Breaking NewsINSIGHTNEWSTop News

രോഗം പോലെ ഭയാനകമായ രോഗലക്ഷണങ്ങളും; വെള്ളമിറക്കാൻ പോലും കഴിയാതെ ഭ്രാന്തമായ അവസ്ഥക്കൊടുവിൽ മരണവും; ഏറ്റവും മാരകമായ ജന്തുജന്യ രോഗങ്ങളിലൊന്നിനെ തളയ്ക്കാൻ വാക്സിനും; ലോക റാബിസ് ദിനത്തിൽ അറിയേണ്ടതെല്ലാം..

സെപ്റ്റംബർ 28, മഹാനായ ശാസ്ത്രജ്ഞൻ ലൂയിസ് പാസ്റ്ററുടെ ചരമദിനമാണ്. അദ്ദേഹത്തിന്റെ നിരവധി കണ്ടുപിടിത്തങ്ങളിൽ നാം ഏറെ കടപ്പെട്ടിരിക്കുന്നത് പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ കണ്ടെത്തിയതാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് എല്ലാവർഷവും സെപ്റ്റംബർ 28, ലോക റാബിസ് ദിനമായി ആചരിക്കുന്നത്.

മരണം നിശ്ചയമായ ഏറ്റവും മാരകമായ ജന്തുജന്യ രോഗങ്ങളിലൊന്നാണ് പേവിഷബാധ. ഇതിനുകാരണം ബുള്ളറ്റ് ആകൃതിയിലുള്ള ഒരുതരം വൈറസാണ്. മനുഷ്യരിൽ ഹൈഡ്രോഫോബിയ ഉണ്ടാക്കുന്ന ഈ രോഗം ശരിയായ നിലയിൽ ജലത്തിനോട് ഭയം ഉണ്ടാക്കുകയല്ല മറിച്ച് അന്നനാളത്തിലും കവിളിലെ മാംസ പേശികളിലും ഉണ്ടാകുന്ന പരാലിസിസിന്റെ ഭാഗമായി വെള്ളമിറക്കാൻ കഴിയാതെ രോഗിയിൽ ഉണ്ടാക്കുന്ന ഭ്രാന്തമായ ചലനങ്ങളാണ്. രോഗം പോലെ രോഗലക്ഷണങ്ങളും ഭയാനകമാണ് .

കടിയേറ്റ ഭാഗത്തുനിന്നും ഈ വൈറസ് പെറ്റുപെരുകി നാഡീ ഞരമ്പുകളെ ബാധിച്ച് തലച്ചോറിൽ എത്തുന്നു. അവിടെനിന്നും ഉമിനീരിലും പാൽ, മൂത്രം, രക്തം,ശുക്ലം തുടങ്ങിയ ശരീര സ്രവങ്ങളിലുമെത്തിച്ചേരും. സൂര്യപ്രകാശവും താപവും വൈറസുകളെ നശിപ്പിക്കുമെന്നതിനാൽ ശരീരത്തിനു പുറത്ത് അധികനേരം നിലനിൽക്കാൻ ഈ വൈറസിന് കഴിയില്ല. അതിനാൽ അസുഖം ബാധിച്ച മൃഗം മരിക്കുന്നതിനുമുമ്പ് പുതിയൊരു രോഗാണുവാഹകനെ കണ്ടെത്തുന്നത് പ്രകൃതിയുടെ വികൃതികളിൽ ഒന്നാണ്. രോഗം ബാധിച്ച് അവശനായ മൃഗം അക്രമ വാസനയോടെ പുതിയ ഇരയെ തേടുന്നത് എന്തിനാണെന്ന് ഇതിൽനിന്നും വ്യക്തമാണല്ലോ.

എല്ലാ ഉഷ്ണരക്ത ജീവികളെയും ഈ രോഗം ബാധിക്കാം. രോഗാണുക്കൾ ശരീരത്തിൽ കടന്നതിനു ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള കാലത്തെ ഇൻകുബേഷൻ പീരീഡ് എന്നാണ് പറയുക. തൊലിയിൽ പോറലുള്ള സ്ഥലത്ത് പേനായ്ക്കൾ നക്കിയാലും രോഗം ബാധിക്കാനിടയുണ്ട്. മുറിവിനും മസ്തിഷ്‌കത്തിനും ഇടയിലുള്ള ഉള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇൻകുബേഷൻ കാലം കുറഞ്ഞിരിക്കും. ഇത് ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കാം.

നായ്ക്കളിൽ രോഗലക്ഷണങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ക്രൂര രൂപവും(Furious form), മൂകരൂപവും (Dumb form). രോഗം ബാധിച്ച നായ്ക്കൾ ഇരുണ്ട മൂലകളിൽ ഒളിച്ചു നിൽക്കുകയും ശബ്ദം വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യുന്നു. സാങ്കൽപ്പിക വസ്തുക്കളെ കടിക്കുകയും മരം ,കല്ല് കാഷ്ഠം എന്നിവ തിന്നുകയും ചെയ്യും. തുടർന്ന് ഇവ അലഞ്ഞുനടക്കുകയും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നു.

പേവിഷബാധയേറ്റ നായ്ക്കൾ കുരയ്ക്കാതെ കടിക്കുന്നു. ഇവയിൽ ഉമിനീരൊലിപ്പിക്കൽ ധാരാളമായി കാണാം. കഴുത്തിലെയും താടിയിലെയും മാംസപേശികൾക്ക് തളർച്ച ബാധിക്കുന്നതിനാൽ വെള്ളവും ഭക്ഷണസാധനങ്ങളും ഇറക്കാൻ വിഷമം നേരിടും. കുരയ്ക്കുന്ന ശബ്ദത്തിനും വ്യത്യാസമുണ്ടാകും, കണ്ണുകൾ ചുവന്നിരിക്കും. ക്രമേണ തളർച്ച ബാധിച്ച് മൃഗങ്ങൾ ചത്തു പോകുന്നു. മൂകരൂപത്തിൽ തളർച്ചയും ഉറക്കവുമാണ് പ്രധാന ലക്ഷണങ്ങൾ.

പൂച്ചകളിൽ രണ്ട് തരം ഭാവങ്ങളും കാണപ്പെടും. ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞ ശേഷം അക്രമാസക്തമായാണ് ഇവ പുറത്തിറങ്ങുക. ഈ അക്രമ കാലം കഴിഞ്ഞാൽ തളർന്ന് ചത്തു വീഴുന്നു. കന്നുകാലികളിൽ പേ വിഷബാധ ക്രൂദ്ധരൂപത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. മൃഗം ആക്രമണകാരിയാകുകയും കുത്തുകയും മാന്തുകയും ചെയ്യും.

കണ്ണുകൾ തുറിച്ചു നോക്കുന്നതുപോലെയും ശരീരം പെട്ടെന്ന് ക്ഷീണിച്ചതായി കാണപ്പെടും. ഇടവിട്ട് മൂത്രം ഒഴിക്കുന്നത് പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കെട്ടിയ കയർ കടിക്കുകയും പല്ലുകൾ കൂട്ടി ഉരുമുന്നതും കാണാം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പിന്നെ ചികിത്സയില്ല. അനിവാര്യമായ മരണം അതി ഭയാനകമായ രൂപത്തിൽ മുന്നിൽ കാണേണ്ടിവരുക മാത്രമാണ് പോംവഴി.

പ്രതിരോധം മാർഗങ്ങൾ

രോഗം വന്നാൽ ചികിത്സയില്ലെങ്കിലും രോഗം വരാതിരിക്കാൻ ഫലപ്രദമായ പ്രതിരോധ മാർഗങ്ങളുണ്ട്. എല്ലാ കൊല്ലവും നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കും കുത്തിവയ്‌പ്പെടുക്കണം. പ്രതിരോധ കുത്തിവയ്‌പെടുത്ത നായയെ രോഗബാധയുള്ള നായയോ ഇതര ജന്തുക്കളോ കടിച്ചാൽ ചികിത്സാ കുത്തിവെപ്പ് നിർബന്ധമായും എടുക്കണം.

ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമാസകലം ഏകദേശം മൂന്നുകോടി മനുഷ്യർക്ക് പേവിഷബാധയുള്ള നായ്ക്കളുടെ കടിയേൽക്കാനുള്ള സാധ്യതകളുണ്ട്. 59,000 പേരാണ് പ്രതിവർഷം പേവിഷബാധയിലൂടെ മരണപ്പെടുന്നത്. ആഫ്രിക്ക, ഏഷ്യ അടക്കമുള്ള ഭൂഖണ്ഡങ്ങളിൽ പേവിഷബാധയേറ്റുള്ള മരണ സംഖ്യ ഇതര മേഖലകളെ അപേക്ഷിച്ച് ഏറെക്കൂടുതലാണ്. റിപ്പോർട്ടുചെയ്യപ്പെട്ട കേസുകളിൽ 15 വയസിനു താഴെയുള്ള കുട്ടികളെയാണ് പേവിഷബാധ കൂടുതലായി ബാധിച്ചിട്ടുള്ളത്. 99 ശതമാനം രോഗികൾക്കും പേവിഷബാധയേറ്റത് നായ്ക്കളിൽ നിന്നാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഏഷ്യൻ രാജ്യങ്ങളിലെ പേവിഷബാധാ മരണനിരക്കിൽ 59.9 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഇത് ആഗോള ശരാശരിയുടെ 35 ശതമാനമാണ്. 2030 ഓടെ നായ്ക്കളിലൂടെ പകരുന്ന പേവിഷബാധ പരിപൂർണ്ണമായും ഇല്ലാതാകുന്നതിനുള്ള ശ്രമങ്ങളാണ് ആഗോള സമൂഹം സംഘടിപ്പിച്ചുവരുന്നത്.

ഭയമല്ല വേണ്ടത്, കരുതൽ

ഇന്ത്യയെക്കാളേറെ വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ വിദേശത്തരാജ്യങ്ങളാണ് മുന്നിൽ. വികസിത രാജ്യങ്ങളിലെല്ലാം പേവിഷബാധ ഫലപ്രദമായ മാർഗങ്ങളിലൂടെ ഉന്മൂലനം ചെയ്യാനായിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് കരുതലിന്റെ പ്രാധാന്യം സംബന്ധിച്ചാണ്. കൃത്യവും സമയബന്ധിതവുമായ വാക്‌സിനേഷനുകളിലൂടെ ഓമന മൃഗങ്ങളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം.

മൃഗസംരക്ഷണ വകുപ്പും ഇന്ത്യൻ വെറ്റിനറി അസോസിയേഷനും സംയുക്തമായി നടത്തുന്ന പ്രതിരോധകുത്തിവെപ്പ് കാമ്പയിനുമായി സഹകരിച്ച് 2030ൽ സീറോ (zero) റാബീസ് എന്ന ലക്ഷ്യം കൈവരിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close