KERALANEWS

“എന്റെ വേദന കേരളം ഏറ്റെടുക്കണം, പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു” ; ഈ അച്ഛന്റെ രോദനമെങ്കിലും കേരളം കേൾക്കുമോ?

സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ വീണ്ടുമൊരു മരണം കൂടി റിപ്പോർട്ട് ചെയ്യുമ്പോൾ നാണക്കേട് കൊണ്ട് തല താഴ്ത്തണം നമ്മൾ. സ്ത്രീയെ ഒരു വില്പന ചരക്കായി കാണുന്ന സമൂഹത്തിന്റെ മനോഭാവമാണ് ഇവിടെ വെളിവാകുന്നത്. ഇത്തവണ സ്ത്രീധന മരണം നടന്നിരിക്കുന്നത് മലപ്പുറത്താണ്. ആത്മഹത്യ ചെയ്തിരിക്കുന്നത് ഒരച്ഛനും.

സെപ്റ്റംബർ 23 നാണ് തിരുവാലി പന്തലിങ്ങൽ ചങ്ങരായി വീട്ടിൽ മൂസക്കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ വീടിനടുത്ത് ടാപ്പിംഗ് ജോലി ചെയ്യുന്ന റബ്ബർ തോട്ടത്തിൽ വെച്ചാണ് അദ്ദേഹം ഈ കടുംകൈ ചെയ്തത്. എന്നാൽ ആത്മഹത്യക്ക് പിന്നിലെ കാരണം എന്തായിരുന്നുവെന്ന് അറിയുമായിരുന്നില്ല. മരണ ശേഷം മൂസക്കുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച വിഡിയോയായാണ് അദ്ദേഹത്തിന്റെ മരണകാരണം വ്യക്തമാക്കിയത്. താൻ മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾ മുമ്പ് എടുത്ത വിഡിയോയിൽ പറയുന്ന കാര്യങ്ങൾ നമ്മളെ നൊമ്പരപെടുത്തുന്നതാണ്.

ആത്മഹത്യക്ക് മുമ്പ് മൂസക്കുട്ടി എടുത്ത വീഡിയോയുടെ സ്ക്രീൻഷോട്ട്

”മകളെ ഭർത്താവ് അബ്‍ദുൾ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവൻ നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു.” എന്നൊരച്ഛൻ കരഞ്ഞുകൊണ്ട് പറയുകയാണ്. തന്നെ കൊണ്ട് പറ്റാവുന്നതൊക്കെ കൊടുത്തിട്ടും മകളെ ഉപേക്ഷിക്കുന്ന അവസ്ഥ സഹിക്കാൻ അയാൾക്ക് കഴിയുന്നില്ല. ആ മനോവിഷമത്തിലാണ് തൂങ്ങിമരണം എന്ന കടുംകൈ അയാൾ തിരഞ്ഞെടുക്കുന്നത്.

2020 ജനുവരിയിലാണ് മൂസക്കുട്ടിയുടെ മകൾ ഹിബയും ഒതായി സ്വദേശി അബ്‍ദുൾ ഹമീദും വിവാഹിതരാകുന്നത്. വിവാഹ സമയത്ത് ഹിബക്ക് 18 പവൻ സ്വർണബാഹാരങ്ങൾ നൽകിയിരുന്നു. എന്നാൽ വിവാഹ സൽക്കാരത്തിന്റെ സമയത്ത് ഹിബക്ക് നൽകിയ സ്വർണം കുറഞ്ഞുപോയി എന്ന പരാതിയുമായി അബ്ദുൽ ഹമീദിന്റെ പിതാവും ബന്ധുക്കളും സമീപിച്ചു. ഇതേ തുടർന്ന് വീണ്ടും ആറ് പവനോളം സ്വർണം മൂസക്കുട്ടി വീണ്ടും നൽകി.

ഹിബക്ക് നൽകിയ സ്വർണം അവളുടെ അനുവാദം പോലുമില്ലാതെ ഭർത്താവിന്റെ വീട്ടുകാർ ഉപയോഗിച്ചു. അതിന് ശേഷം വീണ്ടും 10 പവൻ സ്വർണം ആവശ്യപ്പെട്ട് ഹിബയെ ശാരീരികമായും മാനസികമായും ഉപദ്രവം ആരംഭിച്ചു. പിന്നീട് പ്രസവത്തിനായി ഹിബ വീട്ടിലേക്കെത്തി. പ്രസവ ശേഷം നാല്പതാം ദിവസം നടത്തുന്ന ചടങ്ങിന്റെ തലേദിവസം ഭർത്താവും മാതാവും മൂസക്കുട്ടിയുടെ വീട്ടിലെത്തുകയും 10 പവൻ സ്വർണം നൽകിയില്ലെങ്കിൽ വിവാഹ ബന്ധം വേർപെടുത്തുമെന്നും ഹിബയെ താത്കാലിക ഭാര്യയായി മാത്രമാണ് കരുതിയിരിക്കുന്നതെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. സ്വർണം നൽകാത്ത പക്ഷം കുഞ്ഞിനേയും ഭാര്യയെയും ഉപേക്ഷിക്കുമെന്നു ഭർത്താവ് പറഞ്ഞതിന്റെ മനോവിഷമം താങ്ങാനാവാതെ ആ പിതാവ് ആത്മഹത്യ തിരഞ്ഞെടുത്തു. ഇതേതുടർന്ന് പിതാവിന്റെ വീഡിയോ സഹിതം മൂസക്കുട്ടിയുടെ മകൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇങ്ങനെ എത്രയെത്ര മരണങ്ങൾ. മരിക്കും മുമ്പും ആ പിതാവ് പറഞ്ഞത് തന്റെ വേദന കേരളം ഏറ്റെടുക്കണം എന്നാണ്. എന്നിട്ടും ഇതുവരെ ഈ വേദനകൾ നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ? ഇന്നും പല പേരിൽ കല്യാണത്തിന് സ്ത്രീധനം നാം നൽകുന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ് എന്ന് നമ്മൾ ആവർത്തിക്കുമ്പോഴും നിത്യസംഭവമായി ഇത് നടന്നു കൊണ്ടേയിരിക്കുന്നു. മാറേണ്ടത് ചിന്തയാണ്. വിവാഹം ഒരു കച്ചവടം ആണെന്നുള്ള ചിന്ത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close