വിമാന യാത്രക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; പേരിട്ടത് ആകാശം ചേർത്തും; സുഖപ്രസവത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് വിമാന കമ്പനിയും

വിമാന യാത്രക്കിടെ ജനിച്ച പെൺകുഞ്ഞാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ആകാശത്ത് വെച്ച് ജനിച്ചതിനാൽ ആകാശം എന്നുകൂടി പേരിനൊപ്പം ചേർത്താണ് യുവതി തന്റെ കുഞ്ഞിന് പേരിട്ടിരിക്കുന്നത് എന്നും ‘ഫ്രോണ്ടിയർ എയർലൈൻസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഫ്ലൈറ്റിനുള്ളിലെ പ്രസവത്തിന് സഹായിച്ച എല്ലാവർക്കും വിമാന കമ്പനി നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഫ്രോണ്ടിയർ എയർലൈൻസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് യുവതി കുഞ്ഞിനു ജന്മം നൽകിയ വാർത്ത പങ്കുവച്ചത്. ഇത് വായിക്കുമ്പോൾ നിങ്ങളുടെ ഹൃദയം നിറയും എന്നാണ് എയർലൈൻസ് പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ശാന്തവും മാതൃകാപരവുമായിരുന്നു വിമാനത്തിലെ അറ്റന്റന്റ് ഡയാന ഗിരാൾഡോയുടെ നേതൃത്വത്തിലുള്ള സാഹസിക പ്രവൃത്തി എന്നാണ് ക്യാപ്റ്റൻ ക്രിസ് നേ ഈ സംഭവത്തെ കുറിച്ചു പറഞ്ഞത്. ‘വിമാനം ലാൻഡ് ചെയ്യുന്നതിനു മുൻപ് അമ്മയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടർന്ന് കുഞ്ഞിന് ജന്മം നൽകുന്നതിനായി യുവതിയെ ഡയാന സഹായിച്ചു. വിമാനത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ഡയാനയുടെ നേതൃത്വത്തിൽ യുവതിയെ സഹായിക്കാനായി എത്തിയിരുന്നു. പെൻസാകോള വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും എല്ലാം ശുഭമായി അവസാനിച്ചു. എയർക്രാഫ്റ്റിലെ പുതുപിറവിയിൽ സഹായവുമായി എത്തിയ എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുകയാണ്.’– ക്യാപ്റ്റൻ വ്യക്തമാക്കി.
വിമാനത്തിൽ ജനിച്ചതു കൊണ്ടു തന്നെ മധ്യത്തിൽ ‘Sky’ എന്നു ചേർത്താണ് അമ്മ തന്റെ കുഞ്ഞിനു പേരിട്ടതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കുഞ്ഞിന്റെയും ക്രൂ അംഗങ്ങളുടെയും ചിത്രങ്ങൾ കുറിപ്പിനൊപ്പം എയർലൈൻസ് അധികൃതർ പങ്കുവച്ചു. പോസ്റ്റിനു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. നിങ്ങൾ മഹനീയ പ്രവൃത്തിയാണ് ചെയ്തത്. അഭിനന്ദനങ്ങൾ എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.