celebrityKERALANEWSTrending

ഗാനഗന്ധർവന്റെ നാദത്തിനു അറുപത്താണ്ട്; അതുല്യ പ്രതിഭയുടെ സംഗീത ‘തരംഗിണി’യ്ക്കും ഇന്ന് അറുപതാം പിറന്നാൾ

ഗാനഗന്ധർവൻ എന്ന പേരിനു ഏതു രീതിയിൽ നോക്കിയാലും ചേർന്നു നിൽക്കുന്ന നാമം യേശുദാസിന്റേതായിരിക്കും. ആ ഗാനഗന്ധർവന്റെ സ്വരം കേൾക്കാത്ത ദിവസങ്ങൾ അപൂര്‍വമായിരിക്കും മലയാളിയുടെ ജീവിതത്തില്‍. കാലമെത്ര മാറിയാലും ആ അതുല്യ പ്രതിഭയുടെ ശബ്ദം സം​ഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുന്നു.

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’
മലയാളസിനിമയ്ക്ക് എല്ലാ അർഥത്തിലും ഒരു സമ്പൂർണ ഗായകനെ സംഭാവന ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യമാണ് അന്നവിടെ ആ റെക്കോഡിങ്ങിൽ പങ്കെടുത്തവരുടെയെല്ലാം മുഖത്തു പ്രകടമായിരുന്നത്. മലയാളം സംഗീതലോകത്തിനു സമ്മാനിച്ച ആ അഭൗമ നാദത്തിന് അറുപതാണ്ടു തികയുകയാണിന്ന്. യേശുദാസ് എന്ന നാലക്ഷരനാമധേയത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾ ആ നാദത്തിനുടമയെ അന്നുമുതൽ ആരാധിക്കുന്നു, ഒരു സംഗീതവിഗ്രഹം കണക്കേ.

‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’, ‘പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ’, അഗ്നിപർവതം പുകഞ്ഞു’, ‘ഈശ്വരൻ ഹിന്ദുവല്ല’, ‘അദ്വൈതം ജനിച്ച നാട്ടിൽ’, ‘ചലനം ചലനം ചലനം’, ‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി’ (ശ്രീകുമാരൻ തമ്പി, എം. എസ്. വിശ്വനാഥൻ) തുടങ്ങിയ എത്രയോ ഗാനങ്ങൾ മലയാള മനസുകളിൽ ഇന്നും പുതുമയോടെ നിലനിൽക്കുന്നു.

അദ്ദേഹത്തിന്റെ സിനിമാ സം​ഗീത ജീവിതം അറുപത് വർഷത്തിലെത്തുമ്പോൾ യേശുദാസിനൊപ്പം ചേർത്ത് വായിക്കേണ്ട ഒരു പേരാണ് തരംഗിണി.

യേശുദാസിന്റെ സംരംഭങ്ങളിൽ ഏറ്റവും പ്രശസ്‌തമായത് തരംഗിണി സ്‌റ്റുഡിയോ ആയിരുന്നു. 1980ൽ തിരുവനന്തപുരത്ത് തുടങ്ങിയ ഈ സ്‌റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌റ്റീരിയോ ഫോണിക് സ്‌റ്റുഡിയോ. മലയാളത്തിൽ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. കാസറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. നിരവധി ആൽബങ്ങൾ തരംഗിണിയുടെ പേരിൽ പുറത്തിറങ്ങി. അവയിൽ പലതും ഹിറ്റ് ചാർട്ടുകളിൽ ഇടംനേടി.

തരം​ഗിണി തുടങ്ങുമ്പോൾ ദക്ഷിണേന്ത്യയിൽ അന്നു ലഭ്യമായ ഏറ്റവും അധുനിക റിക്കോർഡിങ് സംവിധാനങ്ങളാണ് യേശുദാസ് എത്തിച്ചത്. ഗവർണർ ജ്യോതി വെങ്കിടാചലമായിരുന്നു ഉദ്ഘാടകൻ. ഭദ്രദീപം കൊളുത്തിയതും ആദ്യ റിക്കോർഡിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചതും യേശുദാസിന്റെ അമ്മ എലിസബത്താണ്. പിന്നീടിങ്ങോട്ട് തരം​ഗിണിയുടെ കാലമായിരുന്നു. മലയാള ചലച്ചിത്ര ഗാന ചരിത്രത്തിനൊപ്പം രേഖപ്പെടുത്തേണ്ട പേരായി തംരംഗിണി മാറി. സിനിമാ, ലളിത, ഭക്തി ഗാനശാഖകളിൽ അരലക്ഷത്തോളം ഗാനങ്ങൾ തരംഗിണി പുറത്തിറക്കി. അതിൽ ബഹുഭൂരിപക്ഷവും പാടിയതാകട്ടെ യേശുദാസും.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി, മറാത്തി, മലായ്, റഷ്യൻ, അറബി, ലാറ്റിൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും തരംഗിണി കാസറ്റുകൾ ഇറക്കി. നടൻ സത്യന്റെ മകൻ സതീഷ് സത്യനായിരുന്നു വർഷങ്ങളോളം തരംഗിണിയുടെ കാര്യദർശി. ഓരോ സീസണുകളിലും തരംഗിണി കാസറ്റുകൾ പുറത്തിറക്കി. ഇതു കച്ചവടം ലക്ഷ്യമാക്കിയാണെന്ന് അന്ന് വിമർശനം ഉയർന്നുവെങ്കിലും മലയാളത്തിലെ നിത്യഹരിതമായ ഒട്ടേറെ ഗാനങ്ങൾ പിറന്നത് ഈ ആൽബങ്ങളിലൂടെയാണ്. തൊഴിൽ സമരത്തെ തുടർന്ന് 1992ലാണ് തരംഗിണിയുടെ കാസറ്റ് നിർമാണ യൂണിറ്റ് ചെന്നൈയിലേക്ക് മാറ്റുന്നത്. 2005വരെ തിരുവനന്തപുരത്തെ തരംഗിണിയിൽ റിക്കോർഡിം​ഗ് നടന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close