Breaking NewsNEWSWORLD

ഗർഭച്ഛിദ്രത്തിനായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന് ജോ ബൈഡൻ; അമേരിക്കൻ പ്രസിഡന്റിന്റെ നിലപാട് ഇങ്ങനെ..

വാഷിങ്ടൺ: ഗർഭച്ഛിദ്രത്തിനായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഫെഡറൽ ഗവൺമെന്റ് സംരക്ഷണം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദശലക്ഷക്കണക്കിന് അമേരിക്കൻ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്ത് കളഞ്ഞ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പ്രസിഡന്റിന്റെ നിലപാട് പ്രഖ്യാപനം. 50 വർഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെ ഓരോ സംസ്ഥാനങ്ങൾക്കും ​ഗർഭച്ഛിദ്രം നിരോധിക്കാൻ വിധി വഴിയൊരുക്കി.

ഡെമോക്രാറ്റിക് സംസ്ഥാന ഗവർണർമാരുമായുള്ള ഒരു വെർച്വൽ മീറ്റിംഗിലായിരുന്നു ബൈഡൻ തന്റെ നിലപാട് പ്രഖ്യാപിച്ചത്. ഗർഭച്ഛിദ്രം നിരോധിക്കപ്പെടുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾ, നടപടിക്രമം നിയമപരമായി നിലനിൽക്കുന്ന രാജ്യത്തിന്റെ ഭാഗങ്ങളിലേക്ക് സംസ്ഥാന അതിർത്തി കടക്കാൻ നിർബന്ധിതരാകാം. ഗർഭച്ഛിദ്രത്തിനായി സംസ്ഥാന അതിർത്തികൾ കടക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ ചില യുഎസ് സംസ്ഥാനങ്ങൾ ശ്രമിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “അത് സംഭവിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നതായി ഞാൻ കരുതുന്നില്ല. പക്ഷേ അത് സംഭവിക്കും,” അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസിലെ അബോർഷൻ ക്ലിനിക്കുകൾ സന്ദർശിക്കുന്നതിനായി ആളുകളെ സഹായിക്കുന്ന ഡാറ്റ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായി ഗൂഗിൾ പറയുന്നു. ഗർഭച്ഛിദ്രത്തിന് കാരണമാകുന്ന ഗുളികകൾ നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളിൽ സർക്കാർ അത് ഉറപ്പാക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഭരണഘടനാ അവകാശം ഇല്ലാതാകുമ്പോൾ

സുപ്രീം കോടതിയുടെ പുതിയ വിധിയോടെ അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളും ഗർഭച്ഛിദ്രം വിലക്കുന്ന നിയമങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. 13 സംസ്ഥാനങ്ങൾ നേരത്തെ തന്നെ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഗർഭം ധരിച്ച് 15 ആഴ്ചയ്ക്ക് ശേഷം അബോർഷൻ വിലക്കിക്കൊണ്ട് ഗർഭച്ഛിദ്രത്തെ എതിർക്കുന്ന റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള മിസിസിപ്പി സംസ്ഥാനം കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതി വിധി. അമേരിക്കൻ സ്ത്രീകൾക്ക് സുരക്ഷിതമായി ഗർഭച്ഛിദ്രം നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്ന് വ്യക്തമാക്കി റോ വെഴ്‌സസ് വേഡ് കേസിൽ 1973 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് അസാധുവാക്കപ്പെട്ടത്.

1973 ന് മുമ്പ് അമേരിക്കയിൽ ഗർഭച്ഛിദ്ര നിയമങ്ങൾ ഏറെ കർക്കശമായിരുന്നു. 1973 ലെ റോ വെഴ്‌സസ് വേഡ് കേസാണ് പുതിയ നിയമത്തിന് കാരണമായത്. 1969 ൽ നോർമ മക്കോർവി തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ചതാണ് കേസിന്റെ തുടക്കം. അമ്മയുടെ ജീവന് ഹാനിയുണ്ടാകുന്ന സാഹചര്യത്തിൽ മാത്രമെ ടെക്‌സസിൽ ഗർഭച്ഛിദ്രം അനുവദിച്ചിരുന്നുള്ളു. തുടർന്ന് ഇവർ ജയിൻ റോ എന്ന പേരിൽ ജില്ലാ കോടതിയിൽ കേസ് നൽകി. ഡാലസ് കൗണ്ടിയിലെ ജില്ലാ അറ്റോർണിയായിരുന്ന ഹെന്റി വേഡ് ആയിരുന്നു എതിർഭാഗത്ത്. ഇതേത്തുടർന്നാണ് ഈ കേസ് റോ വെഴ്‌സസ് വേഡ് എന്ന പേരിൽ അറിയപ്പെട്ടത്. ബലാത്സംഗത്തെത്തുടർന്നാണ് താൻ ഗർഭിണിയായതെന്നു അതിനാൽ ഗർഭച്ഛിദ്രം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ കേസ് തള്ളിപ്പോയി.

വിധിയും അപ്പീലുകളുമായി സുപ്രീംകോടതിയിലെത്തിയ കേസിൽ 1973 ജനുവരിയിൽ ഉത്തരവുണ്ടായി. ഏഴ് മാസംവരെയുള്ള ഗർഭച്ഛിദ്രം അനുവദിക്കുന്നതായിരുന്നു വിധി.

ജോർജിയയിൽ നിന്നുള്ള സാന്ദ്ര ബെൻസിങ് എന്ന 20 വയസ്സുകാരിയുടെ, സമാന സ്വഭാവമുള്ള, കേസിനൊപ്പമാണ് മക്കോർവിയുടെ അപ്പീലും പരിഗണിച്ചത്. ടെക്‌സസിലേയും ജോർജിയയിലേയും ഗർഭച്ഛിദ്ര നിയമങ്ങൾ യു.എസ് ഭരണഘടനയ്ക്ക് എതിരാണെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ നിഷേധിക്കുന്നതാണെന്നുമാണ് ഇരുവരും വാദിച്ചത്. കേസ് പരിഗണിച്ച ഒൻപതംഗ ബഞ്ചിലെ ഏഴ് ജഡ്ജിമാരും അനുകൂലമായി വിധിച്ചു. ഗർഭച്ഛിദ്രം നടത്താനുള്ള സ്ത്രീയുടെ അവകാശത്തെ അമേരിക്കൻ ഭരണഘടന അംഗീകരിക്കുന്നുണ്ടെന്നായിരുന്നു വിധി.

ഇതേത്തുടർന്ന് ഗർഭച്ഛിദ്രം അമേരിക്ക മുഴുവൻ നിയമവിധേയമാക്കി. ആദ്യ മൂന്ന് മാസത്തിനുള്ളിലെ (ട്രൈമെസ്റ്റർ) ഗർഭച്ഛിദ്രത്തിന് നിയമം സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി. രണ്ടാം ട്രൈമെസ്റ്ററിൽ ഗർഭച്ഛിദ്രം നടത്തണമെങ്കിൽ ചില നിയന്ത്രണങ്ങളും ബാധകമാക്കി. എന്നാൽ മൂന്നാം ട്രൈമെസ്റ്ററിലെ ഗർഭച്ഛിദ്രം സംസ്ഥാനങ്ങൾക്ക് നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. അമ്മയുടെ ജീവന് ഹാനികരമാകുമെങ്കിൽ മാത്രമെ മൂന്നാം ട്രൈമസ്റ്ററിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകൂ.

ഗർഭച്ഛിദ്രത്തിന് വേണ്ടി വാദിച്ച് ജയിച്ചു, പിന്നെ ഗർഭച്ഛിദ്രത്തിന് എതിരായി

ലൂസിയാനയിലെ സിമ്മെസ്‌പോർട്ടിലാണ് അബോർഷൻ അമേരിക്കൻ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയതിന് കാരണക്കാരിയായ നോർമ ലെ നെൽസൺ എന്ന നോർമ മക്കോർവി ജനിച്ചത്. ദുരിതം നിറഞ്ഞ ബാല്യമായിരുന്നു അവരുടേത്. അച്ഛൻ ചെറുപ്പത്തിലെ ഉപേക്ഷിച്ചു. പിന്നീട് അമ്മയുടെ സംരക്ഷണയിൽ വളർന്ന നോർമ പതിനാറാം വയസ്സിൽ എൽവുഡ് മക്കോർവിയെ വിവാഹം കഴിച്ചു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം ഭർത്താവ് വിട്ടുപോയി. അപ്പോഴേക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ നോർമയുടെ പിന്നീടുള്ള ജീവിതം താളപ്പിഴകൾ നിറഞ്ഞതായിരുന്നു. ഇതിനിടയിൽ വീണ്ടും നോർമ ഒരു കുഞ്ഞിന് ജന്മം നൽകി. രണ്ടും മക്കളും ദത്തെടുക്കപ്പെട്ടു.

1969 ൽ 21 ാം വയസ്സിൽ നോർമ വീണ്ടും ഗർഭിണിയായി. ബലാത്സംഗത്തിനിരയായതാണെന്ന വാദമുയർത്തി ഗർഭച്ഛിദ്രത്തിന് അനുമതി തേടാൻ അവളെ സുഹൃത്തുക്കൾ ഉപദേശിച്ചു. ഇത്തരത്തിലുള്ള കേസുകളിൽ ഗർഭച്ഛിദ്രം നടത്താൻ ടെക്‌സസിലെ നിയമം അനുവദിച്ചിരുന്നു. എന്നാൽ നോർമയുടെ വാദം തെളിയിക്കാനാവശ്യമായ തെളിവുകളില്ലാത്തതിനാൽ ഈ ആവശ്യം നിരാകരിക്കപ്പെട്ടു. പിന്നീടാണ് നോർമ കോടതിയുടെ ഇടപെടലിനായി രണ്ട് അഭിഭാഷകരെ സമീപിക്കുന്നത്. തുടർന്ന് ഇവർ ജയിൻ റോ എന്ന പേരിൽ ജില്ലാ കോടതിയിൽ കേസ് നൽകി. ഡാലസ് കൗണ്ടിയിലെ ജില്ലാ അറ്റോർണിയായിരുന്ന ഹെൻ​റി വേഡ് ആയിരുന്നു എതിർഭാഗത്ത്. ഇതേത്തുടർന്നാണ് ഈ കേസ് റോ വെഴ്‌സസ് വേഡ് എന്ന പേരിൽ അറിയപ്പെട്ടത്. ജില്ലാ കോടതി കേസ് തള്ളി. പിന്നീട് സുപ്രീം കോടതിയിൽ അപ്പീൽ പോയി. സുപ്രീം കോടതിയിലെ കേസ് മൂന്ന് വർഷം നീണ്ടു. ഇതിനിടെ നോർമ കുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞിനേയും ദത്ത് നൽകുകയായിരുന്നു.ഒരു അബോർഷൻ ക്ലിനിക്കിലായിരുന്നു ഈ കാലഘട്ടത്തിൽ ഇവർ ജോലി ചെയ്തതിരുന്നത്.

ഷെല്ലി ലിൻ തോർട്ടോൻ എന്ന നോർമയുടെ മൂന്നാമത്തെ കുഞ്ഞ് 1989 ലാണ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തപ്പെട്ടത്. 18 ാം വയസ്സിലാണ് ഷെല്ലി തന്റെ അമ്മ ആരാണെന്ന് തിരിച്ചറിഞ്ഞത്. മകളെ നേരിൽ കാണണമെന്ന നോർമയുടെ ആഗ്രഹത്തെത്തുടർന്നായിരുന്നു ഇത്. ഒരു ടെലിവിഷൻ പരിപാടിയിൽ നോർമ തന്നെയാണ് ഈ ആഗ്രഹം അറിയിച്ചത്. എന്നാൽ അമ്മയെ കാണാൻ ഷെല്ലി തയ്യാറായില്ല. ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചെങ്കിലും മക്കോറിയോട് അനുരഞ്ജനപ്പെടാൻ ഷെല്ലി തയ്യാറല്ലായിരുന്നു. ഗർഭത്തിൽ വെച്ച് ഇല്ലാതാക്കാതിരുന്നതിന് തന്നോട് നന്ദി പറയണമെന്ന നോർമയുടെ ആവശ്യത്തോട് ഷെല്ലി അനുകൂലമായല്ല പ്രതികരിച്ചത്. തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ വേണ്ടെന്ന് ഒരമ്മ ആഗ്രഹിക്കുമ്പോൾ തന്നെ തന്നെ അവർക്ക് ആവശ്യമില്ല എന്ന് ആ കുഞ്ഞ് തിരിച്ചറിയാൻ തുടങ്ങുമെന്നാണ് ഷെല്ലി ഇതിനോട് പ്രതികരിച്ചത്. എന്നാൽ തന്റെ രണ്ട് സഹോദരിമാരേയും ഷെല്ലി പിന്നീട് കണ്ടുമുട്ടി.

1994 ൽ അയാം റോ എന്ന പേരിൽ നോർമ മക്കോവറി തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു. തുടർന്ന് പല പ്രോലൈഫ് സംഘടനകളുമായും ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് സഭകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ച മക്കോറി ഗർഭച്ഛിദ്രത്തിനെതിരെയുള്ള നിലപാടുമായി ശ്രദ്ധ നേടി. 1998 ൽ റോമൻ കത്തോലിക്കാ സഭയിൽ ചേർന്ന നോർമ ഗർഭച്ഛിദ്ര നിയമത്തിന് കാരണക്കാരിയതിൽ ഖേദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നിയമം പിൻവലിക്കണമെന്ന പ്രചാരണങ്ങളിൽ മുഴികിയാണ് പിന്നീടുള്ള കാലം ജീവിച്ചത്. അബോർഷൻ ആക്ടിവിസ്റ്റുകളുടെ കരുവായി മാറുകയായിരുന്നു താനെന്നാണ് ഇതിനെക്കുറിച്ച് അവരുടെ പിന്നീടുള്ള പ്രതികരണം. ഭ്രൂണത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസിലാക്കിയപ്പോഴാണ് തനിക്ക് മനംമാറ്റമുണ്ടായതെന്നും 1998 ൽ പുറത്തിറങ്ങിയ വോൺ ബൈ ലൗ എന്ന തന്റെ രണ്ടാമത്തെ പുസ്തകത്തിൽ നോർമ പറയുന്നുണ്ട്.

2004 ൽ ഗർഭച്ഛിദ്ര നിയമം പിൻവലിക്കമെന്നാവശ്യപ്പെട്ട് നോർമ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഹർജി തള്ളി. പ്രസിഡന്റ് ഒബാമയുടെ പ്രസംഗം തടസപ്പെടുത്തിയതിന്റെ പേരിൽ നോർമ അക്കാലത്ത് ശ്രദ്ധ നേടിയിരുന്നു. 2013 ൽ ഇറങ്ങിയ ഡൂൺബൈ എന്ന ചിത്രത്തിൽ ഗർഭച്ഛിദ്രത്തിനെതിരേ സംസാരിച്ചു കൊണ്ട് അവർ പ്രത്യക്ഷപ്പെട്ടു. 2021 ൽ ഇറങ്ങിയ ജോഷ്വ പ്രജേഴ്‌സിന്റെ ദ ഫാമിലി റോ: ആൻ അമേരിക്കൻ സ്‌റ്റോറി എന്ന പുസ്തകം മക്കോറിയെക്കുറിച്ചുള്ളതാണ്. അബോർഷൻ ആവശ്യപ്പെട്ട് കേസ് നടത്തുന്ന വേളയിൽ പരിചയപ്പെട്ട കോണി ഗോൺസാലസിനോടൊപ്പമായിരുന്നു 35 വർഷമായി മക്കോറി ജീവിച്ചത്. 2006 ൽ ഗോൺസാലസ് മരിച്ചു. 2017 ൽ ടെക്‌സസിൽ നോർമയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close