HEALTHINSIGHTTrending

മറക്കരുതെന്ന് ആഗ്രഹിക്കുന്നവയെ പോലും മറവിയുടെ ലോകത്തേക്ക് വലിച്ചെറിയപ്പെടേണ്ടി വരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ?; ഇന്ന് ലോക മറവിരോഗ ദിനം

തലച്ചോറിന്റെ താളം തെറ്റിച്ച് ഓർമക്കൂട്ടുകൾ മറവിയുടെ മാറാലയിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണ് അൽഷിമേഴ്‌സ്. പ്രിയപെട്ടവയെ ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ. അത് അനുഭവിക്കുന്ന ആളുകളേക്കാൾ കൂടുതൽ നിസ്സഹായരായി നിൽക്കുന്നത് ചുറ്റുമുള്ളവരാണ്. ഒരു ദിനത്തിൽ പറഞ്ഞൊതുക്കാൻ കഴിയുന്നതല്ല മറവിരോഗം. വീണ്ടുമൊരു അൽഷിമേഴ്‌സ് ദിനം കൂടി വന്നെത്തുമ്പോൾ ഓർത്തെടുക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. കേരളത്തിൽ പ്രായം കൂടുന്നവരിൽ ഇന്ന് ഈ രോഗമേറിവരികയാണ്. അവരെയാണ് നാം ഇന്ന് ആദ്യം ഓർക്കേണ്ടത്. ഇവർക്ക് വേണ്ട കരുതലും പരിചരണവുമാണ് ഈ ലോക അൾഷിമേഴ്സ് ദിനവും ഓർമ്മിപ്പിക്കുന്നത്.

ആയുർദൈർഘ്യത്തിൽ മുന്നിലാണെന്ന് പറയുന്ന കേരളം തന്നെയാണ് മറവിരോഗത്തിന്റെ കണക്കിലും മുൻപന്തിയിൽ. ജീവിതശൈലിയിലും ജീനുകളുടെ മാറ്റവും എല്ലാം മറവി രോഗത്തിന് കാരണമാവാറുണ്ട്. കേരളത്തിൽ 65 വയസ്സിന് മുകളിലുള്ള നൂറ് പേരെയെടുത്താൽ അഞ്ച് പേർക്കെങ്കിലും മറവിരോഗമുണ്ടെന്നാണ് അനൗദ്യോഗിക പഠനങ്ങൾ പറയുന്നത്. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും രോഗസാധ്യതയുണ്ട്. ഏറ്റവും ഒടുവിൽ മറവിരോഗം സംബന്ധിച്ച് എപിഡെമോളജി പഠനം സംസ്ഥാനത്ത് നടന്നത് 2006ലാണ്. രോഗികളെ കൃത്യമായി കണ്ടെത്തേണ്ടതും പരിചരണം ഉറപ്പാക്കേണ്ടതും രോഗികൾക്ക് മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർക്കും നിർണായകമാണ്.

മറവിരോഗികളെ ശുശ്രൂഷിക്കാൻ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രം ഒരുക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ച് മെമ്മറി ക്ലിനിക്കുകൾ തുടങ്ങണം. മറവിരോഗത്തെ കുറിച്ച് കൂടുതൽ പഠിക്കാനായി വിദേശരാജ്യങ്ങളിലെ ബ്രെയ്ൻ ബാങ്കിംഗ് പോലെയുള്ളവയ്ക്ക് കേരളം തയ്യാറാകണമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എല്ലാത്തിനും ഉപരിയായി, മറവിരോഗികൾക്കും പരിചാരകർക്കും വേണ്ടത്, ഒരു സമൂഹമാകെ ഒന്നിച്ചുനിന്നുള്ള കരുതലാണെന്നതാണ് വിദഗ്ദരെല്ലാം ചൂണ്ടികാട്ടുന്നത്.

വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ രോഗം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും പൊതുവായ ചില ലക്ഷണങ്ങള്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുൻപ് നടന്ന കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയുമ്പോഴേക്കും അടുത്തകാലത്ത് മനസിലാക്കിയ കാര്യങ്ങള്‍ മറന്നുപോവുക, വാക്കുകള്‍ കിട്ടാനും, ഭാഷ കൈകാര്യം ചെയ്യാനുമുള്ള ബുദ്ധിമുട്ട് എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്.

ലോകമെമ്പാടുമുള്ള 76 അല്‍ഷിമേഴ്‌സ് ഘടകങ്ങളുടെ കൂട്ടായ്മയായ അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലാണ് ആഗോളതലത്തില്‍ അല്‍ഷിമേഴ്‌സ് ദിന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. മനുഷ്യരില്‍ ഓര്‍മകളുടെ താളംതെറ്റിക്കുകയും പതുക്കെ ഓര്‍മ്മകളെ ഒന്നാകെ കാര്‍ന്നെടുക്കുകയും ചെയ്യുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം അല്‍ഷിമേഴ്‌സ് രോഗികളുണ്ട്. ലോകമാകമാനം മുപ്പതുകോടിയോളം ജനങ്ങള്‍ രോഗം ബാധിച്ചവരായുണ്ടെന്നാണ് കണക്ക്.

വാര്‍ധക്യത്തിലാണ് രോഗം കണ്ടുവരുന്നതെങ്കിലും ചുരുക്കം ചില അവസരങ്ങളില്‍ രണ്ടുശതമാനത്തോളം പേര്‍ ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാകുന്നുണ്ട്. അല്‍ഷിമേഴ്‌സ് റിസര്‍ച്ച് ഫൗണ്ടേഷന്റെ കണക്കു പ്രകാരം ആകെ 47 കോടി ആളുകളാണ് അല്‍ഷിമേഴ്‌സ് രോഗബാധിതര്‍. അരക്കോടിയിലധികം ആളുകള്‍ അമേരിക്കയില്‍ മാത്രം രോഗം ബാധിച്ചവരായുണ്ടെന്നും ഫൗണ്ടേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ 68 സെക്കന്‍ഡിലും ഒരാളില്‍ രോഗം തിരിച്ചറിയപ്പെടുന്നുണ്ടെന്നാണ് കണക്ക്.

വാര്‍ധക്യത്തിലാണ് മിക്കവരിലും രോഗം കണ്ടുവരുന്നത്. 65 വയസ്സു കഴിഞ്ഞവരാണ് മിക്കപ്പോഴും രോഗത്തിന് അടിമയാകുന്നത്. പക്ഷേ ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നുണ്ട്. പരസഹായം കൂടാതെ ഒരുകാര്യം പോലും ഇത്തരക്കാര്‍ക്ക് ചെയ്യാനാകില്ലെന്നതാണ് വസ്തുത. അല്‍ഷിമേഴ്‌സ് രോഗം ഒരു കൊലയാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ മരണം കൊണ്ടുവരുന്ന രോഗകാരണങ്ങളില്‍ ആറാം സ്ഥാനമാണ് അല്‍ഷിമേഴ്‌സിന്. രോഗം കണ്ടെത്തി എട്ടുവര്‍ഷത്തോളം രോഗികള്‍ ജീവിച്ചിരിക്കും. പക്ഷേ, രോഗത്തില്‍ നിന്ന് ഒരു തിരിച്ചുവരവ് സാധ്യമല്ല.

എല്ലാ മറവിയും അല്‍ഷിമേഴ്‌സ്‌ അല്ല – വല്ലപ്പോഴും ഉള്ള മറവിയും, ചെറിയ രീതിയില്‍ ഉള്ള സമാന ലക്ഷണങ്ങളും ഇതും ആയി ചേര്‍ത്തു വെച്ച് അമിത ആശങ്കയില്‍ ആരും അകപ്പെടേണ്ടതില്ല. വേണ്ടത് കരുതലാണ്‌. ആകാംക്ഷയും ആശങ്കയും ചേരുന്നിടം മറവി രോഗത്തെ കൂടുതൽ സങ്കീർണമാക്കിയേക്കാം. അല്ലെങ്കിൽ, മറവിരോഗമല്ലാത്തൊന്ന്‌ ആ പേരിൽ വിളിക്കപ്പെട്ടേക്കാം. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യമായ ഓർമ്മകൾ ചിതറിത്തെറിക്കുന്നു എന്ന്‌ തോന്നുന്നിടത്ത്‌ വെച്ചു തന്നെ അവയെ തിരിച്ചു പിടിക്കാൻ സാധിക്കട്ടെ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close