INDIANEWS

ജനകീയ കർഷക പ്രതിരോധത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ഗത്യന്തരമില്ലാതെ; രാഷ്ട്രീയപരമായ നേട്ടം ലക്ഷ്യമാക്കിയുള്ള ഈ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അനുകൂലമായി പ്രതിഫലിക്കില്ല; കെ. സി വേണുഗോപാൽ

ന്യൂഡല്‍ഹി: ജനകീയ കര്‍ഷക പ്രതിരോധത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സമരത്തിന് മുന്നില്‍ മുട്ടുമടക്കി ഇപ്പോഴെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇത് ജനങ്ങളുടേയും കര്‍ഷകരുടേയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളുടേയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരെ വിളിച്ച് ഒരിക്കല്‍ പോലും സംസാരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിലെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാന്‍ സാധിക്കാത്തവരല്ല ഇന്ത്യക്കാർ.

രാഷ്ട്രീയപരമായ നേട്ടം ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവര്‍ക്കും അറിയുന്നതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അത് ബിജെപിയ്ക്ക് അനുകൂലമായി പ്രതിഫലിക്കാനിടയില്ലെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

അതേസമയം കാർഷിക ബില്ലുകൾ പിൻവലിച്ചതായി പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചതോടെ വിജയം കൊയ്തത് പതിനാല് മാസമായി സമരം ചെയ്യുന്ന ഇന്ത്യൻ കർഷകർ. കൃഷിയുടെ സമസ്തമേഖലയിലും കോർപറേറ്റ്‌ ആധിപത്യം ഉറപ്പാക്കുന്ന മൂന്ന്‌ നിയമം പാർലമെന്ററി സംവിധാനങ്ങള്‍ അട്ടിമറിച്ചാണ് മോദി സർക്കാർ പാസാക്കിയത്‌. കഴിഞ്ഞവർഷം ജൂണിൽ മൂന്ന്‌ ഓർഡിനൻസ്‌ ഇറക്കിയപ്പോൾത്തന്നെ പഞ്ചാബില്‍ പ്രക്ഷോഭം തുടങ്ങി. 2020 സെപ്‌തംബർ 17ന്‌ ലോക്‌സഭ ബില്ലുകൾ പാസാക്കിയതോടെ കർഷകർ തെരുവിലിറങ്ങി. 20ന്‌ രാജ്യസഭ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കി. 24 മുതൽ മൂന്നു ദിവസം പഞ്ചാബിൽ കർഷകർ ട്രെയിനുകൾ തടഞ്ഞു. ഒക്ടോബർ ഒന്നുമുതൽ പഞ്ചാബിൽ അനിശ്ചിതകാല ട്രെയിൻ ഉപരോധം തുടങ്ങി. ചരക്ക്‌ ട്രെയിനുകൾ നിർത്തി കേന്ദ്രം പ്രതികാരംവീട്ടി.

ഒക്ടോബര്‍ 25ന്‌ സംയുക്ത കിസാൻമോർച്ച ഡൽഹി ചലോ മാർച്ച്‌ പ്രഖ്യാപിച്ചു. പഞ്ചാബ് കർഷകരെ അതിർത്തിയിൽ തടയാൻ ഹരിയാന പൊലീസ്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹരിയാന കർഷകരും മാർച്ചിൽ അണിചേർന്നു. പതിനായിരക്കണക്കിനു കർഷകരും നൂറുകണക്കിനു ട്രോളി– -ട്രാക്ടറുകളും ഡൽഹിയിലേക്ക്‌ നീങ്ങി. ഡൽഹി അതിർത്തിയായ സിന്‍ഘുവിൽ 26 മുതൽ ആയിരക്കണക്കിനു കർഷകർ താവളമടിച്ചു. ടിക്രി, ഗാസിപുർ അതിർത്തികളിലും സമരകേന്ദ്രങ്ങൾ തുടങ്ങി. രാജ്യമെമ്പാടുമുള്ള കർഷകർ സമരത്തിൽ പങ്കുചേർന്നു. ചർച്ച നടത്തിയെങ്കിലും കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറല്ല. നിയമങ്ങൾ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി നിയമങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോർട്ട്‌ നൽകിയെങ്കിലും അത്‌ പുറത്തുവിട്ടിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം വേണ്ടി വന്നാല്‍ അതുവരെയും സമരം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നേരത്തേ വ്യക്തമാക്കിയിരുന്നു. നവംബർ 26 നുള്ളിൽ വിവാദമായ കാർഷിക നിയമം കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായിത് പ്രഖ്യാപിച്ചിരുന്നു. ഡൽഹി അതിർത്തികളായ സിംഗു, ടിക്രി, ഗസിപൂർ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിന് നവംബർ 26ന് ഒരു വർഷം തികയും.

കർഷക കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ്( എസ് കെ എം) പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപൂരിൽ തമ്പടിച്ചിരിക്കുന്ന ഭാരതീയ കിസാൻ യൂണിയനും എസ് കെ എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ കാ‌ർഷിക നിയമങ്ങൾക്കെതിരെ ആയിരത്തോളം കർഷകരാണ് നവംബർ 2020 മുതൽ ഡൽഹിയുടെ അതിർത്തികളിലായി സമരം ചെയ്തുവരുന്നത്. ഇതിനോടകം കർഷകരുമായി പതിനൊന്ന് പ്രാവശ്യം കേന്ദ്രം ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

പ്രധാനമന്ത്രി ഇന്ന് രാവിലെ ഒൻപത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിയ്ക്കുമ്പോഴായിരുന്നു സുപ്രധാന പ്രഖ്യാപനം. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ഈ നിയമങ്ങൾ സർക്കാർ ആത്മാർത്ഥമായാണ് കൊണ്ടുവന്നത്. എന്നാൽ നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് പിൻ വലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ വിഷമങ്ങൾ മനസ്സിലായി, അവരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നൽകുമെന്നും നരേന്ദ്രമോദി പറഞ്ഞു, ഗുരു നാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close