INSIGHTNEWSTrending

ഇന്ന് ലോക ആനദിനം ; പ്രൗഢിയുടെ പ്രതിരൂപമായി കാണുന്ന ആനകളുടെ ദുരവസ്ഥയെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ

ഇന്ന് ആഗസ്റ്റ് 12, ലോക ആനദിനം. ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2012 ഓഗസ്റ്റ് 12-നാണ് ലോക ആനദിനം ആരംഭിച്ചത്. ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, മൈക്കൽ ക്ലാർക്ക്, തായ്‌ലാൻഡിലെ എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ഇങ്ങനെയൊരു ദിനം.

കരയിലെ വമ്പന്മാരെങ്കിലും മനുഷ്യന്മാരുടെ ക്രൂരതയും ചൂഷണങ്ങളും കടന്നുകയറ്റങ്ങളുമെല്ലാം ഈ കരിവീരന്മാരുടെ എണ്ണം ദിനംപ്രതി കുറച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ഹിംസാത്മക മനോഭാവവും പണത്തോടുള്ള അത്യാഗ്രഹവും ആനക്കൊമ്പുകൾക്ക് വേണ്ടിയുള്ള വേട്ടയാടലുകളിലേക്ക് നയിക്കുന്നു. മനുഷ്യൻ അവന്റെ സാമ്രാജ്യം കെട്ടിയുയർത്തുന്നതിന് വേണ്ടി കാടുകൾ വെട്ടിതെളിച്ച് കയ്യേറുമ്പോൾ മൃഗങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ സ്വര്യ വിഹാര കേന്ദ്രങ്ങളാണ്. കരയിലെ തന്നെ വലിയ ജീവി കൂടിയായ ആനകളുടെ കാര്യം വളരെ പരിതാപകരവുമാണ്. ഡബ്ല്യൂഡബ്ല്യൂഎഫ് അടുത്തിടെ പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്താകെ ഇനി ഏകദേശം നാല് ലക്ഷത്തിനാല്പത്തിനായിരം ആനകളാണ് അവശേഷിക്കുന്നത്. പ്രതിവർഷം പതിനയ്യായിരത്തോളം ആനകൾ വേട്ടയ്ക്കിരയായി കൊല്ലപ്പെടുന്നുണ്ടെന്നും കണക്കിൽ പറയുന്നു.

കരയിലെ ആ വലിയ ജീവികൾക്ക് അലഞ്ഞുതിരിഞ്ഞ് ഭക്ഷണം കണ്ടെത്തി ജീവിക്കാൻ വേണ്ടിയുള്ള കാടുകൾ മനുഷ്യൻ അനുദിനം വലിയ തോതിൽ കയ്യേറികൊണ്ടിരിക്കുകയാണ്. ഏഷ്യൻ ആനകളുടെ ഭൂമിശാസ്ത്രപരമായ പരിധി ഏകദേശം മുപ്പത് ശതമാനത്തോളം കുറഞ്ഞിരിക്കുന്നു. ഏഷ്യൻ വിപണികളിൽ ആനകൊമ്പുകൾക്കുള്ള വലിയ വിലപേശലുകൾ ഈ മിണ്ടാപ്രാണിയുടെ ജീവന്റെ വിലയാണ്.

ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്കാരിക മണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഭാരതീയ പുരാണേതിഹാസങ്ങളിൽ, ആദി വേദമായ ഋഗ്വേദത്തിൽ ആനകളെപ്പറ്റി പ്രതിപാദിക്കുന്നു. ആനകളുടെ ജന്മത്തെപ്പറ്റിയുള്ള കഥകൾ ഭാരതീയ പുരാണേതിഹാസങ്ങളിൽ കാണാം. ആനയുടെ ഉൽപത്തി വിവരണങ്ങളും ചികിത്സാക്രമങ്ങളും വിവരിക്കുന്ന സംസ്കൃത ഗ്രന്ഥമാണ് തിരുമംഗലത്ത് നീലകണ്ഠൻ മൂസ് രചിച്ച മാതംഗലീല. കേരളത്തിലെ ശക്തന്മാരായ ആനകളെപ്പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും പറയുന്നു.

കാട്ടാനകളെ മനുഷ്യർ അവരുടെ ആവശ്യങ്ങൾക്കായി വാരിക്കുഴികൾ നിർമ്മിച്ച് പിടിക്കുകയും താപ്പാനകളുടെ സഹായത്തോടെ അതിൽ നിന്ന് കയറ്റി നാട്ടിലെത്തിച്ച് ചട്ടങ്ങൾ പഠിപ്പിച്ച് മെരുക്കിയെടുക്കുയുമാണ് ചെയ്യുന്നത്. അത്തരത്തിൽ പിടിച്ച ആനകളെ മനുഷ്യൻ അവന് വേണ്ടുന്ന വിവിധ ജോലികൾ ചെയ്യിപ്പിക്കുന്നു. ഉത്സവപറമ്പുകളിലും മറ്റ് ആഘോഷ പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നു. മെരുക്കാനായും ജോലിചെയ്യാനും ഉത്സവപ്പറമ്പുകളിൽ എഴുന്നള്ളിക്കാനുമായി ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും മാറ്റുന്ന മനുഷ്യർ ആ ജീവിയെ ക്രൂരമായി ഉപദ്രവിക്കാറുണ്ട്. ആനകളെ കെട്ടിയെഴുന്നള്ളിച്ച് മണിക്കൂറുകളോളം നിർത്തുന്നത് ഉത്സവങ്ങളുടെ പ്രൗഢിയുടെ അളവുകോലായി മാറുമ്പോൾ ആ വലിയ ജീവി അനുഭവിക്കേണ്ടി വരുന്നത് വലിയ വേദനയും പീഢനവുമാണ്. പാപ്പാന്മാരുടെ കൊടും ക്രൂരതകൾക്കും അവ ഇരയാവുന്നു.

മനുഷ്യൻ അവന് വേണ്ടുന്ന കാടുകൾ കയ്യേറുമ്പോൾ ഇല്ലാതാവുന്നത് മൃഗങ്ങളുടെ മേച്ചിൽപുറങ്ങളാണ്. കാട് കയ്യേറി കൃഷി തുടങ്ങുകയും ആ കൃഷി ഇടങ്ങളിലേയ്ക്ക് ആനകൾ വരാതിരിക്കാൻ വളരെ ക്രൂരമായ രീതിയിൽ കെണി ഒരുക്കുകയും ചെയ്യുന്നു. അതിർത്തി തിരിച്ച കമ്പികളിൽ നിന്ന് ഷോക്കടിച്ചും ഒളിപ്പിച്ചുവെച്ച കെണികളിൽ പെട്ടും വലിയ പരിക്കുകളേറ്റ് ആ മിണ്ടാപ്രാണികൾ അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. തോട്ട ഉള്ളിൽ വെച്ച പൈനാപ്പിൾ കഴിച്ച് വായ തകർന്ന് ചെരിഞ്ഞ ഗർഭിണിയായ ആനയുടെ ദൃശ്യവും, വിരട്ടി ഓടിക്കാനായ് ടയറിൽ തീ കൊളുത്തിയെറിയുകയും, ടയർ ചെവിയിൽ കുരുങ്ങി വെന്തുപൊള്ളി ഒരാന മരിച്ചതും അടുത്തിടെ നാം കണ്ട ക്രൂരമായ കാഴ്ചകളാണ്. നാം അറിയാതെയും കാണാതെയും നടക്കുന്ന ക്രൂര പീഢനങ്ങൾ ഒരുപാടുണ്ട്. കരയിലെ ആ വലിയ ജീവിയുടെ ലോകം മനുഷ്യരുടെ ക്രൂരവും എന്തിനേയും അടിമയാക്കാനുള്ള അധികാര മനോഭാവത്തിലും അമർന്ന് ചെറുതായി കൊണ്ടിരിക്കുന്നു. കരയിലെ ഏറ്റവും വലിയ സസ്തനിയിപ്പോൾ വംശനാശ ഭീഷണിയുടെ വക്കിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close