
ചെന്നൈ: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആസ്വദിക്കുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ. സ്വന്തം ഭാര്യയുടേത് മാത്രമല്ല മറ്റ് സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും അടക്കം തെരുവിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും വരെ ഇയാൾ രഹസ്യമായി പകർത്തിയെടുക്കുന്നതായി പരാതിയിൽ പറയുന്നു. ചെന്നൈ ന്യൂ വാഷർമെൻപേട്ടിലാണ് സംഭവം. യുവതിയുടെ പരാതിയിൽ തിരുവൊട്ടിയൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
30 വയസുള്ള ശേഖറിനെതിരെയാണ് പരാതി. മുന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഭർത്താവിന്റെ ഫോൺ പരിശോധിച്ചപ്പോളാണ് ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തിയത്. തന്റെ സഹോദരി കുളിക്കുന്നതും വസ്ത്രം മാറുന്നതും അടക്കമുള്ള സ്വകാര്യ ദൃശ്യങ്ങൾ അടക്കം ഇയാൾ പകർത്തിയെന്നും ഭാര്യ പരാതിയിൽ പറയുന്നു.
ഇത്തരത്തിൽ താൻ അറിയുക പോലും ചെയ്യാത്ത ഒട്ടേറെ സ്ത്രീകളുടെ ദൃശ്യങ്ങളാണ് അവർ അറിയാതെ തന്നെ ഇയാൾ പകർത്തിയിരിക്കുന്നത്. ഇതോടെയാണ് മൊബൈൽ ഫോൺ സഹിതം പൊലീസിന് കൈമാറി പരാതി നൽകിയത്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.