KERALANEWSWOMEN

അശുദ്ധിയുടെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നവർ‌ക്കുള്ള മറുപടിയാണ് പത്തനംതിട്ട; രാജ്യത്തിന് മുന്നിൽ ജില്ല തല ഉയർത്തി നിന്നത് പെണ്ണധികാരത്തിന്റെ പെരുമയിൽ; 75-ാം സ്വാതന്ത്ര്യദിനം മലയാളിക്ക് അഭിമാനമായത് ഇങ്ങനെ

പത്തനംതിട്ട: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യമാകെ ശ്രദ്ധ പിടിച്ചുപറ്റിയ ജില്ലയായി പത്തനംതിട്ട മാറി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭരണസിരാകേന്ദ്രങ്ങൾ എല്ലാം സ്ത്രീകൾ ഭരിക്കുകയും ആ പെൺകരുത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയും ചെയ്തു. കേരളത്തിലെ തന്നെ ഏറ്റവും വികസിതം എന്നവകാശപ്പെടാവുന്ന ജില്ലകളിൽ ഒന്നായ പത്തനംതിട്ട ജില്ല ഇന്ന് പുതിയ ഒരു ചരിത്രത്തിനും വേദിയാകുകയായിരുന്നു.

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് ജില്ലയിലെ എംഎൽഎ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെയും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെയും നേതൃത്വത്തിൽ സ്വതന്ത്ര്യദിന ചടങ്ങുകൾ നടന്നു. ജില്ലാ പോലീസ് ആസ്ഥാനത്താവട്ടെ നിശാന്തിനി ഐ പി എസ്സിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ പൂർണമായും നേതൃത്വം കൊടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകൾ ജില്ലാ തലത്തിൽ നടക്കുന്നത്. ബഹുഭൂരിപക്ഷം എംഎൽഎമാരും എംപി മാരും മന്ത്രിമാരും ഒക്കെ പുരുഷന്മാർ ആയിരിക്കുന്ന ഒരു വ്യവസ്ഥിതിയിൽ നിന്നു കൊണ്ട് ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ തീർച്ചയായും പുരോഗമനപരവും അഭിനന്ദനീയവുമാണ്. അധികാര കേന്ദ്രങ്ങളിലെ പ്രാതിനിത്യവും അവസരങ്ങളുടെ വിതരണവും ലിംഗനീതിയുടെ വിഷയത്തിൽ വല്ലാതെ പ്രാധാന്യമർഹിക്കുന്നു. ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കാനും കൂടുതൽ പങ്കാളിത്തപരമാക്കാനും സ്ത്രീകൾ കൂടുതലായി പൊതുധാരയിലേക്ക് കടന്നു വരേണ്ടതുണ്ട് .

അത്തരത്തിൽ നോക്കുമ്പോൾ വളരെ പ്രതീക്ഷ പകരുന്ന ഒരു ചരിത്ര ദിനം കൂടിയായാണ് പത്തനംതിട്ടയിലൂടെ ഈ ദിവസം കടന്നു പോവുന്നത് എന്ന് പറയേണ്ടി വരും. ഒരു പ്രദേശത്തിന്റ വികസന സൂചികയിൽ സ്ത്രീകളുടെ തുല്ല്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വെറുതെ തുല്ല്യത എന്ന് പറയുന്നതിനപ്പുറം അതിനു പല തരത്തിലുള്ള അധികാര പ്രാതിനിത്യം എന്ന് കൂടി അർഥമുണ്ട്. സാക്ഷര കേരളത്തിൽ പോലും 17 മത് സംസ്ഥാന സർക്കാർ രൂപീകരണത്തിൽ മൂന്നു സ്ത്രീകൾ മാത്രമാണ് പരിഗണിക്കപ്പെട്ടത്. അതിനാൽ തന്നെ, 75 മത് സ്വാതന്ത്ര്യദിനം പത്തനംതിട്ടയിൽ സ്ത്രീ കരുത്തിൽ ചരിത്രമായപ്പോൾ മാറുന്ന അധികാര കേന്ദ്രീകരണങ്ങളുടെ തുടക്കമായും മാറട്ടെയെന്നാണ് ഏവരും പ്രതീക്ഷ വെക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close