Uncategorized

മഹേഷേ, ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല; പക്ഷെ പഠിക്കാൻ പറ്റും

ഇന്ന് ആഗസ്റ്റ് 19. ലോക ഫോട്ടോഗ്രാഫി ദിനം. 1939 ആഗസ്റ്റ് 19 ന് ഫ്രഞ്ച് ഗവൺമെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളിലൊന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് പരിചയപ്പെടുത്തിയതിന്റെ ഓർമ പുതുക്കുന്ന ദിനമാണ് ആഗസ്റ്റ് 19. ഫോട്ടോഗ്രാഫിയുടെ പിതാവായി അറിയപ്പെടുന്നത് ഫ്രഞ്ച്കാരനായ ലൂയി ടെഗ്വരെയാണ്. 1826 ൽ ജോസഫ് നീസ് ഫോർ നിപ്സ് ക്യാമറയിൽ വീഴുന്ന പ്രതിബിംബത്തിന്റെ ചിത്രം പകർത്തിക്കൊണ്ട് വലിയ ഒരു വിപ്ലവം സൃഷ്ട്ടിച്ചു. ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിൽ തന്നെ വഴിത്തിരിവായ ചിത്രം. ലോകത്തിലെ ആദ്യ ചിത്രം ഒരു ജനാലയിൽ നിന്നുള്ള കാഴ്ചയാണ്. ടാർ പുരട്ടിയ പ്യൂട്ടർ പ്ലേറ്റിലൂടെ പകർത്തി ചിത്രം എടുക്കാൻ എട്ടു മണിക്കൂറുകൾ വേണ്ടി വന്നു. നല്ല ഒരു ഫോട്ടോ പിറക്കുന്നതിന് ചിലപ്പോഴൊക്കെ വളരെ വലിയ സമയം നൽകേണ്ടിവരും. ക്ഷമ എന്നത് ഫോട്ടോഗ്രാഫിയിലെ ഏറ്റവും പ്രധാന ഘടകമാണെന്ന് ഓർമിപ്പിക്കുന്നതാണ് ലോക ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയ ഈ ചിത്രങ്ങളുടെ പിന്നിലെ അർപ്പണം.

ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിലൂടെ ഫോട്ടോ എടുക്കുന്നതിൽ നിന്നും പതിയെ ഫിലിമുകളുടെ കണ്ടുപിടുത്തത്തിലേക്ക് കടന്നു. രാസ മാറ്റം നടത്താൻ കഴിയുന്ന ഫിലിമുകളുടെ കണ്ടുപിടുത്തം ഫോട്ടോഗ്രാഫിയെ കുറച്ചൂടെ സുഗമമാക്കി. ചരിത്രത്തിലെ തന്നെ വിപ്ലാവാത്മക മാറ്റമായിരുന്നു ഈ കണ്ടുപിടുത്തം. ഇരുപതാം നൂറ്റാണ്ടിൽ ഫിലിമുകൾ ഫോട്ടോഗ്രാഫിയിൽ അഭിഭാജ്യ ഘടകമായി മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോഴേക്കും ഫിലിമുകളിൽ നിന്നും മാറി ഡിജിറ്റൽ ക്യാമറയുടെ യുഗത്തിലേക്ക് കാൽവെച്ചു. ഡിജിറ്റൽ ക്യാമറകളുടെ പ്രവേശനം ഫോട്ടോഗ്രാഫിയുടെ അതുവരെയുള്ള തലങ്ങളിൽ നിന്നും വേറിട്ടുനിന്ന് വിപ്ലവം രചിച്ചു. പതിയെ പതിയെ ആധുനികതക്കൊപ്പം സാങ്കേതിക വിദ്യ വളർന്ന് പന്തലിക്കാൻ തുടങ്ങിയതോടെ മൊബൈലിലൂടെയും ചിത്രം പകർത്താം എന്ന നിലയിലേക്ക് ചുവടുമാറി. ഇന്ന് മികച്ച ചിത്രങ്ങൾ പകർത്താൻ ഡിജിറ്റൽ ക്യാമറ വേണമെന്നില്ല; ഫോണുകൾ തന്നെ ധാരാളം.

നമുക്ക് മുന്നിലൂടെ കടന്ന് പോയ കാലത്തെ വീണ്ടും ഓർമിച്ചെടുക്കാൻ, അതിന്റെ മൂല്യത്തെ തിരിച്ചറിയാൻ നമ്മൾ എടുത്ത ചിത്രങ്ങൾക്ക് സാധിക്കും. ശാസ്ത്രത്തിന്റെ ഏറ്റവും മികച്ച കണ്ടുപിടുത്തമാണ് ക്യാമറ എങ്കിലും, ഒരു ശാസ്ത്ര കണ്ടുപിടുത്തമായി മാത്രം ഒതുങ്ങാതെ ഒരു ജനതയുടെ തന്നെ വൈകാരികതയുമായി ഇഴചേരാൻ ക്യാമറക്ക് സാധിച്ചു. സ്മാർട്ട് ഫോണുകളുടെ വരവോടു കൂടി ഓരോത്തരും മികച്ച ഫോട്ടോഗ്രാഫറുകളാവുന്ന കാലത്താണ് നാം ജീവിക്കുന്നത്. വളരെ കഷ്ടപ്പെട്ട് സമയം ചിലവഴിച്ച് സമർപ്പണ മനോഭാവത്തോടെ ഒരു നല്ല ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പും, അതിനു ശേഷം നാം നൽകിയ അർപ്പണത്തിന് ഫലമായി ലഭിക്കുന്ന ഒരു മികച്ച ഫ്രെയിമിന് നൽകാൻ കഴിയുന്ന അത്രയും സന്തോഷവും അഭിമാനവും ഫോട്ടോഗ്രാഫിയെ ഇഷ്ട്ടപെടുന്ന ഒരാളെ സംബന്ധിച്ച് മറ്റൊരിടത്തു നിന്നും ലഭിക്കില്ല.

വ്യത്യസ്ത വികാരങ്ങളെ ഉദ്ധീപിപ്പിച്ച് മനുഷ്യന്റെ ഹൃദയത്തോട് അലിഞ്ഞു ചേരാൻ മികച്ച ഫോട്ടോകൾക്ക് സാധിക്കും. വിയറ്റ്നാം ഭീകരതയുടെ ദൃശ്യങ്ങൾ, സുഡാനിലെ പട്ടിണിയുടെ നേർകാഴ്ച, ഹിരോഷിമയിലെ അണുബോംബ് വർഷണം, ഭോപ്പാൽ ദുരന്തത്തിന്റെ കാഴ്ച, യൂറോപ്പിലെ അഭയാർത്ഥി പ്രവാഹത്തിനിടയിൽ കരയ്ക്കടിഞ്ഞ കുട്ടിയുടെ ചിത്രം, വ്യോമാക്രമണത്തിൽ പരിക്കേറ്റ സിറിയൻ ബാലൻ ഇവയെല്ലാം ലോക ജനതയുടെ ഹൃദയത്തിൽ നോവ് പകർന്ന ചിത്രങ്ങളാണ്. കണ്ണീരണിയാക്കാനും ചിരിപ്പിക്കാനും പ്രണയാദ്രമാക്കാനും ഭീതി ഉണർത്താനും അത്ഭുതം സ്ഫുരിക്കാനും മാനവന്റെ മനസിനെ ഒരു നിമിഷാർദ്ധം കൊണ്ട് വ്യത്യസ്ത വൈകാരിക മണ്ഡലങ്ങളിലൂടെ കൊണ്ടുപോകാനും ചലിക്കാത്ത ഈ ചിത്രങ്ങളിലെ ചലിക്കുന്ന കാഴ്ചകൾക്ക് സാധിക്കും.

ആത്മ സമർപ്പണവും നീരിക്ഷണ പാടവവും ഉൾക്കാഴ്ചയും സഹനവുമാണ് ഒരു നല്ല ഫോട്ടോഗ്രാഫറെ സൃഷ്ടിക്കുന്നത്. ഫോട്ടോഗ്രഫിയോടുള്ള
പ്രണയവും അഭിനിവേശവും അതിനു വേണ്ടി അസാധ്യമായി പരിശ്രമിക്കുകയും ചെയ്യുന്ന ഒരുവന് ലോകത്തിന്റെ കണ്ണായി മാറാൻ കഴിയും അവൻ അവന്റെ ക്യാമറയിലൂടെ പകർത്തുന്ന ചിത്രങ്ങൾക്ക് ജീവന്റെ സ്പന്ദനം തുടിക്കും. നല്ല ഫ്രെയിമുകൾക്കായി അവൻ കാത്തിരിക്കേണ്ടിവരും. അതൊരു നിമിഷമായിരിക്കാം ഒരു നീണ്ട കാലമായിരിക്കാം. മഹേഷിന്റെ പ്രതികാരത്തിൽ ചാച്ചൻ മഹേഷിനോട് പറയുന്ന പോലെ “കണ്ണിനു മുൻപ് സംഭവിക്കുന്നതിനു തൊട്ട് മുമ്പുള്ള നിമിഷം അത് നമ്മള് തിരിച്ചറിയണം, ക്ലിക്ക് ചെയ്യാൻ റെഡി ആക്കിയിരിക്കണം, അത്രയേയുള്ളൂ കാര്യം”.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close