KERALANEWS

വീണ്ടും സ്ത്രീധന പീഡനം; പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ വൈകിപ്പിച്ചു; പോലീസ് പ്രതികളെ പിന്തുണച്ചെന്ന് ആരോപണം

തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞു പോയെന്നാരോപിച്ച് കാരക്കോണത്ത് യുവതിക്ക് നേരെ മർദ്ദനവും മാനസിക പീഡനവുമെന്ന് പരാതി. ഭർത്താവ് വെണ്ണിയൂര്‍ സ്വദേശി അഖിലിന്‍റെയും ബന്ധുക്കളുടെയും പേരില്‍ പരാതി കൊടുത്തിട്ടും രണ്ടാഴ്ചക്ക് ശേഷമാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനെ എന്ന് യുവതി പറഞ്ഞു. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും എല്ലാം കള്ളക്കേസാണെന്നുമായിരുന്നു അഖിലിന്‍റെയും കുടുംബത്തിന്‍റെയും വിശദീകരണം.

കാരക്കോണം സ്വദേശി നിബിഷയും വിഴിഞ്ഞം വെണ്ണിയൂര്‍ സ്വദേശിയായ അഖിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരാകുന്നത്. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നാല്പത് പവന്‍റെ സ്വര്‍ണാഭരണങ്ങളും നാല്പത് സെന്‍റ് ഭൂമിയും നിബിഷയ്ക്ക് വിന്‍സെന്‍റ് നല്‍കി. പിന്നീട് സ്ത്രീധന കണക്ക് ചോദിച്ചും സൗന്ദര്യക്കുറവെന്നും ആരോപിച്ച് അപമാനിക്കല്‍ തുടങ്ങിയതായി നിബിഷ പറയുന്നു.

പിന്നീട് മര്‍ദനവും പതിവായി. തുടർന്ന് സംസാരം മുഴുവന്‍ സ്ത്രീധനത്തെക്കുറിച്ചായി. അപമാനവും മര്‍ദനവും പതിവായതോടെ നിബിഷയുടെ അച്ഛന്‍ അഖിലിനെ ഫോണില്‍ വിളിച്ചപ്പോള്‍ പറയുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്. പിടിച്ച് നില്‍ക്കാന്‍ കഴിയാതായപ്പോള്‍ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം നിബിഷ വീട്ടിലേക്ക് വിളിച്ചു. അച്ഛനും അമ്മയും എത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ത്രീധന പീഡനത്തിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ നിബിഷയും ഉള്‍പ്പെടുമായിരുന്നുവെന്നാണ് നിബിഷയുടെ ‘അമ്മ പറയുന്നത്.

ജൂലായ് മാസം നിബിഷയെ മര്‍ദിച്ചപ്പോള്‍ പോലീസെത്തിയിരുന്നു. കാര്യമായി ഒരു നടപടിയും എടുത്തില്ല. മര്‍ദനമേറ്റ ദിവസം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും അതേ പോലീസ് അനങ്ങിയില്ല. തുടര്‍ച്ചയായി പറഞ്ഞിട്ടും കേസെടുക്കാന്‍ രണ്ടാഴ്ചയിലധികമെടുത്തു. ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദ സംഭാഷണവും എല്ലാമുണ്ടായിട്ടും നിബിഷയുടെയും കുടുംബത്തിന്‍റെ ഗതിയിതാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close