INDIANEWSTop News

ആരും രാജി ആവശ്യപെട്ടിട്ടില്ലെന്ന് വ്യക്തമാക്കി യെദിയൂരപ്പ; കർണാടക ബിജെപിയിൽ ഭിന്നിപ്പില്ലെന്നറിയിച്ച് മുന്നണിയും; വൈറലാവുന്ന ശബ്ദരേഖയിലെ സന്ദേശം വ്യാജമെന്നും ബിജെപി; അഴിമതി ആരോപണങ്ങളെ മറികടന്ന മുഖ്യൻ പാർട്ടി ഭിന്നിപ്പിനെയും അതിജീവിക്കുമോ?

ബെംഗളൂരു: ഒരു മാസത്തിനകം നേതൃമാറ്റം ഉണ്ടാവുമെന്ന തരത്തിലുള്ള ശബ്ദരേഖകൾ വൈറലാവുമ്പോൾ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി. ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ചും മറ്റുമാണ് ചർച്ച ചെയ്തതെന്നുമാണ് പാർട്ടി വ്യക്തമാക്കുന്നത്.

യെദിയൂരപ്പ ഡൽഹിയിൽ എത്തിയത് രാജിക്കാര്യം ചർച്ച ചെയ്യാനാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണി ഉണ്ടാവുമെന്നും നേതൃമാറ്റം ഉണ്ടാവുമെന്നും പറയുന്ന കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ ഓഡിയോ ക്ലിപ്പ് സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ‘തീര്‍ച്ചയായും നേതൃതലത്തില്‍ മാറ്റമുണ്ടാകും, തികച്ചും പുതിയൊരു ടീം വരും’ 47 സെക്കന്‍ഡ് നീളുന്ന കട്ടീലിന്റേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പില്‍ വ്യക്തമാവുന്നത്.

ദേശീയ നേത‍ൃത്വം ആവശ്യപ്പെട്ടാൽ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും എന്നാൽ മക്കൾക്ക് ഉചിതമായ സ്ഥാനം നൽകണമെന്നും പ്രസ്താവിച്ച് യെദിയൂരപ്പ തന്നെ രംഗത്ത് വന്നിരുന്നു. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമായി ഉയർത്തിക്കാട്ടിയത്. യെദിയൂരപ്പയ്ക്ക് ഗവർണർസ്ഥാനം വാഗ്ദാനം ചെയ്തതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ ഫലപ്രദമായി ചെറുക്കുന്നതിലുള്ള ‘അസൂയ’യാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് പിന്നിലെന്നാണ് ബിജെപി വക്താക്കൾ ആരോപിക്കുന്നത്.

അതേ സമയം തന്റെ രാജിയുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് യെദ്യൂരപ്പ നഡ്ഡയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യമല്ല. സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല’ യെദ്യൂരപ്പ വ്യക്തമാക്കി.

വിജയപുര എം.എൽ.എ ബസന ഗൗഡ പാട്ടീൽ യത്​നാൽ, ടൂറിസം മന്ത്രി സി.പി യോഗേശ്വർ, എം.എൽ.സി എ.എച്ച്​ വിശ്വനാഥ്​ എന്നിവർ യെദിയൂരപ്പക്കെതിരെ പരസ്യമായി രംഗത്ത്​ വന്നിരുന്നു. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ഭരണത്തിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം വിമതർക്ക്കൂടുതൽ സ്ഥാനങ്ങൾ നല്കുന്നുവെന്നതും യെദിയൂരപ്പക്കെതിരെയുള്ള പ്രധാനമായി വിമർശനങ്ങൾ ഉയർന്നിരുന്നു.

അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സമാനമായ രീതിയിലാണ് കർണാടകത്തിൽ ബിജെപി നേതൃത്വത്തിന്റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച്ചക്കും ഏറെ അഭ്യൂഹങ്ങൾക്കും ശേഷമാണ് ഈ സംസ്ഥാനങ്ങളിലും നേതൃമാറ്റം ഉണ്ടായത്. സമാനസ്ഥിതി കർണാടകത്തിലും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close