അന്യപുരുഷനുമായി സംസാരിക്കുന്നത് ക്രൂരത`; ഹൈക്കോടതിയുടെ പരാമർശം വിവാഹമോചനവുമായി ബന്ധപ്പെട്ട്

കൊച്ചി: ഭർത്താവ് വിലക്കിയിട്ടും അത് വകവെയ്ക്കാതെ അന്യപുരുഷനുമായി ഭാര്യ ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന അസാധാരണ പരാമര്‍ശവുമായി കേരള ഹൈക്കോടതി. ഒരു ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.

ഭാര്യയുടെ പരപുരുഷ ബന്ധത്തിന്റെയും ക്രൂരതകളുടെയും പേരില്‍ വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യവുമായാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. നേരത്തെ ഇയാളുടെ ഈ ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അന്യപുരുഷനുമായി ഭാര്യ നടത്തിയ ഫോണ്‍ കോളുകളുടെ രേഖകള്‍ പരപുരുഷ ബന്ധമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഇവര്‍ക്കിടയിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളും മൂന്ന് തവണ പിരിഞ്ഞ് ജീവിച്ച ശേഷം കൗണ്‍സിലിങിനെ തുടര്‍ന്ന് വീണ്ടും ഒരുമിച്ച സാഹചര്യവും പരിഗണിക്കുമ്പോള്‍ ഭാര്യ തന്റെ പെരുമാറ്റത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കോടതി വിലയിരുത്തി.

2012ലാണ് ഒരു കുഞ്ഞുള്ള ഈ ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളാരംഭിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളുമായി ഭാര്യക്ക് അവിഹിത ബന്ധം ഉള്ളതായി ഭര്‍ത്താവിന് സംശയം ആരംഭിച്ചതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് ഭര്‍ത്താവും കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേസ് പരിഗണിച്ച കോടതി ഈ യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി തെളിയിക്കാന്‍ ഭര്‍ത്താവിന് സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു. ‘ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായുള്ള ഫോണ്‍ വിളികള്‍ ഭാര്യ തുടര്‍ന്നു. ഇത്തരത്തില്‍ ഇയാളുമായി ഫോണ്‍ വിളിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയ ശേഷവും മിക്കവാറും എല്ലാ ദിവസവും ഭാര്യ ഫോണ്‍ വിളികള്‍ തുടര്‍ന്നു. ഇത്തരത്തില്‍ ഭര്‍ത്താവിന്റെ മുന്നറിയിപ്പ് അവഗണിച്ചും ഈ ബന്ധം തുടര്‍ന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു’- ജസ്റ്റിസ്‌ കൗസര്‍ എടപ്പഗത്ത് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close