INSIGHTNEWS

പ്രദേശവാസികൾക്കിത് ഭൂതങ്ങളുടെ തടവറ; ‘നരകത്തിന്റെ കിണർ’ എന്നറിയപ്പെടുന്ന യെമനിലെ ‘ബാർഹൗട്ട് കിണർ’; അവസാനം സത്യം കണ്ടെത്തി

നിഗൂഢതയും ഭൂതകഥകളാലും അറിയപ്പെടുന്ന യെമന്റെ കിഴക്ക് ഭാഗത്തുള്ള ബാർഹൗട്ട് കിണർ. ഒമാന്റെ അതിർത്തിയോട് ചേർന്ന്, അൽ മഹ്റ പ്രവിശ്യയിലെ മരുഭൂമിയിൽ ഒരു ഭീമൻ ദ്വാരം കാണാം. 30 മീറ്റർ വീതിയുള്ളതും 100 മുതൽ 250 മീറ്റർ വരെ ആഴമുള്ളതുമായ ഒരു കിണർ. ഭൂതങ്ങളുടെ തടവറയായാണ് ഇതെന്ന് വിശ്വസിക്കുന്നവരാണ് അവിടുള്ളവരിൽ ഏറെയും. വിശാലമായ ദ്വാരം സന്ദർശിക്കുന്നതിനെക്കുറിച്ചോ അതിനെക്കുറിച്ച് സംസാരിക്കാനോ പ്രദേശവാസികൾ തയ്യാറല്ല. അവർ കിണറെന്ന് കേൾക്കുമ്പോഴേ അസ്വസ്ഥമാകും. എന്നാൽ യെമനിൽ ഒമാനുമായുള്ള അതിർത്തിക്കടുത്തുള്ള മരുഭൂമിയിലെ ഈ ഭൂഗർഭ ഗുഹയിലേക്ക് 30 മീറ്റർ ദ്വാരത്തിലൂടെ ഇറങ്ങിയിരിക്കുകയാണ് മുഹമ്മദ് അൽ കിണ്ടി എന്ന വ്യക്തി.

അൽ മഹ്‌റ മേഖലയിലെ കിണർ അല്ലെങ്കിൽ നരകത്തിന്റെ കിണർ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഗുഹയ്ക്കടിയിൽ കൃത്യമായി എന്താണുള്ളതെന്ന് മുഹമ്മദും സംഘവും കണ്ടെത്തി. വിശ്വാസത്യാഗികളും വിശ്വാസികളല്ലാത്തവരും മരണശേഷം പീഡിപ്പിക്കപ്പെടുന്നത് അവിടെയാണെന്ന് ചിലർ പറയുന്നു. മറ്റുള്ളവർ അവിടെ ഇറങ്ങിയാൽ അവരുടെ തല ഛേദിക്കപ്പെടുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ അതെല്ലാം നാടോടിക്കഥകളാണെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് തെളിയിച്ചിരിക്കുകയാണ് മുഹമ്മദ് അൽ കിണ്ടി. തനിക്കോ തന്റെ ഏഴ് ടീമംഗങ്ങൾക്കോ ​​ഒരു ശാപത്തിന്റെ ഫലവും അനുഭവപ്പെട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

മക്കയിലെ സംസം ജലം ഭൂമിയിലെ ഏറ്റവും പവിത്രവും ശുദ്ധവുമാണെന്നും നരക കിണറ്റിൽ നിന്നുള്ള വെള്ളം ഏറ്റവും മോശമാണെന്നും അവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു. എന്നാൽ തങ്ങൾ അവിടെ കണ്ടത് വളരെ ശുദ്ധമായ തെളിനീരാണെന്നും, ആവോളം ജലം ഞങ്ങൾ കുടിച്ചുവെന്നും തനിക്കും സംഘത്തിനും യാതൊരു കുഴപ്പവും സംഭവിച്ചില്ല എന്നും മുഹമ്മദ് പറയുകയാണ്. ഞാൻ ഒരു പർവതപ്രദേശത്താണ് താമസിക്കുന്നത്. കുട്ടിക്കാലം മുതൽ ഞാൻ ഗുഹകൾ സന്ദർശിക്കാറുണ്ട്. എന്നാൽ പൗരാണിക ഗർത്തത്തിന്റെ ഉദരത്തിലേക്കുള്ള അന്വേഷണം തന്റെ മറ്റേതൊരു സാഹസികതയിൽ നിന്നും വ്യത്യസ്തമായിരുന്നു. ഞാനാണ് അവസാനമായി അവിടെ കയറിയതും അവസാനമായി പോയതും. ഏകദേശം ആറ് മണിക്കൂർ അവിടെ ചെലവഴിച്ചു, മുഹമ്മദ് പറഞ്ഞു.

സർവേയിംഗ് ഉപകരണങ്ങളും ഗ്യാസ് ഡിറ്റക്ടറുകളും ഉൾപ്പെടെ എല്ലാം കരുതി ഭൂഗർഭ ഗുഹയിൽ ഇറങ്ങിയ മുഹമ്മദും സംഘവും ഗുഹയ്ക്കുളിൽ ഓക്സിജനും വിഷമില്ലാത്ത വായുവും കൊണ്ട് സിങ്ക്ഹോൾ ഉള്ളതായി കണ്ടെത്തി. ധാരാളം പാമ്പുകൾ ഉള്ളതായും പറയുന്നു അദ്ദേഹം. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ മറ്റൊന്ന് ഗുഹയിലെ വെള്ളത്തിൽ കിടക്കുന്ന പല വർണ്ണത്തിൽ ഉള്ള മുത്തുകളാണ്. ഗുഹ മുത്തുകൾ കാൽസ്യം കാർബണേറ്റ് നിക്ഷേപങ്ങളാണ്. അത് വീഴുന്ന വെള്ളത്തിനടിയിൽ അണുകേന്ദ്രങ്ങൾക്ക് ചുറ്റും രൂപം കൊള്ളുന്നു. ആയിരക്കണക്കിന് വർഷങ്ങളായി മനോഹരമായ മുത്തുകൾ രൂപപ്പെടുന്നതുവരെ ഈ വളയങ്ങൾ വെള്ളത്തിന്റെ ചലനത്താൽ മിനുസപ്പെടുത്തുന്നു.

ചിലർ ഇതിന് മുമ്പ് ഇവിടെ പ്രവേശിച്ചതായി കഥകൾ കേട്ടിരുന്നുവെന്നും എന്നാൽ നിരീക്ഷണത്തിൽ ആരും മുമ്പ് വന്നുപോയ പാടുകളോ അടയാളങ്ങളോ കാണാൻ സാധിച്ചില്ല എന്ന് മുഹമ്മദ് പറയുന്നുണ്ട്. ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന കുറെയധികം വിശ്വാസങ്ങൾ വെറും നാടോടി കഥകൾ മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടാൻ തന്റെ യാത്ര കൊണ്ട് കഴിയുമെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് മുഅഹമ്മദ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close