KERALANEWSTop News

വൈഫ് സ്വാപ്പിങ് കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ; വിദേശത്തേക്ക് കടന്ന മറ്റൊരു പ്രതിയ്ക്കായി അന്വേഷണം തുടരുന്നു

കോട്ടയം: സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂർ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാൾ വിദേശത്തേയ്‌ക്ക് കടന്നുവെന്നാണ് സൂചന.

ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. ഇതിന് പിന്നിൽ വൻ സംഘമാണുള്ളതെന്നാണ് പോലീസ് പറയുന്നത്.

ടെലഗ്രാം, മെസഞ്ചർ ഗ്രൂപ്പുകളിലായി ഏകദേശം അയ്യായിരത്തോളം പേരുണ്ട്. കപ്പിൾ മീറ്റ് അപ്പ് കേരള എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് വഴി ദമ്പതികൾ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. ഇതിനിടെ കുട്ടികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടക്കുന്നുണ്ട്. എന്നാൽ പരസ്പര സഹകരണത്തോടെയാണ് കൈമാറ്റമെങ്കിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. അത് സദാചാര പോലീസ് ആകുമെന്നും അധികൃതർ പറയുന്നു.

ഒരിക്കൽ ചെന്നുപെട്ടത് പിന്നീട് പുറത്ത് വരാൻ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവർത്തനം. ഇക്കാര്യം ഇപ്പോൾ പുറത്തുവന്ന അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരിക്കൽ അബദ്ധത്തിൽ കെണിയിൽ പെട്ടാൽ പിന്നീട് സംഘത്തിൽ നിന്ന് രക്ഷപ്പെടാനാകാത്ത വിധം അടിമകളായിട്ടുണ്ടെന്നാണ് പരാതിപ്പെട്ട യുവതിയുടെ മൊഴിയിൽ നിന്ന് പൊലീസിന് ലഭിച്ച സൂചന. ഇവരുടെ ഭർത്താവ് നിരവധി അശ്ലീല കൂട്ടായ്മകളിൽ പങ്കുവഹിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ള ആറ് പ്രതികളാണ് നിലവിൽ അറസ്റ്റിലായത്. മൂന്നു പേരെക്കൂടി കണ്ടെത്താനുണ്ട്. ഇതിലൊരാൾ കഴിഞ്ഞ ദിവസം സൗദിയിലേക്ക് കടന്നിരുന്നു.

മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. നവമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിരവധി സ്ത്രീകൾ ഇത്തരത്തിലുള്ള പീഡനങ്ങൾ ഇരയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. എന്നാൽ കൂടുതൽ പരാതി ലഭിച്ചിട്ടില്ല. പിടിയിലായ പ്രതികളുടെ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച്് അന്വേഷണം നടത്തുന്നുണ്ട്.

സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്തെന്ന കേസിൽ പരാതിക്കാരി അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനങ്ങളാണ്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തലുമായാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. എട്ടുപേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചത്. ഒരിക്കൽ സഹോദരിയെ കെട്ടിയിട്ടതായും സംഘാംഗങ്ങളിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നും സഹോദരൻ പറഞ്ഞു.

ആദ്യം അറിഞ്ഞപ്പോള്‍ സഹോദരീ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ്. മാപ്പ് പറഞ്ഞു ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കി. അമ്മ വിചാരിച്ചാൽ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞു. മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് സഹോദരിയെ ഇതിലേക്ക് വലിച്ചിഴച്ചത്. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരല്‍. ആലപ്പുഴയില്‍ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മര്‍ദം താങ്ങാതെ സംഭവം വെളിപ്പെടുത്തിയത്. പ്രതിക്ക് ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

പത്തനാട് സ്വദേശിയായ യുവതി (27) ഭർത്താവ് (32) അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. കേസിൽ ആറു പേർ അറസ്റ്റിലായി. ബാക്കിയുള്ള മൂന്നു പേരിൽ ഒരാള്‍ സൗദിയിലേക്കു കടന്നതായാണ് വിവരം. മറ്റു രണ്ടു പേരെക്കുറിച്ച് അന്വേഷണം തുടരുന്നു.

അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നു യുവതി പറയുന്നു. കുടുംബത്തെ ഓർത്ത് ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് പലപ്പോഴും കൂട്ടുനിൽക്കുകയായിരുന്നു.

ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി കഴിഞ്ഞപ്പോൾ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു. തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ വരുതിയിലാക്കി.

പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നത്. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു. താനും അതിന്റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്റെ ഭീഷണി.

രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മർദം ചെലുത്തിയതോടെയാണ് യുവതി രണ്ടും കൽപ്പിച്ച് പരാതിയുമായി എത്തിയത്. ലൈഫ് എൻജോയി ചെയ്യണം. താൻ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്റെ സന്തോഷം എന്നു ഭർത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. കപ്പിൾമീറ്റ്, ഭാര്യമാരെ പങ്ക് വയ്ക്കൽ തുടങ്ങിയ പേരുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മക്കളെ ഓർത്താണ് താൻ ജീവിക്കുന്നത്. ഭർത്താവിന്റെ നികൃഷ്ടമായ സെക്‌സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുടൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെ തകർത്തത്.

യുട്യൂബിലെ ശബ്ദരേഖയിലൂടെ യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോടു ചോദിച്ചറിഞ്ഞു. ഇതോടെ പരാതിയായി. കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന അന്തർസംസ്ഥാന ബന്ധമുണ്ടെന്നു സംശയിക്കുന്ന സോഷ്യൽമീഡിയ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആയിരക്കണക്കിനാളുകളുള്ള ഗ്രൂപ്പിൽനിന്നു നൂറുകണക്കിനു സന്ദേശങ്ങളാണ് ദിനംപ്രതി തന്റെ ഭർത്താവിനെത്തിയിരുന്നതെന്നും യുവതി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭർത്താവിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടാൽ പരാതിക്കാരിയെ തിരിച്ചറിയാനിടയുള്ളതിനാൽ പ്രതികളുടെ പേരു വിവരങ്ങൾ പൊലീസ് രഹസ്യമാക്കിയിരിക്കുകയാണ്. പ്രതികളെ മുഖംമൂടി അണിയിച്ചാണ് പോലീസ് മാധ്യമങ്ങൾക്കു മുൻപിൽ എത്തിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close