KERALANEWS

ഡോക്ടർമാരെ നിലവിലുള്ള മെഡിക്കൽ കോളേജിൽ നിന്നും പുതുതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളിലേക്ക് ക്രമവിരുദ്ധമായിമാറ്റരുത്- കെജിഎംസിടിഎ

തിരുവനന്തപുരം: കേരളത്തിലെ വിവിധ ഗവ. മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ തസ്തികകൾ പുതുതായി സ്ഥാപിച്ച മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി കെജിഎംസിടിഎ. സാധാരണ പുതിയ മെഡി.കോളേജ് സ്ഥാപിക്കുമ്പോൾ തന്നെ അവിടേക്ക് വേണ്ട അധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിക്കുകയും അതിലേക്ക് പുതുതായി നിയമനം നടത്തുകയോ നിലവിൽ സർവ്വീസിലുളളവരെ സ്ഥാനക്കയറ്റം നൽകി അവിടേക്ക് അയക്കുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ അതിന് തയ്യാറാകാതെ, പുതിയ തസ്തികകൾ സൃഷ്ടിക്കാതെ സർവ്വീസിൽ ഇപ്പോൾ ഉള്ള ആൾക്കാരെക്കൊണ്ട് പുതുതായി സ്ഥാപിച്ച മെഡിക്കൽ കോളേജുകൾ കൂടി നടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നീക്കം അത്യന്തം പ്രതിലോമകരവും, പ്രതിഷേധാർഹവുമാണെന്ന് കെജിഎംസിടിഎ ആരോപിച്ചു.

ഇപ്പോൾ തന്നെ രാജ്യത്തെ മികച്ച മെഡിക്കൽ കോളേജുകളുടെ പട്ടികയിൽ മുൻ സ്ഥാനങ്ങളിൽ കേരളത്തിലെ മെഡി.കോളേജുകൾ സ്ഥാനം പിടിച്ചിട്ടില്ല. മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളെ ആശ്രയിക്കുകയും, കൂടുതൽ സങ്കീർണ്ണമായ ഓപ്പറേഷനുകളും ചികിൽസാ രീതികളും അവിടെ ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം ചികിൽസകളും സേവനങ്ങളും അവിടെ തടസ്സമില്ലാതെ തുടരുന്നതിന് വിഘാതമുണ്ടാക്കാൻ ഈ നീക്കം കാരണമാകും എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ചികിൽസയുടെ കാര്യത്തിലും അക്കാദമിക മികവിന്റെ കാര്യത്തിലും ഗവേഷണ പ്രവർത്തനങ്ങളുടെ കാര്യത്തിലും കനത്ത പ്രഹരമേൽപ്പിക്കുന്ന ഈ നീക്കത്തിൽ നിന്നും സർക്കാർ പിൻ തിരിയണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെടുന്നു. അതോടൊപ്പം മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ വേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനും നടപ്പിലാക്കാനും സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് സംഘടന മുന്നറിയിപ്പു നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close