INDIAINSIGHTNEWSTop News

ബലാത്സംഗത്തെ ന്യായീകരിക്കുന്ന ഏകാധിപതി ; ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ദുറ്റെർറ്റെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമോ?

ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസ്സക്കും റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുരാറ്റോവിനും ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചപ്പോൾ ആദരിക്കപ്പെട്ടത് സ്വാതന്ത്ര്യത്തിനായി പോരാടുന്ന എല്ലാ മാധ്യമപ്രവർത്തകരുമാണ്. ജനാധിപത്യത്തിനും പത്രസ്വാതന്ത്ര്യത്തിനും പ്രതിസന്ധികൾ ഏറി വരുന്ന ലോകത്തിൽ അതിന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന എല്ലാ പത്രപ്രവർത്തകരുടെയും പ്രതിനിധികളാണ് ഇരുവരും എന്നാണ് നൊബേൽ കമ്മിറ്റി അഭിപ്രായപ്പെട്ടത്. ഇവർക്ക് നൊബേൽ ലഭിച്ചപ്പോൾ ഒപ്പം ചർച്ചയതായിരുന്നു ഫിലിപ്പീൻസിലെ അധികാര ദുർവിനിയോഗവും. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ദുറ്റെർറ്റെയുടെ ഏകാധിപത്യ ഭരണത്തിനെതിരെ നിരന്തരം ശബ്ദിക്കുന്നതിന് മരിയ റെസ്സയെ നശിപ്പിക്കാൻ ഇയാൾ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഇയാൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണഘടനാ പ്രകാരം ഫിലിപ്പീൻസിൽ ഏഴ് വർഷമാണ് ഒരാൾക്ക് പ്രസിഡന്റാവാൻ കഴിയുക. ആ കാലാവധി കഴിയുന്ന സാഹചര്യത്തിൽ താൻ വിരമിക്കുകയാണ് എന്നാണ് 76 -കാരനായ ഈ വിവാദനേതാവ് പറയുന്നത്. എന്നാൽ ഭരണഘടനക്ക് അനുസരിച്ചുള്ള പ്രവർത്തനം ആയിരുന്നോ ഇദ്ദേഹം നാട്ടിൽ കാഴ്ചവെച്ചത്? അതിനാൽ ഇദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമോ? സംശയങ്ങളാണ് എല്ലാവർക്കും. യഥാർത്ഥത്തിൽ ആരാണിയാൾ, എന്തായിരുന്നു ഭരണരീതി. നമുക്ക് നോക്കാം.

ദവാവോ പ്രവിശ്യയുടെ മുൻ ഗവർണറായ വിസെന്റ് എ ദുതേർതെയുടെയും അധ്യാപികയായ സോലിദാദിന്റെയും മകനാണ് റോഡ്രിഗോ. നിയമബിരുദം നേടിയ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ എഴ് തവണ റോഡ്രിഗോ ദവാവോയിലെ മേയറായിരുന്നു. കമ്യൂണിസ്റ്റുകാരനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ റോഡ്രിഗേ പിന്നീട് തീവ്രവലതുപക്ഷ, കടും ദേശീയവാദ നിലപാടുകളിലേക്ക് മാറി. സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന് എന്തിനും തയ്യാറായ ലക്ഷക്കണക്കിന് അനുയായികളുടെ പിന്തുണയുണ്ട്. 2016-ലാണ് റോഡ്രിഗോ ദുറ്റെർറ്റെ പ്രസിഡന്റായി അധികാരമേറ്റത്. ഭരണകക്ഷിയായ പിഡിപി ലബാൻ നേതാവായ അദ്ദേഹം നേരത്തെ വർഷങ്ങളോളം മേയറായിരുന്നു. പ്രസിഡന്റായതോടെ, പാർട്ടിയേക്കാൾ വലിയ പ്രതിച്ഛായയിലേക്ക് റോഡ്രിഗോ ഉയർന്നു. റോഡ്രിഗോയുടെ ഡെത്ത്‌സ്‌ക്വാഡ് എന്നറിയപ്പെടുന്ന ആരാധക വൃന്ദമാണ് പിന്നീട് പാർട്ടിയെ തന്നെ നിയന്ത്രിച്ചു തുടങ്ങിയത്. ആയിരക്കണക്കിനാളുകൾ അടങ്ങുന്ന ഒരു ഓൺലൈൻ ട്രോൾ ആർമിയുണ്ട് ഈ സംഘത്തിന്. സൈബർ ആക്രമണമാണ് പ്രധാന ജോലി. ഫേക്ക് വാർത്തകൾ സൃഷ്ടിക്കുന്നതു മുതൽ ഫോട്ടോഷോപ്പ് വ്യാജ ഇമേജുകൾ പ്രചരിപ്പിക്കുന്നതു വരെ ചെയ്യാത്ത പണികളില്ല.

മേയറായിരിക്കെ, മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും തുടച്ചു നീക്കാൻ എന്ന പേരിൽ റോഡ്രിഗോ കൊണ്ടുവന്ന പദ്ധതി വിവാദമായിരുന്നു. ആരെയും വിചാരണകൂടാതെ വെടിവെച്ചുകൊല്ലുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. ദവാവോ ഡെത്ത്‌സ്‌ക്വാഡ് എന്ന സംഘത്തെ വളർത്തി അവരെ ഉപയോഗിച്ച് ആളുകളെ വെടിവെച്ചു കൊല്ലുകയായിരുന്നു. നിരവധി തെരുവു കുട്ടികളെയും ഈ സംഘം കൊന്നു കളഞ്ഞു. എന്നാൽ, ഇതൊന്നും വലിയ വിവാദമായില്ല. കോളജിൽ പഠിക്കുന്ന സമയത്തു തന്നെ പലരെയും വെടിവെച്ചു കൊന്നതായി റോഡ്രിഗോ പറഞ്ഞിരുന്നു. തന്നോട് മോശമായി പെരുമാറിയവരെയും തനിക്ക് ദേഷ്യം തോന്നിയവരെയും വെടിവെച്ചു കൊന്നു എന്നാണ് ഇയാൾ പിന്നീട് വെളിപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യം അന്വേഷിച്ച ഓംബുഡ്‌സ്മാൻ, അതൊക്കെ അന്ന് സാധാരണമായിരുന്നു എന്നായിരുന്നു ന്യായീകരിച്ചത്.

മേയർ പദവിയിൽനിന്നാണ് ഇയാൾ ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നത്. രാജ്യത്തിന്റെ രക്ഷകൻ, വികസന നായകൻ, ദേശീയവാദിയായ നേതാവ്, ദുഷ്ടനിഗ്രഹം നടത്തുന്ന ദൈവം എന്നിങ്ങനെ സൈബർ ആർമിയെ ഉപയോഗിച്ച് വമ്പൻ പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ ഇയാൾ വിജയിച്ചു. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയുന്ന സാധാരണക്കാരൻ എന്നായിരുന്നു ഇയാൾ സ്വയം വിശേഷിപ്പിച്ചത്. ഫേസ്ബുക്കാണ് ഫിലിപ്പീൻസിന്റെ പ്രധാന സോഷ്യൽ മീഡിയ. അതായിരുന്നു റോഡ്രിഗോയുടെയും ട്രോൾ ആർമിയുടെയും പ്രധാന ആയുധം. ഫേക്ക് വാർത്തകളും വ്യാജ ഇമേജുകളും ഉപയോഗിച്ച് ഇവർ റോഡ്രിഗോയെ താരമാക്കി മാറ്റി. ബലാത്സംഗത്തെയും കൊലപാതകത്തെയുമെല്ലാം പ്രകീർത്തിക്കുന്ന ഇയാൾക്ക് ഏറെ ആരാധകരുടെ പിൻബലവുമുണ്ടായി.

2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഇയാൾ പ്രസിഡന്റായി. ജൂൺ 30 -ന് അധികാരത്തിലേറിയ അന്നു തന്നെ രാജ്യം മയക്കുമരുന്നിനെതിരായ ഒരു വേട്ട ആരംഭിക്കുകയാണെന്ന് ഇയാൾ പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും വെടിവെച്ചു കൊല്ലാൻ റോഡ്രിഗോ ആഹ്വാനം ചെയ്തു. പൊലീസും ഇയാളുടെ ഡെത്ത് സ്‌ക്വാഡും ചേർന്ന് ആറായിരത്തോളം പേരെ കൊന്നു എന്നാണ് ഔദ്യോഗിക കണക്ക്. പന്ത്രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടു എന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. ഇരുപതിനായിരം പേർ കൊല്ലപ്പെട്ടു എന്നാണ് പ്രതിപക്ഷ സെനറ്റർമാർ പറഞ്ഞത്. ലോകമാകെ പ്രതിഷേധമുണ്ടായെങ്കിലും പ്രസിഡന്റ് റോഡ്രിഗോ അതൊന്നും വകവെച്ചില്ല. ഐക്യരാഷ്ട്ര സഭ ഇതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും റോഡ്രിഗോ അതുമായി സഹകരിച്ചില്ല. സർക്കാർ അധികാരം ഉപയോഗിച്ച് എല്ലാ എതിർപ്പുകളെയും അദ്ദേഹം അടിച്ചമർത്തി.

എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം കൊല്ലും കൊലയുമാണെന്നാണ് റോഡ്രിഗോ പറഞ്ഞത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലാനും ഇയാൾ ആഹ്വാനം ചെയ്തിരുന്നു. മാധ്യമപ്രവർത്തകരും കൊല്ലപ്പെടേണ്ടവരാണെന്നും റോഡ്രിഗോ പരസ്യമായി പറഞ്ഞു.

ലോക്ക്ഡൗൺ ലംഘിച്ചാൽ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞ ഭരണാധികാരിയായിരുന്നു റോഡ്രിഗോ. ആയിരങ്ങളെയാണ് കോവിഡ് കാലത്ത് ഇയാൾ ജയിലിലാക്കിയത്. അനേകം പേരെ വെടിവെച്ചു കൊന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഹെലിക്കോപ്റ്ററിൽ നിന്ന് താൻ താഴേക്ക് എറിഞ്ഞു കൊന്നിട്ടുണ്ടെന്നും പറഞ്ഞു. ബലാത്സംഗത്തെ ന്യായീകരിക്കുന്ന അനേകം പ്രസ്താവനകളാണ് റോഡ്രിഗോ നടത്തിയിരുന്നത്. സൈനികർക്ക് മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാമെന്നായിരുന്നു ഒരു പ്രസ്താവന. മൂന്ന് ബലാൽസംഗ കേസുകൾ വരെ കുറ്റകരമല്ല എന്നും ഇയാൾ പ്രസ്താവിച്ചു. മിസ് യൂണിവേഴ്സിനെ ബലാൽസംഗം ചെയ്യുന്നതിൽ തെറ്റില്ല എന്നായിരുന്നു 2017- ൽ റോഡ്രിഗോ പറഞ്ഞത്.

മരണം ഉറപ്പായ സമയത്ത് ഒരാൾ ബലാത്സംഗം ചെയ്യാൻ ധൈര്യം കാട്ടിയാൽ അയാളെ താൻ അഭിനന്ദിക്കുമെന്നായിരുന്നു മറ്റൊരു പ്രസ്താവന. സ്ത്രീകൾ സുന്ദരികളാണെങ്കിൽ ബലാത്സംഗം ചെയ്യപ്പെടുമെന്നും അവർ സമ്മതിക്കാത്തതാണ് യഥാർത്ഥ പ്രശ്‌നം എന്നുമായിരുന്നു മറ്റൊരു പ്രസ്താവന. ജാക്വിലിൻ ഹാമിലിൻ എന്ന ഒരു മിഷനറി പ്രവർത്തക ഇയാൾ മേയറായിരിക്കെ ദവാഓ ജയിലിൽ ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ടപ്പോഴുമുണ്ടായി വിവാദ പ്രസ്താവന. അവളെ ആദ്യം പ്രാപിക്കേണ്ടത് മേയറാവണമായിരുന്നു എന്നാണ് പരസ്യമായി വിളിച്ചു പറഞ്ഞത്.

പൊതുപരിപാടികളിൽ മുന്നിൽ വരുന്ന സ്ത്രീകളെ ബലം പ്രയോഗിച്ച് ചുംബിക്കുന്നതിനും റോഡ്രിഗോയ്ക്കെതിരെ അനവധി വിമർശനങ്ങൾ ഉയർന്നു. 2018-ൽ ജപ്പാൻ സന്ദർശിച്ച സമയത്ത്, സദസ്സിൽ നിന്നാരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് ഒരു സ്ത്രീയെ പരസ്യമായി ചുംബിച്ചിരുന്നു. അന്നത് വിവാദമായി. അപ്പോൾ എന്തു കൊണ്ട് അവൾ എതിർത്തില്ല എന്നായിരുന്നു ന്യായീകരണം. പിറ്റേവർഷം ജൂണിൽ ജപ്പാൻ സന്ദർശനത്തിനിടെ അഞ്ച് സ്ത്രീകളെയാണ് ഇയാൾ പൊതുപരിപാടിക്കിടെ പരസ്യമായി ചുംബിച്ചത്. അതിൽ മൂന്നു പേർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതുമാത്രമല്ല, വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ ഒരു മടിയുമില്ലായിരുന്നു റോഡ്രിഗോയ്ക്ക്. മുൻ യു എസ് പ്രസിഡന്റ് ട്രംപുമായാണ് ഇയാളെ അക്കാലത്ത് പലരും താരതമ്യപ്പെടുത്തിയിരുന്നത്. റോഡ്രിഗോയുടെ ഭരണകാലത്ത് ഫിലിപ്പീൻസിലെ കുറ്റകൃത്യങ്ങളുടെ തോത് വളരെ കൂടുതലായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും എണ്ണം പലമടങ്ങ് വർദ്ധിച്ചു. സൈബർ ആക്രമണങ്ങൾ സർവ്വസാധാരണമായി. എന്നാൽ, താൻ വന്നതോടെ കുറ്റവാളികൾ ഒതുങ്ങി എന്നാണ് ഇയാളുടെ സ്ഥിരം വാദം. സർക്കാർ അനുകൂലികളായ മാധ്യമങ്ങളും സോഷ്യൽ മീഡിയയിലെ ഇയാളുടെ ട്രോൾ ആർമിയുമെല്ലാം ചേർന്ന് ഇതാണ് ശരിയെന്നാണ് പ്രചാരണം നടത്തിയത്.

ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച ഭരണാധികാരി ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സ്വതന്ത്രമായി നിന്നിരുന്ന സർക്കാർ ഏജൻസികളെ സ്വന്തം വേലക്കാരെ പോലെയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത് എന്നാണ് പ്രതിപക്ഷ വിമർശനം. കോടതി അടക്കം പ്രസിഡന്റിന്റെ താൽപ്പര്യ പ്രകാരമാണ് നീതിനിർവഹണം നടത്തുന്നത് എന്നാണ് മറ്റൊരു ആരോപണം. എതിർപ്പുകളെ ഉൻമൂലനം ചെയ്യുകയാണ് ഇയാളുടെ രീതി. നിരവധി പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും എഴുത്തുകാരെയുമൊക്കെ ഇക്കാലയളവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആയിരങ്ങൾ ജയിലിലായി. വാഴ്ത്തുന്ന മാധ്യമങ്ങളെ ഒഴികെ മറ്റെല്ലാവെരയും അടച്ചുപൂട്ടുകയാണ് റോഡ്രിഗോ ചെയ്തത്.

റോഡ്രിഗോയുടെ വിദേശ നയങ്ങൾ രാജ്യത്തെ ഒറ്റപ്പെടുത്തിയതായാണ് വിശകലനങ്ങൾ പറയുന്നത്. യു എൻ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളെയും ധിക്കരിച്ചാണ് റോഡ്രിഗോ ഭരണകൂടം മുന്നോട്ടുപോവുന്നത്. മറ്റു രാജ്യങ്ങളുമായും മോശം ബന്ധമാണ്. എന്നാൽ, മറ്റു രാജ്യങ്ങളിലുള്ള ഇതേ പോലുള്ള ഭരണാധികാരികളുമായി വലിയ അടുപ്പമാണ് ഇയാൾക്കുള്ളത്.

എന്തായാലും, രാഷ്ട്രീയം വിടുന്നു എന്ന ഇദ്ദേഹത്തിന്റെ പറച്ചിൽ രാജ്യത്താകെ വലിയ ചർച്ചയായിട്ടുണ്ട്. പ്രസിഡന്റിന്റെ ഈ തീരുമാനം, മകൾ സാറയ്ക്ക് ഗുണം ചെയ്യുമെങ്കിലും റോഡ്രിഗോയുടെ മനസ് മാറാൻ സാധ്യതയുള്ളത് തള്ളിക്കളയാനാവില്ലെന്ന് അറ്റെനിയോ ഡി മനില സർവകലാശാലയിലെ നിയമ, രാഷ്ട്രീയ പ്രൊഫസറായ അന്റോണിയോ ലാ വിന പറയുന്നത്. ഒരു കൂട്ടം വിമർശകർ പറയുന്നത് അദ്ദേഹം മത്സരിക്കാൻ തിരിച്ചു വരും എന്ന് തന്നെയാണ്. എന്തെന്നാൽ, മയക്കുമരുന്നിനെതിരായ പ്രസിഡന്റിന്റെ മാരകമായ നടപടികളെ തുടർന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒരു പക്ഷെ വീണ്ടും അധികാരത്തിലെത്തിയാൽ, അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാം എന്നുള്ള പദ്ധതിയും അദ്ദേഹം മെനയുന്നുണ്ടാകും എന്നാണ് വിമർശകരുടെ അഭിപ്രായം. അധികാരമൊഴിഞ്ഞാലും ശിങ്കിടികളെ പ്രസിഡന്റാക്കി പിൻസീറ്റ് ഡ്രൈവിംഗ് നടത്തും, അനുയായികളുടെ സമ്മർദ്ദം ചൂണ്ടിക്കാട്ടി തീരുമാനം പിൻവലിക്കും, എതിരാളികളെ കൊന്നൊടുക്കി ഏകാധിപത്യത്തിലേക്ക് കൊണ്ടുപോവും എന്നിങ്ങനെ പല സാദ്ധ്യതകളും പലരും പറയുന്നുണ്ട്.

ഏതായാലും ഫിലിപ്പീൻസിന്റെ ഭാവി എന്താകുമെന്ന് ഈ തിരഞ്ഞെടുപ്പിലറിയാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close